ഇന്ത്യക്കാർക്ക് വൻ ഭീഷണി; ഡാർക്ക് വെബ് ചോർത്തിയത് 81.5 കോടി ആളുകളുടെ ആധാർ വിവരങ്ങൾ
ഏകദേശം 81.5 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസെക്യൂരിറ്റി സ്ഥാപനമാണ് ഈ കണക്കുകൾ പുറത്ത് വിട്ടതെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ആളുകളുടെ വിലാസം, ഫോൺ നമ്പർ, പാസ്പോർട്ട് വിവരങ്ങൾ അടക്കമുള്ള കാര്യങ്ങളാണ് ചോർന്നിരിക്കുന്നത്.
ഡിജിറ്റൽ ലോകത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ സങ്കേതമാണ് ഡാർക്ക് വെബ് എന്നത്. പ്രധാനമായും നിരോധിച്ച മയക്കുമരുന്നുകൾ, ആയുധങ്ങൾ എന്നിവ വിൽക്കാനും വാങ്ങാനുമാണ് ഡാർക്ക് വെബ് പ്രവർത്തിക്കുന്നത്. ഇതിലൂടെ ആളുകളുടെ വ്യക്തിഗത വിവരങ്ങളും വൻ രീതിയിൽ വിൽപനയ്ക്ക് എത്തിക്കുന്നണ്ട്. സ്കാമർമാരും ഓൺലൈൻ തട്ടിപ്പുകാരും ഇവിടെ നിന്ന് ആളുകളുടെ വ്യക്തിഗത വിവരങ്ങൾ വാങ്ങും പിന്നീട് ഇടിന്റെ അടിസ്ഥാനത്തിൽ ഇവരെ ചൂഷണം ചെയ്ത് പണം കൊള്ളയടിക്കും.

ആധാർ വിവരങ്ങൾക്ക് പുറമെ ഇന്ത്യക്കാരുടെ പാസ്പോർട്ട് വിവരങ്ങളും ചോർന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയിൽ ആകെ 140 കോടിയോളം ആളുകളാണ് ഉള്ളത്. ഇതിൽ നിന്നാണ് 815 ദശലക്ഷം ആളുകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നിരിക്കുന്നത്. അതായത് ഏകദേശം പകുതിയിൽ അധികം. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ വിവരങ്ങൾ ചോർന്ന വാർത്ത റെസെക്യൂരിറ്റി സ്ഥാപനം പുറത്ത് വിട്ടിരിക്കുന്നത്. സൈബർ കുറ്റവാളികൾക്ക് വലിയ രീതിയിൽ ദുരുപയോഗം ചെയ്യാൻ സാധിക്കുന്നതാണ് ഈ വിവരങ്ങൾ.
ചോർത്തിയ വിവരങ്ങൾ ഏകദേശം 80,000 ഡോളറിന് വിൽക്കാനായി ഡാർക്ക് വെബിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നും ഈ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം ആരംഭിച്ചു. അതേ സമയം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡാറ്റബേസിൽ നിന്നായിരിക്കാം ഈ വിവരങ്ങൾ ചോർന്നതെന്ന് മറ്റൊരു പ്രമുഖ മാധ്യമമായ ന്യൂസ് 18 റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

MOST READ: സാധാരണ ANC ഇയർബഡ്സിനെ ഹാർട്ട്റേറ്റ് മോണിറ്ററിങ് ഡിവൈസാക്കി ഗൂഗിളിന്റെ അദ്ഭുതപ്രവൃത്തി!
ഇത് സംബന്ധിച്ച് ചില എക്സ് (ട്വിറ്റർ) പോസ്റ്റുകളും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. 'ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അജ്ഞാതരായ സൈബർ ക്രിമിനലുകൾ കോവിഡ് 19 ബാധിച്ച 800 ദശലക്ഷത്തിലധികം ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയിരിക്കുന്നു. വ്യക്തികളുടെ പേര്, പിതാവിന്റെ പേര്, ഫോൺ നമ്പർ, പാസ്‌പോർട്ട് നമ്പർ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്' എന്നായിരുന്നു ഇതിലെ പ്രമുഖ ട്വീറ്റുകളിൽ ഒന്ന്.
ഇത് ആദ്യമായല്ല ഇത്തരത്തിൽ ഡാറ്റകൾ ചോരുന്നത്. ഇതിന് മുമ്പ് കോവിൻ വെബ്‌സൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ച നിരവധി ആളുകളുടെ ഡാറ്റകൾ ടെലിഗ്രാം മുതലായ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെ വലിയ രീതിയിൽ ചോർന്നിരുന്നു. എന്നാൽ ഇത്രയും വലിയ അളവിൽ ഡാറ്റകൾ ചോരുന്നത് ഇത് ആദ്യമായാണ്. ആദ്യം ഡാറ്റകൾ ചോർന്നപ്പോൾ തന്നെ സർക്കാർ ഇതിനെതിരെ അന്വേഷണം നടത്തിയിരുന്നു. അതേ സമയം വലിയ ഞെട്ടലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പുതിയ റിപ്പോർട്ടിൽ ഉണ്ടായിരിക്കുന്നത്.
ജനങ്ങളുടെ ബയോമെട്രിക് ഐഡന്റിഫിക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ രേഖയാണ് ആധാർ. ഇവയിലെ വിവരങ്ങൾ ചോരുന്നത് വഴി പലതരത്തിലുള്ള ചൂഷണങ്ങൾക്ക് ഇവർ വിധേയരായേക്കാം. ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് സ്വകാര്യ വിവരങ്ങളും തട്ടിപ്പുകാർക്ക് വളരെ വേഗത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുന്നതായിരിക്കും. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലമാണ് ഈ ഡാർക്ക് വെബ് എന്നത്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് വെബ്സൈറ്റുകൾ ചേർന്നതാണ് ഡാർക്ക് വെബ് നെറ്റ്വർക്ക് എന്നത്.
സാധാരണഗതിയിൽ നമ്മൾ ഗൂഗിളിൽ സർച്ച് ചെയ്യുന്നത് പോലെ ചെയ്താൽ ഡാർക്ക്നെറ്റിൽ എത്താൻ സാധിക്കില്ല. ഇതിന് വേണ്ടി മാത്രമായി തന്നെ ചില പ്രത്യേക കോഡുകളും പ്രത്യേക സോഫ്റ്റുവെയറുകളും ആവിശ്യമാണ്. ചില ആപ്പുകളിൽ നമ്മൾ സൈൻഅപ്പ് ചെയ്യുന്നത് വഴിയും ചിലപ്പോൾ നമ്മുടെ ഡാറ്റകൾ ചോർന്നേക്കാവുന്നതാണ്. ഇത് ഒഴിവാക്കാനായി ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ സ്റ്റോർ മുതലായ വിശ്വസനീയമായ പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കേണ്ടതാണ്.


Click it and Unblock the Notifications








