പുതിയ റിയൽമി സി11(2021) ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം
റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണായ റിയൽമി സി11(2021) കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഡിവൈസിന്റെ വിൽപ്പനയും ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. ലോഞ്ച് ഓഫറായി ഈ ഡിവൈസ് വാങ്ങുന്നവർക്ക് കിഴിവുകളും ലഭിക്കും. ഈ ഡിവൈസിന് 6,999 രൂപയാണ് വില. ലോഞ്ച് ഓഫറിലൂടെ ലഭിക്കുന്ന കിഴിവിലൂടെ ഡിവൈസ് 6,799 രൂപയ്ക്ക് സ്വന്തമാക്കാം. 200 രൂപയാണ് ഇപ്പോൾ ഫോൺ വാങ്ങുന്നവർക്ക് ലഭിക്കുന്ന കിഴിവ്.

ബജറ്റ് വിഭാഗത്തിലേക്കാണ് റിയൽമി പുതിയ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന ലോഞ്ച് ഇവന്റിൽ വച്ച് റിയൽമി നാർസോ 30, നാർസോ 30 5ജി എന്നീ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തിരുന്നു. റിയൽമി സി11 (2021)ന്റെ വിൽപ്പന നടക്കുന്നത് ഔദ്യോഗിക റിയൽമി വെബ്‌സൈറ്റ്, ആമസോൺ ഇന്ത്യ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ്. ഇവയിലെല്ലാം വിലക്കിഴിവ് ലഭിക്കും. കൂൾ ഗ്രേ, കൂൾ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.

റിയൽമി സി11 (2021): സവിശേഷതകൾ
6.5 ഇഞ്ച് മിനി ഡ്രോപ്പ് ഡിസ്‌പ്ലേയാണ് റിയൽമി സി11 സ്മാർട്ട്ഫോണിൽ ഉള്ളത്. 1600 x 720 പിക്‌സൽ എച്ച്ഡി+ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉള്ള ഡിസ്പ്ലെയാണ് ഇത്. സ്മാർട്ട്‌ഫോണിന്റെ പിൻഭാഗത്ത് വിരലടയാളം പതിയുന്നത് തടയാനുള്ള സംവിധാനങ്ങളടങ്ങുന്ന പ്രത്യേക ടെക്‌സ്‌ചർ ഉപയോഗിച്ച് ഒരു ജിയോമെട്രിക്ക് ആയ ഡിസൈൻ ആണ് നൽകിയിട്ടുള്ളത്. ഡിവൈസിൽ ഫിങ്കർപ്രിന്റ് സെൻസർ നൽകിയിട്ടില്ല എന്നത് പോരായ്മയാണ്.

2 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള റിയൽമി സി11(2021) സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ യൂണിസോക്ക് എസ്‌സി 9863എ പ്രോസസറാണ്. പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്ന സംവിധാനങ്ങളും ഈ ഡിവൈസിൽ റിയൽമി നൽകിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയും 10W ചാർജിംഗ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ ഉണ്ട്.

ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ഗോ എഡിഷനിലാണ് റിയൽമി സി11 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡിവൈസിന്റെ പിന്നിൽ എൽഇഡി ഫ്ലാഷും എഫ് / 2.0 അപ്പേർച്ചറും ഉള്ള 8 എംപി പിൻ ക്യാമറയാണ് ഉള്ളത്. ഡിസ്പ്ലേയുടെ മുകളിൽ മധ്യഭാഗത്തായി 5 എംപി സെൽഫി ക്യാമറ സെൻസറാണ് ഉള്ളത്. ഈ ക്യാമറ സെൻസറിന് എഫ് / 2.2 അപ്പേർച്ചറും ഉണ്ട്.

റിയൽമിയുടെ ആദ്യത്തെ ആൻഡ്രോയിഡ് ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണാണ് റിയൽമി സി 11 (2021). ഡിവൈസിന്റെ വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ, സമാന വിലയും സവിശേഷതകളും ഉള്ള റെഡ്മി 9എയുമായിട്ടായിരിക്കും ഇന്ത്യൻ വിപണിയിൽ ഡിവൈസ് മത്സരിക്കുന്നത്. സാംസങ് ഗാലക്‌സി എം02, ടെക്നോ സ്പാർക്ക് 7 എന്നിവയുമായും സ്മാർട്ട്ഫോൺ വിപണിയിൽ മത്സരിക്കും.


Click it and Unblock the Notifications