ഷവോമി എംഐ 10ഐ സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും
ഷവോമി എംഐ 10ഐ സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഈ ഡിവൈസിൽ 108 മെഗാപിക്സൽ ക്യാമറ സെറ്റപ്പ്, സ്നാപ്ഡ്രാഗൺ 750ജി പ്രോസസർ എന്നിവ ഉണ്ടായിരിക്കുമെന്ന് വെളിപ്പെടുത്തുന്ന ടീസർ കമ്പനി പുറത്തിറക്കിയിരുന്നു. 2020ൽ ചൈനീസ് വിപണിയിലെത്തിയ എംഐ 10ടി ലൈറ്റ് സ്മാർട്ട്ഫോണിന്റെ റീബ്രാൻഡ് ചെയ്ത പതിപ്പായിരിക്കും ഈ ഡിവൈസ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എംഐ 10ഐ വ്യത്യസ്തമായ ഡിവൈസ് ആയിരിക്കുമെന്നും ഇന്ത്യയ്ക്കായി വികസിപ്പിച്ച സ്മാർട്ട്ഫോണാണ് ഇതെന്നും ഷവോമി അറിയിച്ചു.

എംഐ 10ഐ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ഡിവൈസിന്റെ വില വിവരങ്ങളുടെ സൂചനകൾ ഇന്ത്യ ടുഡേ ടെക് പുറത്ത് വിട്ടു. ഈ സ്മാർട്ട്ഫോണിന്റെ വില 27,000 രൂപ മുതലായിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. എംഐ 10ഐ ഒന്നിലധികം വേരിയന്റുകളിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വില വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഡിവൈസുകളിൽ ഒന്നായിരിക്കും ഇതെന്നാണ് സൂചനകൾ.

മുകളിൽ സൂചിപ്പിച്ചതുപോലെ ലീക്ക് റിപ്പോർട്ടുകളായി എംഐ 10ഐ സ്മാർട്ട്ഫോണിന്റെ ചില സവിശേഷതകൾ പുറത്ത് വന്നിരുന്നു. ഡിവൈസിന്റെ ഒരു ലാൻഡിംഗ് പേജും പുറത്ത് വിട്ടിട്ടുണ്ട്. ഇത് അനുസരിച്ച് സ്മാർട്ട്ഫോണിൽ 108 മെഗാപിക്സൽ പ്രൈമറി ക്യാമറയായിരിക്കും ഉണ്ടായിരിക്കുക. ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഉയർന്ന റിഫ്രഷ് റേറ്റുള്ള സ്‌ക്രീനും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. സ്മാർട്ട്ഫോണിന്റെ ഡിസൈനുമായി ബന്ധപ്പെട്ട സൂചനകളും ഈ പേജ് നൽകുന്നുണ്ട്.

എഐ 10ടി ലൈറ്റ് സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ് വേരിയന്റാണ് എംഐ 10ഐ എങ്കിൽ 1080p റെസല്യൂഷനും 120Hz റിഫ്രെഷ് റേറ്റുമുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. എംഐ 10ടി സ്മാർട്ട്ഫോണിൽ കണ്ടത് പോലെ ഈ ഡിസ്പ്ലേയിലും 6 വ്യത്യസ്ത റിഫ്രെഷ് റേറ്റ് സ്റ്റെപ്സുള്ള അഡാപ്റ്റീവ് റിഫ്രെഷ് പാനലായിരിക്കും നൽകുകയെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ആവശ്യം അനുസരിച്ച് 30Hz മുതൽ 120Hz വരെ റിഫ്രഷ് റേറ്റിൽ ഈ ഡിസ്പ്ലെ പ്രവർത്തിക്കും.

6 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയുമായി പുറത്തിറങ്ങുന്ന എംഐ 10ഐ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 750 ജി എസ്ഒസി പ്രോസസറാണ്. ഈ സ്റ്റോറേജ് വേരിയന്റ് കൂടാതെ 8 ജിബി + 128 ജിബി റാമും സ്റ്റോറേജും ലഭിക്കുന്ന മറ്റൊരു വേരിയന്റും പുറത്തിറക്കും. 8ജിബി റാമിനൊപ്പം 256 ജിബി സ്റ്റോറേജുള്ള മറ്റൊരു വേരിയന്റും കമ്പനി പുറത്തിറക്കും.

108 മെഗാപിക്സൽ ഐസോസെൽ എച്ച്എം 2 സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടാണ് എംഐ10ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 ക്യാമറ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ഡിവൈസിലുള്ള മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളിങിനുമായി ഡിവൈസിൽ 16 മെഗാപിക്സൽ സെൻസറും കമ്പനി നൽകുമെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications








