ജിയോയുടെ 28, 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾക്ക് മറ്റ് കമ്പനികളെക്കാൾ 20% വില കുറവ്
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിപണി വിഹതമുള്ള ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ മറ്റ് കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നു. രാജ്യത്തെ ടെലിക്കോം വിപണിയുടെ രീതികളെ തന്നെ മാറ്റിമറിച്ചത് ജിയോയുടെ പ്ലാനുകളാണ്. ജിയോ വന്നതോടെയാണ് വലിയ അളവിൽ ഡാറ്റ ആനുകൂല്യങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമായി തുടങ്ങിയത്. സൌജന്യ കോളുകൾ എന്ന ആനുകൂല്യവും ജിയോ കൊണ്ടുവന്നതാണ്. എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ജിയോയുടെ പ്ലാനുകൾ വളരെ മികച്ചതാണ്.

റിലയൻസ് ജിയോയുടെ 28 ദിവസവും 56 ദിവസവും വാലിഡിറ്റിയുള്ള പ്ലാനുകൾ മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ 20 ശതമാനം വരെ വിലക്കുറവിലാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ടെലികോം കമ്പനി വെറും അഞ്ച് വർഷത്തെ പ്രവർത്തനത്തിൽ തന്നെ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ആകർഷിച്ചത്. എയർടെലും വോഡഫോൺ-ഐഡിയയും തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് എൻട്രി ലെവൽ പ്ലാനുകൾ നീക്കം ചെയ്തതിനാൽ വരും മാസങ്ങളിൽ റിലയൻസ് ജിയോയ്ക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരും മാസങ്ങളിൽ എയർടെലിനും വോഡഫോൺ-ഐഡിയയ്ക്കും നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് CLSA റിപ്പോർട്ട് പറയുന്നു. 49 രൂപയുടെ പ്ലാൻ നീക്കം ചെയ്തതാണ് ഇരു കമ്പനികൾക്കും വിനയാകാൻ പോകുന്നത്. ഇരു കമ്പനികളുടെയും നിലവിലെ വില കുറഞ്ഞ പ്ലാൻ 79 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇതിനെക്കാൾ കുറഞ്ഞ വിലയിൽ റിലയൻസ് ജിയോ 75 രൂപയ്ക്ക് പ്ലാൻ നൽകുന്നുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ജിയോഫോൺ ഉപയോക്താക്കൾക്ക് നൽകുന്ന 75 രൂപ പ്ലാൻ മികച്ച ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

75 രൂപ ജിയോഫോൺ പ്ലാൻ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 50 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഇതേ കാലയളവിലേക്കായി ജിയോ ആപ്പുകളിലേക്കുള്ള ആക്സസും കമ്പനി നൽകുന്നുണ്ട്. എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയുടെ 79 രൂപ പ്ലാൻ റിലയൻസ് ജിയോ പ്ലാനിനെക്കാൾ വില കൂടിയതും ആനുകൂല്യങ്ങൾ കുറഞ്ഞതുമാണ് എന്നതിനാൽ തന്നെ അവ പുതിയ ഉപയോക്താക്കളെ ജിയോ നെറ്റ്വർക്കിലേക്ക് ആകർഷിക്കുമെന്ന് ഉറപ്പാണ്.

അതേസമയം വോഡഫോൺ-ഐഡിയയുടെ 49 രൂപ പ്ലാൻ നീക്കം ചെയ്യാനുള്ള തീരുമാനം കമ്പനിയെ സംബന്ധിച്ച് ശരിയാണ്. ഇതിലൂടെ എൻട്രി ലെവൽ പാക്കിനായി ഉപഭോക്താക്കൾ അധികമായി നൽകുന്ന തുക വിഐയുടെ വരുമാനം വർധിപ്പിക്കും. വോഡഫോൺ-ഐഡിയയുടെ വരുമാനവും ഇബിഐടിഡിഎയും നിലവിലെ 5 ശതമാനത്തിൽ നിന്ന് 10 ശതമാനം വർദ്ധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. വിഐയുടെ 49 രൂപ പ്ലാൻ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ ചില സർക്കിളുകളിൽ ഇപ്പോഴും ലഭ്യമാണ്.

വൈകാതെ തന്നെ വിഐ എല്ലാ സർക്കിളുകളിൽ നിന്നും 49 രൂപ പായ്ക്ക് നീക്കം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വോഡഫോൺ-ഐഡിയ 49 രൂപ പായ്ക്ക് 38 രൂപ ടോക്ക് ടൈമാണ് നൽകുന്നത്. 100 എംബി ഡാറ്റയും ഈ പ്ലാനിലൂടെ 14 ദിവസത്തേക്ക് ലഭിക്കുന്നു. വിഐയുടെ 79 പ്ലാൻ 200 എംബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 28 ദിവസത്തേക്ക് 64 രൂപയുടെ ടോക്ക്ടൈമും ഇതിലൂടെ ലഭിക്കും. ടെലിക്കോം കമ്പനികൾ ഇതിനകം തന്നെ എൻട്രിലെവൽ പ്ലാനുകളിൽ നിന്നും മെസേജ് ഓഫറുകൾ നീക്കം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








