എയർടെൽ ഉപയോക്താക്കൾക്ക് പണം ലാഭിക്കാൻ മൾട്ടിപ്പിൾ റീചാർജ് സംവിധാനവുമായി കമ്പനി
ഡാറ്റയ്ക്കും കോളുകൾക്കുമുള്ള ചാർജുകൾ വർധിപ്പിക്കണമെന്ന എയർടെല്ലിന്റെ വാദം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അധികം വൈകാതെ തന്നെ എയർടെൽ തങ്ങളുടെ താരിഫ് നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇതേ അവസരത്തിൽ ഉപയോക്താക്കൾക്ക് സന്തോഷം നൽകുന്ന മറ്റൊരു വാർത്തയും എയർടെൽ പുറത്ത് വിട്ടു. ഇനിമുതൽ ഉപയോക്താക്കൾക്ക് വാർഷിക പ്ലാനുകളിലും മൾട്ടിപ്പിൾ റീചാർജ് സൌകര്യവും റീചാർജ് ക്യൂ സംവിധാനവും ലഭ്യമാകും.

മൾട്ടിപ്പിൾ റീചാർജ്
എയർടെൽ വരിക്കാർക്ക് ഇനി മുതൽ മൾട്ടിപ്പിൾ റീചാർജ് സൌകര്യം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഒരു പ്ലാൻ നിലനിൽക്കുമ്പോൾ തന്നെ രണ്ടാമതൊരു പ്ലാൻ റീചാർജ് ചെയ്യുകയും അത് ക്യൂവിൽ നിർത്തുകയും ചെയ്യാനുള്ള സംവിധാനമാണ് മൾട്ടിപ്പിൾ റീചാർജ്. മികച്ച ആനുകൂല്യമുള്ള ഒരു വാർഷിക പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താവിന് ആ പ്ലാനിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ മറ്റൊരു റീചാർജ് ചെയ്യാം.

ഉപയോക്താക്കൾ തങ്ങളുടെ നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി കഴിയാതിരിക്കെ തന്നെ മറ്റൊരു റീചാർജ് ചെയ്യുകയും രണ്ടാമത് ചെയ്ത റീചാർജിന്റെ ആനുകൂല്യങ്ങൾ ആദ്യ റീചാർജ് പ്ലാനിന്റെ വാലിഡിറ്റി കഴിയുമ്പോൾ മാത്രം ഓട്ടോമാറ്റിക്കായി ലഭ്യമാവുകയും ചെയ്യുന്ന സംവിധാനമാണ് മൾട്ടിപ്പിൾ റീചാർജ്. വാർഷിക പ്ലാനുകളിൽ ഈ സേവനം ലഭ്യമാണ്. പെട്ടെന്ന് വാലിഡിറ്റി തീർന്ന് പോകുന്ന പ്രശ്നങ്ങൾ മൾട്ടിപ്പിൾ റീചാർജിലൂടെ ഒഴിവാക്കാനാകും. നേരത്തെ ബിഎസ്എൻഎല്ലും ഈ സംവിധാനം അവതരിപ്പിച്ചിരുന്നു.

എയർടെൽ വാർഷിക പ്ലാനുകൾ
എയർടെൽ നിലവിൽ മൂന്ന് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഇവ 365 ദിവസത്തെ വാലിഡിറ്റിയുള്ള 1498 രൂപ, 2498 രൂപ, 2698 രൂപ നിരക്കുകളിലെ പ്ലാനുകളാണ്. ഇതിൽ ആദ്യത്തെ 1498 രൂപ പ്ലാൻ 24 ജിബി ഡാറ്റ, 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ, 3600 എസ്എംഎസും എന്നിവ നൽകുന്ന പ്ലാനാണ്. എയർടെൽ എക്സ് സ്ട്രീം, വിങ്ക് മ്യൂസിക്, സൌജന്യ ഹലോ ട്യൂൺസ് മുതലായവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നുണ്ട്.

എയർടെല്ലിന്റെ 2498 രൂപ പ്ലാനിലൂടെ 356 ദിവസത്തേക്ക് ഓരോ ദിവസവും 2 ജിബി ഡാറ്റ വീതമാണ് ലഭിക്കുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. എയർടെൽ എക്സ്ട്രീം, വിങ്ക് മ്യൂസിക്, സൌജന്യ ഹലോ ട്യൂൺസ് മുതലായവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ അധിക ആനുകൂല്യമായി ലഭിക്കും.

എയർടെൽ 2698 രൂപയുടെ വാർഷിക പ്ലാൻ 399 രൂപ വിലമതിക്കുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് നൽകുന്നു. ഇതിനൊപ്പം ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും അധിക ആനുകൂല്യങ്ങളായി എയർടെൽ എക്സ് സ്ട്രീം, വിങ്ക് മ്യൂസിക്, ഹലോ ട്യൂൺസ് മുതലായവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും എയർടെൽ നൽകുന്നു.

കഴിഞ്ഞ വർഷം നവംബറിൽ എയർടെൽ തങ്ങളുടെ കോംബോ പ്ലാനുകൾക്കായി മൾട്ടിപ്പിൾ റീചാർജ് സൗകര്യം ലഭ്യമാക്കിയിരുന്നു. മുൻകൂട്ടി പ്ലാനുകൾ ക്യൂ ചെയ്യാനോ റീചാർജ് ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്ന ഈ സംവിധാനത്തിലൂടെ നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുമ്പോൾ അടുത്ത പ്ലാൻ തനിയേ ആക്ടിവേറ്റ് ആകുന്നു. വാലിഡിറ്റി ദിവസങ്ങൾ വെറുതെ നഷ്ടപ്പെടില്ല എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ ഗുണം.


Click it and Unblock the Notifications








