എയർടെൽ, വോഡാഫോൺ എന്നിവയോട് പ്രീമിയം പ്ലാനുകൾ നിർത്തണമെന്ന് ട്രായ്
എയർടെലും വോഡഫോൺ-ഐഡിയയും രാജ്യത്ത് നിരവധി പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ആകർഷകമായ ആനുകൂല്യങ്ങൾ നൽകി ജിയോയോട് മത്സരിച്ച് പിടിച്ച് നിൽകുന്ന ഈ കമ്പനികളുടെ ഏറ്റവും വലിയ സവിശേഷത അവയുടെ പ്രീമിയം പ്ലാനുകളായിരുന്നു. പ്രീമിയം പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് വേഗതയേറിയ ഇന്റർനെറ്റ് അടക്കമുള്ള മികച്ച ആനുകൂല്യങ്ങൾ നൽകിയിരുന്നു. ഈ പ്ലാനുകൾ നിർത്തണമെന്ന് കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടു.

തിരഞ്ഞെടുത്ത ആളുകൾക്ക് പ്രീമിയം സേവനങ്ങൾ നൽകുന്ന പ്രീമിയം പ്ലാനുകളെക്കുറിച്ച് വിശദമാക്കാൻ എയർടെൽ, വോഡാഫോൺ എന്നിവയോട് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില ആളുകൾക്ക് മാത്രം നൽകുന്ന പ്രീമിയം പ്ലാനുകളെ കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം മറ്റ് ഉപയോക്താക്കൾക്ക് നൽകുന്ന ആനുകൂല്യങ്ങളെ കുറിച്ച് കൂടി വിശദീകരിക്കണമെന്ന് ടെലിക്കോം റെഗുലേറ്ററി ഓഫ് ഇന്ത്യ എയർടെല്ലിനോടും വോഡാഫോണിനോടം ആവശ്യപ്പെട്ടു.

വേഗത, ലേറ്റൻസി, വീഡിയോ അനുഭവം എന്നിവയിൽ മികച്ച നെറ്റ്‌വർക്കായി അന്താരാഷ്ട്ര ഏജൻസികൾ എയർടെല്ലിനെ അംഗീകരിച്ചിട്ടുണ്ട്. അതേസമയം, സേവനത്തിന്റെയും പ്രതികരണശേഷിയുടെയും നിലവാരം പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി വർധിപ്പിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്ന് എയർടെൽ അറിയിച്ചതായി വാർത്ത ഏജൻസികൾ വ്യക്തമാക്കി. കമ്പനികൾ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ട്രായ് അറിയിച്ചിട്ടുള്ളത്.

എയർടെൽ പോസ്റ്റ്പെയ്ഡ്, വോഡഫോൺ-ഐഡിയ റെഡ് എക്സ് പ്ലാൻ
തിരഞ്ഞെടുത്ത പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി തങ്ങളുടെ നെറ്റ്‌വർക്ക് സേവനങ്ങൾ എയർടെൽ നവീകരിച്ചിരുന്നു. ഇതിലൂടെ എയർടെല്ലിന്റെ പ്ലാറ്റിനം സേവനങ്ങൾ ഉള്ള പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച 4 ജി ഡാറ്റ സ്പീഡ് ലഭ്യമാക്കുന്നു. ഈ ഓഫറിന് കീഴിൽ 499 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ റീചാർജ് ചെയ്യുന്ന എല്ലാ ഉപയോക്താക്കൾക്കും എയർടെൽ പ്രീമിയം സൌകര്യങ്ങൾ നൽകുന്നു.

499 രൂപയ്ക്ക് മുകളിൽ ഉള്ള തുകയ്ക്ക് റീചാർജ് ചെയ്ത് പ്ലാറ്റിനം ഉപഭോക്താക്കളായാൽ എല്ലാ കോൾ സെന്ററുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ലഭിക്കുന്ന സേവനങ്ങൾക്ക് മുൻഗണനയുണ്ടാകുമെന്ന് എയർടെൽ അറിയിച്ചിരുന്നു. എല്ലാ സ്റ്റാഫും ആദ്യം പ്ലാറ്റിനം ഉപഭോക്താക്കളെ ആയിരിക്കും പരിഗണിക്കുക. പ്ലാറ്റിനം ഉപയോക്താക്കൾക്ക് കാത്തിരിക്കേണ്ടി വരുന്നില്ല.

വോഡഫോണിന്റെ റെഡ് എക്സ് പോസ്റ്റ്പെയ്ഡ് പ്ലാൻ ഒരു വർഷത്തെ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ, അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ഏഴ് ദിവസത്തെ ഐറോം പായ്ക്ക്, എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള എൻട്രി (അന്താരാഷ്ട്ര, ആഭ്യന്തര) എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. 14 രാജ്യങ്ങളിലേക്ക് ഡിസ്കൗണ്ട് നിരക്കിൽ ഐഎസ്‌ഡി കോളുകൾ വിളിക്കാനും വോഡാഫോൺ റെഡ്എക്സ് ഉപയോക്താക്കൾക്ക് സാധിക്കും.

വോഡാഫോൺ റെഡ്എക്സ് പ്ലാൻ ഒരു വർഷത്തേക്ക് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ, സീ 5 പ്രീമിയം ആക്‌സസ്, ഹോട്ടൽ ബുക്കിംഗ്, മ്യൂസിയം ടിക്കറ്റുകൾക്ക് 10 ശതമാനം കിഴിവ് എന്നീ അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. കസ്റ്റമർ കെയർ സേവനങ്ങളിൽ ഈ ഉപയോക്താക്കൾക്ക് മുൻഗണന ലഭിക്കും. ഇതിനൊപ്പം സാംസങ് ഉൽപ്പന്നങ്ങൾ, മൊബൈൽ ഇൻഷുറൻസ് എന്നിവ സംബന്ധിച്ച ഡീലുകളും ഇതിലൂടെ ലഭിക്കും. വോഡഫോൺ റെഡ് എക്സ് പ്ലാനിന് 1,099 രൂപയാണ് വില.


Click it and Unblock the Notifications








