എയർടെൽ വരിക്കാർക്ക് ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടി വരില്ല; ഈ കിടിലൻ പ്ലാനുകൾ തിരഞ്ഞെടുക്കാം
രാജ്യത്തെ ടെലിക്കോം വിപണിയിൽ ജിയോയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്ന സേവനദാതാവാണ് എയർടെൽ. മികച്ച പ്ലാനുകൾ തന്നെയാണ് എയർടെല്ലിന്റെ ഏറ്റവും വലിയ ആയുധം. ഉപയോക്താക്കളെ ആകർഷിക്കാൻ മികച്ച പ്ലാനുകൾ കമ്പനി നൽകുന്നുമുണ്ട്. എയർടെൽ വരിക്കാർക്ക് ഇനി ഇടയ്ക്കിടെയുള്ള റീചാർജ് ഒഴിവാക്കാം. ഒരു മാസമോ രണ്ട് മാസമോ മാത്രം വാലിഡിറ്റിയുള്ള പ്ലാനുകൾ തിരഞ്ഞെടുത്താൽ വേഗത്തിൽ വാലിഡിറ്റി തീർന്നുപോവുകയും റീചാർജ് ചെയ്യേണ്ടി വരികയും ചെയ്യും.

ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നത് ഒഴിവാക്കാനായി തിരഞ്ഞെടുക്കാവുന്ന മികച്ച എയർടെൽ പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകൾ ഒരു വർഷം വാലിഡിറ്റി നൽകുന്നു. ഒരിക്കൽ റീചാർജ് ചെയ്താൽ പിന്നെ അടുത്ത ഒരു വർഷത്തേക്ക് തിരിഞ്ഞു നോക്കേണ്ട. ഈ പ്ലാനുകൾ മികച്ച അധിക ആനുകൂല്യങ്ങളും നൽകുന്നവയാണ്. എയർടെല്ലിന്റെ മികച്ച വാർഷിക പ്ലാനുകൾ നോക്കാം.

1799 രൂപയുടെ പ്ലാൻ
എയർടെൽ നൽകുന്ന വാർഷിക പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 1799 രൂപയുടേത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 365 ദിവസത്തേക്ക് മൊത്തത്തിൽ 24 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകൾ വീതം മൊത്തം 3600 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. അധികം ഡാറ്റ ഉപയോഗിക്കാത്ത കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

1799 രൂപ പ്ലാനിലൂടെ ആകർഷകമായ അധിക ആനുകൂല്യങ്ങളും എയർടെൽ നൽകുന്നുണ്ട്. അപ്പോളോ 24|7 സർക്കിളിൽ മൂന്ന് മാസത്തെ ആക്സസ്, ഫാസ്റ്റ് ടാഗ് റീചാർജിൽ 100 രൂപ ക്യാഷ്ബാക്ക്, സൌജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്ക് സൌജന്യ ആക്സസ് എന്നീ ആനുകൂല്യങ്ങളാണ് എയർടെൽ നൽകുന്നത്. പ്ലാനിലൂടെ ലഭിക്കുന്ന ദിവസവും 100 എസ്എംഎസ് ആനുകൂല്യം തീർന്നാൽ ഓരോ ലോക്കൽ എസ്എംഎസിനും 1 രൂപ വീതവും എസ്ടിഡി എസ്എംഎസുകൾക്ക് 1.5 രൂപ വീതവും ഈടാക്കും.

2999 രൂപ പ്ലാൻ
പ്രതിദിന ഡാറ്റ ആനുകൂല്യം നൽകുന്ന എയർടെല്ലിന്റെ ഈ വാർഷിക പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്നു. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 730 ജിബി ഡാറ്റ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്.

1799 രൂപ പ്ലാനിന് സമാനമായ അധിക ആനുകൂല്യങ്ങളാണ് 2999 രൂപ പ്ലാനിലൂടെയും ലഭിക്കുന്നത്. അപ്പോളോ 24|7 സർക്കിളിൽ മൂന്ന് മാസത്തെ ആക്സസ്, ഫാസ്റ്റ് ടാഗ് റീചാർജിൽ 100 രൂപ ക്യാഷ്ബാക്ക്, സൌജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്ക് സൌജന്യ ആക്സസ് എന്നിവയെല്ലാം ഈ പ്ലാനിലൂടെയും ലഭിക്കും. ദിവസവും 2 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ഈ കുറഞ്ഞ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം.

3359 രൂപ പ്ലാൻ
എയർടെല്ലിന്റെ ഏറ്റവും വില കൂടിയ പ്ലാനാണ് 3359 രൂപയുടേത്. ഈ പ്ലാനിലൂടെ എയർടെൽ വരിക്കാർക്ക് 365 ദിവസത്തേക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നു. ദിവസവും 2.5 ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 912.5 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും 3359 രൂപ പ്ലാൻ നൽകുന്നുണ്ട്.

എയർടെല്ലിന്റെ വില കൂടിയ വാർഷിക പ്ലാനിന്റെ ഏറ്റവും വലിയ ആകർഷണം ഈ പ്ലാനിനൊപ്പം ലഭിക്കുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ സൌജന്യ സബ്ക്രിപ്ഷനാണ്. ഒരു വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷനാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അപ്പോളോ 24|7 സർക്കിളിൽ മൂന്ന് മാസത്തെ ആക്സസ്, ഫാസ്റ്റ് ടാഗ് റീചാർജിൽ 100 രൂപ ക്യാഷ്ബാക്ക്, സൌജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്ക് സൌജന്യ ആക്സസ് എന്നിവയും ഈ പ്ലാൻ നൽകുന്നു.


Click it and Unblock the Notifications








