റെഡ്മി 9 സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തിയേക്കും
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാവായ ഷവോമി അതിന്റെ സബ് ബ്രാന്റുകളായ പോക്കോ, റെഡ്മി എന്നീ സ്മാർട്ട്ഫോണുകൾക്ക് വലിയ പ്രധാന്യമാണ് കൊടുക്കുന്നത്. ഇന്ത്യൻ വിപണിയിൽ റെഡ്മി ഫോണുകൾക്ക് ഉപയോക്താക്കൾ ഏറെയാണ് എന്നതുകൊണ്ട് തന്നെ ഇന്ത്യൻ വിപണിയുടെ സ്വഭാവമനുസരിച്ച് മികച്ച സവിശേഷതകൾ എല്ലാ വില നിലവാരത്തിലും ലഭ്യമാക്കാൻ കമ്പനി ശ്രദ്ധിക്കുന്നുണ്ട്. അത്തരത്തിലൊരു സ്മാർട്ട്ഫോണാണ് പുറത്തിറങ്ങനിരിക്കുന്ന റെഡ്മി 9.

ഷവോമിയിൽ നിന്നും പോക്കോ എഫ് 2 സീരീസ്, റെഡ്മി 9 എന്നിവയടക്കമുള്ള പല സ്മാർട്ട്ഫോണുകളും അധികം വൈകാതെ രാജ്യത്തെ ഉപയോക്താക്കൾക്കായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഷവോമി ഗ്ലോബലിന്റെ ആർഎഫ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ പോക്കോ എഫ് 2 കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ റെഡ്മി 9 ഉം അതേ വെബ്സൈറ്റിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

ഔദ്യോഗിക സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ റെഡ്മി 9ന്റെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതാദ്യമായാണ് വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ പേര് കമ്പനി സ്ഥിരീകരിക്കുന്നത്. ഷവോമിയുടെ ഔദ്യോഗിക സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലാണ് ഇത് വന്നിരിക്കുന്നത് എന്നതുരൊണ്ട് തന്നെ സ്മാർട്ട്ഫോൺ ലോഞ്ച് അധികം വൈകാതെ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചൈനീസ് 3 സി, യൂറോപ്യൻ ഇഇസി സർട്ടിഫിക്കേഷൻ ലിസ്റ്റിംഗുകൾ ഉൾപ്പെടെ വിവിധ ആഗോള സർട്ടിഫിക്കേഷനുകളിൽ റെഡ്മി 9 കണ്ടെത്തിയിട്ടുണ്ട്. ഡിവൈസിൽ 10W സ്റ്റാൻഡേർഡ് ചാർജിംഗ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്ന് കമ്പനി നേരത്തെ സൂചനകൾ നൽകിയിരുന്നു. ആൻഡ്രോയിഡ് 10 ഒ.എസ് ബേസ്ഡ് കസ്റ്റം MIUI സ്‌കിൻ ഉപയോഗിച്ചാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. റെഡ്മി 9നെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

റെഡ്മി 9 ലൈവ് ഇമേജുകൾ ചോർന്നു
ഈ വർഷം ആദ്യം റെഡ്മി 9ന്റെ ചിത്രങ്ങൾ എന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങളിൽ ഫോണിന്റെ മുഴുവൻ ഡിസൈനും വ്യക്തമായിരുന്നു. ചോർന്ന ചിത്രങ്ങളിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പും അതിനൊപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. പോക്കോ എക്സ് 2ൽ ഉള്ളതിന് സമാനമായ വൃത്താകൃതിയിലുള്ള ക്യാമറ റിംഗും റെഡ്മി 9ന്റെ ചോർന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമായി കാണാം.

ലീക്ക് ഇമേജുകൾ പ്രകാരം പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. എന്നാൽ സെൽഫി ക്യാമറയ്ക്കായി മുൻവശത്ത് വാട്ടർ ഡ്രോപ്പ് നോച്ചാണോ പഞ്ച്-ഹോൾ കട്ട് ഔട്ടാണോ കമ്പനി നൽകുക എന്നകാര്യം ഇതുവരെ വ്യക്തമല്ല. ഡിവൈസിന്റെ വലതുവശത്ത് വോളിയം റോക്കറും പവർ ബട്ടണുകളും നൽകിയിട്ടുണ്ട്.

റെഡ്മി 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച്, റെഡ്മി 9 6.2 ഇഞ്ച് ഡിസ്പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 80 SoC യായിരിക്കും ഈ ഡിവൈസിന് കരുത്ത് നൽകുകയെന്നും ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള റെഡ്മി 9ൽ സ്റ്റോറേജ് സ്പൈസ് വിപുലീകരിക്കുന്നതിന് മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും കമ്പനി നൽകും.

ക്യാമറകൾ പരിശോധിച്ചാൽ റെഡ്മി 9ന് 13 എംപി പ്രൈമറി ക്യാമറ സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെക്കൻഡറി ലെൻസ്, 5 എംപി ടെർഷ്യറി ലെൻസ്, 2 എംപി ഫോർത്ത് സെൻസർ എന്നിവ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എച്ച്ഡി + റെസല്യൂഷനും മികച്ച ബാറ്ററിയും ഈ ഫോണിൽ ഉണ്ടായിരിക്കും. റെഡ്മി 9 ഉടൻ പുറത്തിറങ്ങുമെന്നതിനാൽ കൂടുതൽ സവിശേഷതകൾ വരും ദിവസങ്ങളിൽ പുറത്ത് വരും.


Click it and Unblock the Notifications








