108 എംപി ക്യാമറയുമായി ഷവോമി എംഐ 10ഐ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എംഐ 10ഐ സ്മാർട്ട്ഫോൺ വിപണിയിലെത്തി. 108 എംപി പ്രൈമറി ക്യാമറ, സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റ് എന്നിവയടക്കമുള്ള ആകർഷകമായ സവിശേഷതകളുമായാണ് ഡിവൈസ് വിപണിയിലെത്തിയിരിക്കുന്നത്. താരതമ്യേന വില കുറഞ്ഞ 5ജി എനേബിൾഡ് ഹാൻഡ്‌സെറ്റാണ് ഇത്. മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

ഷവോമി എംഐ 10ഐ 5ജി; വിലയും ലഭ്യതയും
ഷവോമി എംഐ 10ഐ 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 20,999 രൂപയാണ് വില. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 21,999 രൂപ വിലയുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലിന് 23,999 രൂപ വിലയുണ്ട്. പസഫിക് സൺറൈസ്, മിഡ്‌നൈറ്റ് ബ്ലാക്ക്, അറ്റ്ലാന്റിക് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ജനുവരി 7ന് ഉച്ചയ്ക്ക് 12 മണി മുതൽ സ്മാർട്ട്ഫോൺ ആമസോൺ, എംഐ.കോം എന്നിവ വഴി ഫ്ലാഷ് സെയിൽ നടത്തും. ഓപ്പൺ സെയിൽ ജനുവരി 8ന് നടക്കും.

ഷവോമി എംഐ 10ഐ 5ജി; സവിശേഷതകൾ
120 ഹെർട്സ് വരെ അഡാപ്റ്റീവ് സിങ്ക് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1080 x 2400 പിക്‌സൽ) വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയാണ് എംഐ 10ഐ സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിവൈസിന്റെ മുന്നിലും പിന്നിലും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ നൽകിയിട്ടുണ്ട്. ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ, റീഡിംഗ് ആന്റ് സൺലൈറ്റ് മോഡ് 3.0 എന്നിവയ്ക്കുള്ള ടിവി റൈൻലാൻഡ് സർട്ടിഫിക്കേഷനും വൈഡ്‌വിൻ എൽ1 സപ്പോർട്ടും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്.

അഡ്രിനോ 619 ജിപിയുവിനും 8 ജിബി റാമിനുമൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി എസ്ഒസിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിവൈസിൽ എഫ് / 1.75 അപ്പേർച്ചറുള്ള 108 എംപി സാംസങ് എച്ച്എം 2 സെൻസർ അടങ്ങുന്ന ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. 120 ഡിഗ്രി വ്യൂ ഉള്ള 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ഡിവൈസിലുള്ള മറ്റ് ക്യാമറകൾ.

നൈറ്റ് മോഡ് 2.0, പ്രോ മോഡ്, പനോരമ, റോ മോഡ്, 4 കെ വീഡിയോ റെക്കോർഡിംഗ് എന്നിവയാണ് എംഐ 10ഐ സ്മാർട്ട്ഫോണിലെ ക്യാമറ സെറ്റപ്പിലുള്ള പ്രധാന സവിശേഷതകൾ. ഡിവൈസിന്റെ മുൻവശത്ത് 16 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഈ സെൽഫി ക്യാമറയിൽ നൈറ്റ് മോഡ് 1.0, ഫുൾ എച്ച്ഡി വീഡിയോ റെക്കോർഡിങ് സപ്പോർട്ട് എന്നിവയും ഉണ്ട്.

4,820 mAh ബാറ്ററിയുമായിട്ടാണ് എംഐ 10ഐ പുറത്തിറക്കിയിരിക്കുന്നത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഇത് 30 മിനിറ്റിനുള്ളിൽ 68 ശതമാനം വരെ ചാർജ് ചെയ്യാൻ സഹായിക്കുന്നു. ഷവോമി എംഐ 10ഐ 5ജി സ്മാർട്ട്ഫോണിന് IP53 സ്പ്ലാഷ് പ്രൂഫ് റേറ്റിങും ഉണ്ട്. ഡിവൈസിൽ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ് ഉള്ളത്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 5ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ എന്നിവയും ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications








