200W ഫാസ്റ്റ് ചാർജിങുമായി ഷവോമിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വരുന്നു
സൂപ്പർ ഫാസ്റ്റ് ചാർജിങ് ടെക്നോളജിക്ക് പ്രാധാന്യം നൽകികൊണ്ട് ഡിവൈസുകൾ പുറത്തിറക്കാൻ സ്മാർട്ട്ഫോൺ ബ്രാന്റുകളെല്ലാം ശ്രദ്ധിക്കുന്ന കാലമാണ് ഇത്. ഫോൺ ചാർജ് ചെയ്യാനായി അധികം സമയം ചിലവഴിക്കാൻ ഉപയോക്താക്കൾ തയ്യാറാവാത്ത കാലത്ത് വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള സാങ്കേതിവിദ്യ വികസിപ്പിക്കുക എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. 120W ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടുള്ള ഐക്യുഒ 7 എന്ന ഫ്ലാഗ്ഷിപ്പ് അടുത്തിടെ വിവോ പുറത്തിറക്കിയിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം 200W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഷവോമി.

200W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഒരു ഫ്ലാഗ്ഷിപ്പ് ഡിവൈസ് പുറത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഷവോമി ഇപ്പോൾ. വെയ്‌ബോയിൽ ഒരു ജനപ്രിയ ടിപ്‌സ്റ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 200W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയെന്നത് വയർഡ്, വയർലെസ്, റിവേഴ്സ് ചാർജിങ് എന്നിവയുടെ ആകെത്തുകയാകാം എന്നാണ് ടിപ്പ്സ്റ്റർ കൂട്ടിച്ചേർത്തത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങളൊന്നും ടിപ്പ്സ്റ്റർ പുറത്ത് വിട്ടിട്ടില്ല.

ഒരു ഫോണിൽ 200W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്ന ആശയം വളരെ രസകരമായാണ്. കമ്പനി ഇതിനകം തന്നെ എംഐ 10 എക്‌സ്ട്രീം കോമെമ്മറേറ്റീസ് എഡിഷനിൽ 120W വരെ വയർഡ് ചാർജിങും 55W വയർലെസ് ചാർജിങും 10W വരെ റിവേഴ്‌സ് ചാർജിങും നൽകിയിട്ടുണ്ട് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലൂടെ മൊത്തം ചാർജിങ് വേഗതയുടെ നിരക്ക് ഏകദേശം 185W വരെയാണ്. അതുകൊണ്ട് തന്നെ മൊത്തം ചാർജിങ് വേഗത നിരക്ക് 200W ആയ ഡിവൈസ് പുറത്തിറക്കുക എന്നത് ഷവോമിയെ സംബന്ധിച്ച് വലിയ കാര്യമല്ല.

200W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോണിനെ കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടെ തന്നെ മറ്റൊരു റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ഇതിൽ 67W വയർലെസ് ചാർജിങ് ഉള്ള രണ്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഷവോമി എന്നാണ് വെളിപ്പെടുത്തുന്നത്. റിപ്പോർട്ട് അനുസരിച്ച്, MIUI 12.5 ബീറ്റയുടെ കോഡിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. ഇതിൽ കണ്ടെത്തിയ രണ്ട് പുതിയ ഫോണുകൾക്ക് "സ്റ്റാർ", "മാർസ്" എന്നീ രഹസ്യനാമങ്ങൾ നൽകിയിട്ടുണ്ടെന്ന കാര്യവും വെളിപ്പെടുത്തുന്നു.

പുതിയ സ്മാർട്ട്ഫോണുകളുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകളൊ വിവരങ്ങളെോ ഇല്ലെങ്കിലും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അവയിലൊന്നാണ് ഇതുവരെ അനൌൺസ് ചെയ്യാത്ത എംഐ 11 പ്രോ സ്മാർട്ട്ഫോൺ ആയിരിക്കും എന്നാണ്. രണ്ടാമത്തെ ഫോൺ എംഐ 11 അൾട്രാ ആയിരിക്കുമെന്നും സൂചനകൾ ഉണ്ട്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ് പ്രവർത്തിപ്പിക്കുന്ന ഡിവൈസ് ആയിരിക്കും "സ്റ്റാർ" എന്ന രഹസ്യ പേരിൽ അറിയപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതിയ റിപ്പോർട്ടുകളിലെ വിവരങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ് നേരത്തെ വന്ന ചില റിപ്പോർട്ടുകൾ കൂടി പരിശോധിക്കേണ്ടതുണ്ട്. എംഐ 11 പ്രോ സ്മാർട്ട്ഫോൺ 80W വയർലെസ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. ഇത് ശരിയാണെങ്കിൽ എംഐ 11 പ്രോ 80W ഫാസ്റ്റ് ചാർജിങുമായി ലോകത്തിലെ ഏറ്റവും വേഗതയേറിയ വയർലെസ് ചാർജിങ് ഫോണായി മാറും. ഈ ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 4,000 mAh ബാറ്ററി ചാർജ് ചെയ്യാൻ ഏകദേശം 18 മിനിറ്റ് മാത്രമേ എടുക്കുകയുള്ളു.


Click it and Unblock the Notifications








