റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ സെയിൽ ഇന്ന് ആമസോൺ വഴി; വിലയും സവിശേഷതകളും
റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ ഇന്ന് വിൽപ്പനയ്ക്കെത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ, എംഐ.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. ഈ ഡിവൈസിനറെ ബേസ് വേരിയന്റിന് 16,999 രൂപയാണ് വില. കരുത്തുറ്റ പ്രൊസസർ, മികച്ച ബാറ്ററി, ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ നടന്ന ഫ്ലാഷ് സെയിലുകളിൽ വളരെ വേഗം വിറ്റഴിഞ്ഞ ഡിവൈസാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്.

20,000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ഇതിനകം തന്നെ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ച ഡിവൈസാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിനൊപ്പം മാർച്ചിൽ ഇന്ത്യൻ വിപണിയിലെത്തിയ നോട്ട് 9 പ്രോ മാക്സ് ഇതിനകം തന്നെ ജനപ്രീതി നേടിയിട്ടുണ്ട്. പ്രോ വേരിയന്റിനെക്കാൾ മികച്ച സവിശേഷതകളുള്ള മാക്സ് വേരിയന്റിന് വിലയിൽ അധികം വ്യത്യാസവും ഇല്ല.

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വിലയും ലഭ്യതയും
റെഡ്മി നോട്ട് 9 പ്രോ മാക്സിന് അടുത്തിടെ വില വർധിപ്പിച്ചിരുന്നു. ഡിവൈസിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് ഇന്ത്യയിൽ ഇപ്പോൾ 16,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് ഇപ്പോൾ 18,499 രൂപയുമാണ് വില. നേരത്തെ ഇത് യഥാക്രമം 16,499 രൂപയും 17,999 രൂപയുമായിരുന്നു. 8 ജിബി റാം + 128 ജിബി മോഡലിന് വിലവർദ്ധനവ് ഇല്ല. ഈ വേരിയന്റ് ഇപ്പോഴും 19,999 രൂപയ്ക്ക് ലഭ്യമാകും. റെഡ്മി നോട്ട് 9 പ്രോയിൽ കണ്ട 4ജിബി റാം വേരിയന്റ് മാക്സ് മോഡലിൽ ഷവോമി കൊണ്ടുവന്നിട്ടില്ല.

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ സവിശേഷതകൾ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ കരുത്ത്. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റിനൊപ്പം അഡ്രിനോ 618 ജിപിയുവും 8 ജിബി വരെ റാമും ലഭ്യമാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ 256 ജിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐ 11 സ്കിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഈ ഡിവൈസിൽ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. ഡിസ്പ്ലെ 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 32 എംപി സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. പിന്നിൽ നൽകിയിട്ടുള്ളത് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ്. ഇതിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറുമാണ്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് സീരീസ് ബജറ്റ് സെഗ്മെന്റ് ഉപയോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് ഈ സ്മാർട്ട്ഫോൺ.


Click it and Unblock the Notifications








