108 എംപി ക്യാമറയുമായി ഷവോമി എംഐ 10എസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും
എംഐ 10 സീരിസിൽ പുതിയൊരു ഡിവൈസ് കൂടി പുറത്തിറക്കിയിരിക്കുകയാണ് ഷവോമി. 5ജി സപ്പോർട്ടുള്ള എംഐ 10എസ് എന്ന ഡിവൈസാണ് ചൈനയിൽ അവതരിപ്പിച്ചത്. എംഐ 10, എംഐ 10ടി, എംഐ 10ടി പ്രോ, എംഐ 10ഐ എന്നീ സ്മാർട്ട്ഫോണുകളുള്ള സീരിസിലെ പുതിയ ഡിവൈസ് പ്രവർത്തിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയാണ്. അടുത്തിടെ പുറത്തിറങ്ങിയ റെഡ്മി കെ40ലും ഷവോമി ഈ പ്രോസസർ തന്നെയാണ് അവതരിപ്പിച്ചത്. പഞ്ച്-ഹോൾ ഡിസ്പ്ലേ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയാണ് എംഐ 10എസിന്റെ സവിശേഷതകൾ.

മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റിലും എംഐ 10എസ് ലഭ്യമാകും. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. മറ്റ് ചില എംഐ 10 സീരീസ് സ്മാർട്ട്‌ഫോണുകളിൽ ഉള്ളതിന് സമാനമായി 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഈ പുതിയ ഡിവൈസിൽ ഷവോമി നൽകിയിട്ടുണ്ട്. എംഐ 10എസ് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഷവോമി വ്യക്തത വരുത്തിയിട്ടില്ല. ഇക്കാര്യത്തിൽ വൈകാതെ തന്നെ വ്യക്തത ഉണ്ടായേക്കും.

എംഐ 10എസ്: വിലയും ലഭ്യതയും
മുകളിൽ സൂചിപ്പിച്ചത് പോലെ മൂന്ന് വേരിയന്റുകളിൽ പുറത്തിറങ്ങുന്ന എംഐ 10എസ് സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറജുമാണ് ഉള്ളത്. ഈ മോഡലിന് RMB 3,299 ആണ്(ഏകദേശം 37,000 രൂപ) വില. ഡിവൈസിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ആർഎംബി 3,499 (ഏകദേശം 39,200 രൂപ), 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് ആർഎംബി 3,799 (ഏകദേശം 42,600 രൂപ) എന്നിങ്ങനെയാണ് വില. രണ്ട് വ്യത്യസ്ത പാക്കേജുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ബോക്സിനുള്ളിൽ ചാർജറുമായി പാക്കേജ് പതിപ്പ് വരുമ്പോൾ സ്റ്റാൻഡേർഡ് പതിപ്പ് ചാർജറില്ലാതെയാണ് വരുന്നത്. നീല, കറുപ്പ്, വെള്ള എന്നീ നിറങ്ങളിൽ ഡിവൈസ് ലഭ്യമാകും.

എംഐ 10എസ് 5ജി: സവിശേഷതകൾ
6.67 ഇഞ്ച് ഫുൾ എച്ച്ഡി + കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. 2,340 x 1,080 പിക്‌സൽ റെസല്യൂഷൻ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 19.5: 9 അസ്പാക്ട് റേഷിയോ, എച്ച്ഡിആർ 10+ സപ്പോർട്ട്, 1120 നിറ്റ്സ് ബ്രൈറ്റ്നസ് എന്നീ സവിശേഷതകളുണ്ട്. സെൽഫി ക്യാമറ സ്ഥാപിക്കുന്നതിനായി പഞ്ച്-ഹോൾ കട്ട് ഔട്ടും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഷവോമി നൽകിയിട്ടുണ്ട്.

അഡ്രിനോ 650 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയാണ് എംഐ 10എസ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 12 ജിബി വരെ എൽപിഡിഡിആർ 5 റാം, 256 ജിബി വരെ യുഎഫ്എസ് 3.0 സ്റ്റോറേജ് എന്നിവയും ഡിവൈസിൽ ഉണ്ട്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12 കസ്റ്റം സ്‌കിന്നും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ബ്ലൂടൂത്ത് 5.1, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.

എംഐ 10എസ് സ്മാർട്ട്ഫോണിന് പിന്നിൽ ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇതിൽ 108 എംപി (എഫ് / 1.69 അപ്പർച്ചർ) പ്രൈമറി സെൻസർ, ഒഐഎസ്, 13 എംപി (എഫ് / 2.4) അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി (എഫ് / 2.4) ഡെപ്ത് സെൻസറും 2 എംപി (എഫ് / 2.4) മാക്രോ ലെൻസും ഉണ്ട്. മുൻവശത്ത് 20 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. 33W വയർഡ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് ചാർജിംഗ് സപ്പോർട്ട് എന്നിവയുള്ള 4,780 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്.


Click it and Unblock the Notifications








