6ജിയുടെ വേഗത 5ജിയേക്കാൾ 50 മടങ്ങ് അധികം, ട്രയലുമായി സാംസങ്
ഇന്ത്യ 4ജിയിൽ നിന്നും 5ജിയിലേക്കുള്ള പരിവർത്തനങ്ങളുടെ ആദ്യ പടിയിലാണ്. പല രാജ്യങ്ങളിലും 5ജി നെറ്റ്വർക്ക് ഇതിനകം തന്നെ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിൽ ജിയോ, എയർടെൽ എന്നിവ 5ജി ട്രയലുകൾ നടത്താൻ ആരംഭിച്ചിട്ടുണ്ട്. 6ജിയെ കുറിച്ച് ഇന്ത്യയിലെ ആളുകൾക്ക് ആലോചിക്കാൻ പോലുമുള്ള സമയം ആയിട്ടില്ലെങ്കിലും ലോകത്തിലെ പലയിടത്തും ടെക് കമ്പനികൾ 6ജി ട്രയലുകൾ ആരംഭിക്കുകയാണ്. ഇതിൽ പ്രധാനപ്പെട്ടൊരു കമ്പനി സാംസങ് ആണ്.

ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് 5ജിയെ അപേക്ഷിച്ച് 6ജിയിൽ 50 മടങ്ങ് വേഗത ഉണ്ടെന്ന് അവകാശപ്പെട്ടു. ട്രയലിലൂടെയാണ് സാംസങിന് ഈ വേഗത ലഭിച്ചത്. പുതിയ 5ജി ട്രാൻസ്മിഷൻ ഡിവൈസുകൾ അവതരിപ്പിച്ച സാംസങ്ങിന്റെ വേദിയിൽ വച്ച് സാംസങ് ഇലക്ട്രോണിക്സ് നെറ്റ്‌വർക്ക് ബിസിനസ് സീനിയർ വൈസ് പ്രസിഡന്റും പ്രൊഡക്ട് സ്ട്രാറ്റജി ഹെഡുമായ വോനിൽ റോ ആണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

സാംസങ് ഇലക്ട്രോണിക്സിലെ അഡ്വാൻസ്ഡ് കമ്മ്യൂണിക്കേഷൻ ഗവേഷണ മേധാവിയും നെറ്റ്വർക്ക് ബിസിനസ് എസ്‌വിപിയുമായ സൺഗ്യുൻ ചോയി പറഞ്ഞത് ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമായി ചേർന്ന് 6ജി പുതിയ അവസരങ്ങളുടെ ഒരു ലോകം തുറക്കാൻ പോകുന്നു എന്നാണ്. ഇത് വളർന്നുവരുന്ന എക്സ്പീരിയൻസ്, സേവനങ്ങൾ എന്നിവയെ പുനർനിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും കാലത്ത് ഉപയോക്താക്കൾക്ക് 6ജി നൽകാൻ സാംസങ് ഇലക്ട്രോണിക്‌സ് തയ്യാറെടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

സാംസങ് ടെറാഹെർട്സ് കമ്മ്യൂണിക്കേഷൻസിന്റെ പ്രദർശനം നടത്തിയിട്ടുണ്ട്. ഇത് സാംസങ്ങിന്റെ 6ജി പുരോഗതിയുടെ തെളിവാണ്. പുതിയ 5ജി ട്രാൻസ്മിഷൻ ഡിവൈസുകളുടെ അവതരണത്തിനിടെ പ്രസന്റേഷൻ സ്ലൈഡിൽ 6ജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാംസങ് ഉൾപ്പെടുത്തിയിരുന്നു. 6ജി സാങ്കേതികവിദ്യയുടെ വേഗത 5 ജിയേക്കാൾ 50 മടങ്ങ് വേഗതയും കാര്യക്ഷമവുമാണെന്ന് ഈ സ്ലൈഡുകൾ വെളിപ്പെടുത്തിയിരുന്നു.

6ജിക്കായി എത്ര കാത്തിരിക്കണം
ലോകം മുഴുവൻ നിലവിൽ 5ജി നെറ്റ്‌വർക്ക് വിന്യാസത്തിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഈ അവസരത്തിൽ സാംസങ് വലിയ കുതിപ്പിന് തയ്യാറെടുക്കുകയും 6ജി സാങ്കേതികവിദ്യ ആദ്യം തന്നെ നൽകുന്ന കമ്പനിയാവാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. 5ജി വികസനം ഇപ്പോഴും പൂർണത കൈവരിക്കാത്തതിനാൽ സാംസങ് 6ജി നെറ്റ്‌വർക്കിന്റെ ലോഞ്ചിനെ കുറിച്ച് ഊഹിക്കാൻ പോലും സാധിക്കില്ല. അതേ സമയം 6ജി നെറ്റ്‌വർക്കിന്റെ റോൾ ഔട്ടിനെക്കുറിച്ച് പ്രത്യേക വിവരങ്ങൾ സാംസങ് പുറത്ത് വിട്ടിട്ടുണ്ട്.

2028ന്റെ തുടക്കത്തിൽ തന്നെ 6ജി സ്റ്റാൻഡേർഡ് പൂർത്തിയാക്കാനും വാണിജ്യവൽക്കരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ടെന്നാണ് വിവരങ്ങൾ. 2030തോടെ 6ജിയുടെ വൻതോതിലുള്ള വാണിജ്യവത്ക്കരണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ് പുതിയ മേഖലകളിലേക്ക് കൂടി കടക്കുന്നുവെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. എഐ റോബോട്ടിക്സ്, വിഷ്വൽ ടെക്നോളജികൾ എന്നിവ അടക്കമുള്ള കാര്യങ്ങൾ കൂടാതെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ സപ്പോർട്ട് ചെയ്യാൻ ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾ വെർച്വലൈസ്ഡ് കോർ നെറ്റ്‌വർക്കിന് പിന്നിലും സാംസങ് പ്രവർത്തിക്കുന്നുണ്ടെന്ന് സാംസങ് വ്യക്തമാക്കി.


Click it and Unblock the Notifications