ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക ട്രിപ്പിൾ റിയർ ക്യാമറകളുമായി
എംഐ 11 സീരീസിൽ പുതിയ ഡിവൈസുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഷവോമി. ഈ സീരിസിലെ സ്റ്റാൻഡേർഡ് മോഡൽ ഇതിനകം തന്നെ വിപണിയിൽ എത്തിയിട്ടുണ്ട്. എംഐ 11 പ്രോ, എംഐ 11 അൾട്ര, എംഐ 11 ലൈറ്റ് എന്നീ ഡിവൈസുകളാണ് ലോഞ്ച് ചെയ്യാൻ ബാക്കിയുള്ളത്. വരാനിരിക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളുടെയും ഫീച്ചറുകൾ ഇതിനകം തന്നെ ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ എഐ 11 ലൈറ്റ് സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങൾ ലീക്ക്സ് ഫാക്ടറി പുറത്ത് വിട്ടു.

സ്റ്റാൻഡേർഡ് മി 11 വേരിയന്റിന് സമാനമായ ഡിസൈനിൽ ആയിരിക്കും ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ലീക്ക് ചെയ്ത ചിത്രങ്ങളിൽ നിന്നും ഡിവൈസിന്റെ ചില വിവരങ്ങൾ വ്യക്തമാകുന്നുണ്ട്. എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിൽ ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേയായിരിക്കും ഉണ്ടായിരിക്കുക. ക്യാമറ കട്ട്ഔട്ട് സ്മാർട്ട്‌ഫോണിന്റെ മുകളിൽ ഇടത് കോണിലായി സ്ഥാപിക്കും. വളഞ്ഞ അരികുകളായിരിക്കില്ല ഡിവൈസിൽ ഉണ്ടാവുക. ഇതിന് പകരം പരന്ന പാനൽ നൽകും.

ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ട്‌ഫോണിന്റെ വശങ്ങളിൽ നേർത്ത ബെസലുകൾ ഉണ്ടായിരിക്കുമെന്ന് ലീക്ക് ആയ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നു. താഴത്തെ ഭാഗത്ത് അൽപ്പം കട്ടിയുണ്ടാകും. പിൻ പാനലിൽ ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുകയെന്നും ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. ക്യാമറ സെറ്റപ്പ് നൽകിയിരിക്കുന്നത് എഐ 11 സ്റ്റാൻഡേർഡ് മോഡലിന് സമാനമായിട്ടാണ്. ചതുരാകൃതിയിലുള്ള മൊഡ്യൂളാണ് ഇത്. രണ്ട് വലിയ ക്യാമറകളും ഒരു ചെറിയ സെൻസറും എൽഇഡി ഫ്ലാഷും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കും.

സുരക്ഷയ്ക്കായി ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിൽ ഇൻ-ഡിസ്പ്ലേ സ്കാനർ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ഈ സൂചന ലഭിച്ചത് ചിത്രത്തിൽ ഡിവൈസിന്റെ പിൻ പാനലിൽ ഫിംഗർപ്രിന്റ് സ്കാനർ ഇല്ല എന്നതിൽ നിന്നുമാണ്. വലത് ഭാഗത്ത് പവർ പ്ലേസ്മെന്റും വോളിയം കീകളും ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നു. അതുകൊണ്ട് തന്നെ വലത് വശത്ത് പവർ ബട്ടണൊപ്പം ഫിങ്കർപ്രിന്റ് സെൻസർ നൽകുന്ന രീതിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കില്ല.

ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ നേരത്തെ ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്നിരുന്നു. സ്നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ഇതൊരു മികച്ച മിഡ്റേഞ്ച് പ്രോസസറാണ് എന്നതിനാൽ തന്നെ കരുത്തുള്ള ഡിവൈസായിരിക്കും ഷവോമി എംഐ 11 ലൈറ്റ്.

ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിന് പിന്നിലുള്ള പ്രൈമറി ക്യാമറ 64 എംപിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനൊപ്പം 5 എംപി സെൻസറും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ഹാൻഡ്‌സെറ്റിന്റെ ടീസറുകളോ ഹാർഡ്‌വെയർ വിവരങ്ങളോ ഷവോമി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എംഐ 11 സീരീസിലെ പുതിയ ഡിവൈസുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഷവോമി അധികം വൈകാതെ തന്നെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications