10,000 രൂപ തികച്ച് വേണ്ട; പാവപ്പെട്ടവനുള്ള മികച്ച 5ജി ഫോണുകൾ ഇവിടെ റെഡിയാണ്
ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണുകൾ വലിയ അളവിൽ വിറ്റുപോകുന്ന വിപണികളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും സാധാരണക്കാരായത് കൊണ്ടാണ് ഇത്തരത്തിൽ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾക്കും മിഡ് ബഡ്ജറ്റ് ഫോണുകൾക്കും നിരവധി ഉപയോക്താക്കൾ ഉള്ളത്. പ്രമുഖ ഫോൺ നിർമ്മാതാക്കളെല്ലാം തങ്ങളുടെ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
നിരവധി ഫോണുകൾ ഈ സെഗ്മെന്റിൽ ഉള്ളതിനാൽ തന്നെ ഈ വിഭാഗത്തിൽ ഏറ്റവും മികച്ച ഫോൺ ഏതെന്ന് കണ്ടുപിടിയ്ക്കാൻ അൽപം പ്രയാസം ഉണ്ടായിരിക്കും. കാരണം 10,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഫോണുകൾ പലതും നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗം ഫോണുകളും 4ജി നെറ്റ്വർക്കിനെ പിന്തുണയ്ക്കുന്നതായിരിക്കും. 5ജി വലിയ തോതിൽ വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ 4ജി ഫോണുകൾ വാങ്ങുന്നത് മണ്ടത്തരമാണ്.

അതേ സമയം 10,000 രൂപയ്ക്ക് താഴെ വിലയിൽ നിരവധി മികച്ച 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ ലഭ്യമാണ്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഈ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോണാണ് ലാവയുടെ ബ്ലെയ്സ് 2. കഴിഞ്ഞ വർഷമാണ് ലാവ ഈ ഫോൺ പുറത്തിറക്കിയത്. ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ വില 9,999 രൂപയാണ്. 4 ജിബി റാം 64 ജിബി സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 10,999 രൂപയാണ്. 90Hz റീഫ്രഷ് റെയ്റ്റുള്ള 6.56-ഇഞ്ച് എച്ച് പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. MediaTek Dimensity 6020 SoC ചിപ്സെറ്റുള്ള ലാവ ബ്ലെയ്സ് 2-ൽ 5000 എംഎഎച്ച് ബാറ്ററിയും പായ്ക്ക് ചെയ്യുന്നുണ്ട്. മോട്ടറോളയുടെ മോട്ടോ ജി34 ആണ് ഈ സെഗ്മെന്റിൽ വാങ്ങാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ.

10,999 രൂപയാണ് ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ വില. എന്നാൽ എസ്ബിഐയുടെ ബാങ്ക് കാർഡ് ഉപയോഗിച്ചാണ് ഈ ഫോൺ സ്വന്തമാക്കുന്നത് എങ്കിൽ 9,999 രൂപയ്ക്ക് ഈ ഫോൺ ലഭിക്കുന്നതായിരിക്കും. ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് കരുത്ത് നൽകുന്നത് Snapdragon 695 SoC ആണ്. 120Hz അഡാപ്റ്റീവ് റീഫ്രഷ് നിരക്കുള്ള 6.5-ഇഞ്ച് എച്ച്ഡി പ്ലസ് LCD ഡിസ്പ്ലേയും ഈ ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
പോക്കോയുടെ രണ്ട് 5 ഫോണുകൾ ഈ ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പോക്കോ എം6 പ്രോ, പോക്കോ എം6 എന്നിവയാണ് ഈ ഫോണുകൾ. രണ്ട് ഫോണുകളുടെയും വില ആരംഭിക്കുന്നത് 9,499 രൂപയ്ക്കാണ്. പ്രോ പതിപ്പിന് 6.79 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും Qualcomm Snapdragon 4 Gen 2 SoC പ്രൊസസറും നൽകിയപ്പോൾ സ്റ്റാന്റേർഡ് മോഡലിന് 6.74 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് പോക്കോ നൽകിയിരിക്കുന്നത്.
ഇതിന്റെ പ്രോസസർ MediaTek Dimensity 6100+ ആണ്. രണ്ട് ഫോണുകൾക്കും 50 എംപി പ്രൈമറി ക്യാമറയും പോക്കോ നൽകിയിട്ടുണ്ട്. രണ്ട് ഫോണുകൾക്ക് 5000 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്. എയർടെലുമായുള്ള സഹകരണത്തോടെയാണ് ഇതിലെ സ്റ്റാന്റേർഡ് പതിപ്പ് പോക്കോ പുറത്തിറക്കിയിരിക്കുന്നത്. ആയതിനാൽ തന്നെ എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 8,799 രൂപയ്ക്ക് ഈ ഫോൺ സ്വന്തമാക്കാം. ഐടെലിന്റെ പി55 ആണ് ഈ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റൊരു ഫോൺ.
9999 രൂപയ്ക്ക് ഈ ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റ് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 90Hz റീഫ്രഷ് റെയ്റ്റുള്ള 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. MediaTek Dimensity 6080 SoC ആണ് ഈ ഫോണിന്റെ ചിപ്സെറ്റ്. 18W ചാർജിംഗോടുകൂടിയ 5,000 mAh ബാറ്ററി, 50MP ഡ്യുവൽ പിൻ ക്യാമറകൾ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ എന്നിവയും ഈ ഫോണിന്റെ ഫീച്ചറുകളാണ്.


Click it and Unblock the Notifications








