ചന്ദ്രനെ നേരിട്ട് തൊട്ടടുത്ത് കാണാം; കൈയ്യെത്തും ദൂരത്ത് ഇന്ന് തിരുവനന്തപുരത്ത് ചന്ദ്രനുദിക്കും
തിരുവനന്തപുരം നഗരത്തിൽ ഇന്ന് മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിൽ ചന്ദ്രൻ ഉദിക്കും. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമാണ് ഈ കൃത്രിമ ചന്ദനെ ഉയർത്തുന്നത്. മ്യൂസിയം ഓഫ് മൂൺ എന്നാണ് ഈ കൃത്രിമ ചന്ദ്രൻ അറിയപ്പെടുക.
രാത്രി ഏഴ് മണിയോടെ ആയിരിക്കും ചന്ദ്രനെ ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക. ഈ സമയം മുതൽ തന്നെ സൗജന്യമായി ആളുകൾക്ക് ഇത് കാണാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. 23 അടി വ്യാസം ഉള്ളതായിരിക്കും ഈ ചന്ദ്രന്റെ പ്രതിബിംബം. മനോഹരമായ ദൃശ്യവിരുന്ന് തന്നെ ഇത് സമ്മാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ശരിക്കും ചന്ദ്രനുമായി ഏറെ സാമ്യമുള്ളതായിരിക്കും ഈ കൃത്രിമ ചന്ദൻ. നാസയിൽ നിന്നു ലഭ്യമാക്കിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളും ഈ ചന്ദ്രനിൽ നൽകിയിട്ടുണ്ടാകും.

ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ ഈ കൃത്രിമ ചന്ദ്രൻ സ്ഥിരം പ്രദർശന വസ്തുവായിരിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്നത് ഇതിന്റെ പ്രിവ്യൂ ഷോ ആയിരിക്കും എന്നും അധികൃതർ അറിയിച്ചു. ഡിസംബർ 5ന് രാത്രിയിൽ മാത്രമേ ഈ പ്രിവ്യൂ ഷോ ഉണ്ടായിരിക്കു എന്നും ഇവർ കൂട്ടിച്ചേർത്തു. കനകക്കുന്നിലാണ് ഈ പ്രദർശനം നടക്കുന്നത്. കാണാൻ താൽപര്യമുള്ള ആളുകൾക്ക് രാത്രി 7 മണിമുതൽ തന്നെ സ്ഥലം സന്ദർശിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മ്യൂസിയം ഓഫ് മൂൺ നിർമ്മിക്കുന്ന ലൂക്ക് ജെറം കഴിഞ്ഞ ദിവസം കനകക്കുന്ന് സന്ദർശിച്ചിരുന്നു. യു.എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്‌ജസ് തുടങ്ങി നിരവധി പ്രശസ്തരായ വ്യക്തിക്കളും മ്യൂസിയം ഓഫ് മൂൺ കാണാനായി സ്ഥലത്ത് എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. കൃത്രിമ ചന്ദ്രന്റെ പ്രദർശനത്തിന് മോഡി കൂട്ടാനായി പ്രശസ്ത സംഗീതജ്ഞൻ ഡാൻ ജോൺസിന്റെ സംഗീത പശ്ചാത്തലവും ഇവിടെ ഉണ്ടായിരിക്കുന്നതാണ്. ഈ പ്രദർശനത്തിന് പുറമെ തലസ്ഥാനത്തെ ചില സ്കൂളുകൾ ലൂക്ക് ജെറം സന്ദർശിക്കുന്നതായിരിക്കും.

ഇതിന് പുറമെ മറ്റ് തലസ്ഥാനത്തെ മറ്റ് പരിപാടികളിലും ഇദ്ദേഹം പങ്കെടുക്കുന്നതായിരിക്കും. ഇദ്ദേഹവുമായുള്ള പ്രത്യേക അഭിമുഖം കൈറ്റ് വിക്ടേഴ്സ് ചാനൽ പ്രദർശിപ്പിക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഡിസംബർ അഞ്ച് ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതൽ ആയിരിക്കും ഈ അഭിമുഖം ചാനലിൽ പ്രദർശിപ്പുക്കുക. ലോകത്തിന്റെ പല കോണുകളിൽ ഇതിനോടകം തന്നെ ലൂക്ക് ജെറം തന്റെ മ്യൂസിയം ഓഫ് മൂൺ പ്രദർശിപ്പിച്ചുണ്ട്.
നാസയുമായി സഹകരിച്ചാണ് ഇദ്ദേഹം മ്യൂസിയം ഓഫ് മൂൺ നിർമ്മിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഈ കൃത്രിമ ചന്ദ്രൻ കേരളത്തിൽ എത്തുന്നത്. ആയതിനാൽ തന്നെ ശാസ്ത്ര പ്രേമികൾ ഏറെ കൗതുകത്തോടെയും പ്രതീക്ഷയോടെയുമാണ് ഈ അവസരത്തെ നോക്കി കാണുന്നത്. നിരവധി ആളുകൾ ഈ പ്രദർശനം കാണാൻ എത്തുമെന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്. അതേ സമയം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര പ്രദർശനമാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ.
2024 ജനുവരിയിൽ ആണ് ഈ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആർട് സയൻസും ചേർന്നാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഇതിന്റെ ലോഗോ പ്രകാശനം ചെയ്തത്. രണ്ട് മാസത്തോളം നീണ്ട് നിൽക്കുന്ന ഫെസ്റ്റിവൽ ആയിരിക്കും ഇത് എന്നാണ് സംഘാടകർ പറയുന്നത്. പത്ത് കോടിയോളം രൂപയാണ് ഇതിന്റെ ചിലവിനായി പ്രതീക്ഷിക്കുന്നത്.
നിലവിൽ സംസ്ഥാന സർക്കാർ ഈ ഫെസ്റ്റിവലിനായി നാല് കോടിയോളം രൂപ നീക്കി വെച്ചിട്ടുണ്ട്. ബാക്കി തുക സ്പോണ്‍സര്‍ഷിപ്പിലൂടെയും ടിക്കറ്റിലൂടെയും കണ്ടെത്താനാണ് ശ്രമിക്കുന്നത്. രാത്രികാല വാനനിരീക്ഷണം, വിദ്യാർഥികൾക്കായി സയൻസ് കോൺഗ്രസ്, ശിൽപശാലകൾ തുടങ്ങി നിവധി പരിപാടികളാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്. അതേ സമയം ഈ ഫെസ്റ്റിവൽ കഴിഞ്ഞാലും ഫെസ്റ്റിവലിന്റെ ഭാഗമായ പല വസ്തുക്കളും സ്ഥിരമായി മ്യൂസിയത്തില്‍ സൂക്ഷിക്കാനും സംഘാടകർ പദ്ധതിയിടുന്നുണ്ട്.


Click it and Unblock the Notifications







