പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ജിയോയെ കടത്തിവെട്ടി എയർടെൽ, നേട്ടമായത് മികച്ച സേവനം
ഇന്ത്യൻ ടെലിക്കോം വിപണിയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ആധിപത്യം നേടിയ ജിയോ മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് വില കുറഞ്ഞ പ്ലാനുകൾ നൽകുന്ന ഓപ്പറേറ്ററാണ്. എന്നാൽ പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ജിയോയെക്കാൾ ആളുകൾക്ക് താല്പര്യം എയർടെല്ലിനോടാണ്. അതുകൊണ്ട് തന്നെ പുതിയ ഉപയോക്താക്കളെ ചേർക്കുന്ന കാര്യത്തിൽ റിലയൻസ് ജിയോയേക്കാൾ മുന്നിലാണ് എയർടെൽ. ഇരു കമ്പനികളുടെയും പ്ലാനുകളിൽ വലിയ വ്യത്യാസങ്ങളൊന്നും ഇല്ല.

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
ഡിസംബറിൽ എയർടെൽ 0.7 ദശലക്ഷം പോസ്റ്റ്-പെയ്ഡ് ഉപഭോക്താക്കളെയാണ് തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തത്. ഇതോടെ ആറ് മാസത്തിനുള്ളിൽ മൊത്തം 1.4 ദശലക്ഷം ഉപയോക്താക്കളെ നേടാൻ എയർടെല്ലിന് സാധിച്ചു. ജിയോയുടെ പുതിയ പോസ്റ്റ്-പെയ്ഡ് ഉപയോക്താക്കളുടെ എണ്ണം ഇതിനെക്കാൾ കുറവാണ് എന്നും ഇതിന് കാരണം ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഉപയോക്താക്കളെ ആകർഷിക്കാൻ സാധിക്കാത്തതാണ് എന്നും ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ വ്യക്തമാക്കി.

റിലയൻസ് ജിയോ കഴിഞ്ഞ സെപ്റ്റംബറിൽ അഞ്ച് പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ആരംഭിച്ചിരുന്നു. ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 399 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ എന്നീ നിരക്കുകളിലാണ് ജിയോയുടെ പ്ലാനുകൾ ലഭിക്കുന്നത്. മറ്റ് നെറ്റ്വർക്കുകളിലുള്ള ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാനുകൾ അവതരിപ്പിച്ചത്. എന്നാൽ ഡിസംബറിലെ കണക്കുകൾ പരിശോധിക്കുമ്പോഴും ജിയോയ്ക്ക് എയർടെല്ലിനെ മറികടക്കാൻ സാധിച്ചില്ല.

ജിയോയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 75 ജിബി, 100 ജിബി, 150 ജിബി, 200 ജിബി, 250 ജിബി എന്നിങ്ങനെയുള്ള ഡാറ്റയാണ് നൽകുന്നത്. ജിയോയുടെ മുകളിൽ പരാമർശിച്ച പോസ്റ്റ്പെയ്ഡ് പായ്ക്കുകൾ എല്ലാ ജിയോ ആപ്പുകളിലേക്കും അൺലിമിറ്റഡ് കോളിങ്, മെസേജുകൾ, കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനുകൾ എന്നിവ നൽകുന്ന പ്ലാനുകളാണ്. ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനുകളിലൂടെ ലഭിക്കും.

ജിയോയെ പിന്നിലാക്കാൻ എയർടെല്ലിനെ സഹായിച്ചത് അവരുചെ മാർക്കറ്റ് എക്സിക്യൂഷനാണ്. എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾ സാധാരണയായി എന്റർപ്രൈസ് വിഭാഗത്തിൽ പെട്ടവരാണെന്നും അവർ പ്ലാനുകളുടെ വിലയിലല്ല ശ്രദ്ധിക്കുന്നത് എന്നും പകരം സേവനങ്ങളുടെ ഗുണനിലവാരത്തിലാണ് ശ്രദ്ധ കൊടുക്കുന്നത് എന്നും തിരിച്ചറിഞ്ഞതാണ് എയർടെല്ലിന്റെ വിജയം. മികച്ച സേവനങ്ങൾ നൽകി ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കുക എന്ന എയർടെൽ പദ്ധതിയാണ് വിജയം കണ്ടത്.

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ അഞ്ച് പ്ലാനുകളാണ് എയർടെൽ നൽകുന്നത്. ഈ പ്ലാനുകൾക്ക് 399 രൂപ, 499 രൂപ, 749 രൂപ, 999 രൂപ, 1,599 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഈ പായ്ക്കുകൾ 40 ജിബി, 75 ജിബി, 125 ജിബി, 150 ജിബി, അൺലിമിറ്റഡ് എന്നിങ്ങനെ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നവയാണ്. ഈ പായ്ക്കുകൾ അൺലിമിറ്റഡ് കോളിങും 100 മെസേജുകളും നൽകുന്നുണ്ട്. ജിയോയുടെ പ്ലാനുകളെ അപേക്ഷിച്ച് വില കൂടുതൽ ആണെങ്കിലും മികച്ച സേവനമാണ് എയർടെൽ നൽകുന്നത്.


Click it and Unblock the Notifications