സൂക്ഷിക്കുക, ഈ മാൽവെയർ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ പോലും നിയന്ത്രിക്കും
മാൽവെയർ ആക്രമണങ്ങൾ ദിനംപ്രതി വർധിച്ച് വരികയാണ്. വലിയ കമ്പനികളെയും സർക്കാർ സ്ഥാപനങ്ങളെ പോലും ഹാക്കർമാർ മാൽവെയറിലൂടെ ആക്രമിക്കുന്നുണ്ട്. സാധാരണക്കാർക്കും ഇത്തരം മാൽവെയർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വരാറുണ്ട്. നമ്മുടെ തന്നെ പ്രശ്നങ്ങളാണ് ഇത്തരം മാൽവെയർ ആക്രമണങ്ങൾക്ക് നമ്മൾ ഇരയാകാനുള്ള കാരണം. ഏതെങ്കിലും വഴിയിൽ ഇത്തരം മാൽവെയർ നമ്മുടെ ഡിവൈസിൽ എത്തിയിട്ടുണ്ടാകും. ഇത് നമ്മുടെ സ്വകാര്യ വിവരങ്ങൾ എക്‌സ്‌ട്രാക്റ്റ് ചെയ്യുന്നു. ഇപ്പോഴിതാ അത്തരമൊരു മാൽവെയർ കണ്ടെത്തിയിരിക്കുകയാണ്.

മൈക്രോസോഫ്റ്റ് സ്റ്റോറിലെ ഒരു നിയമാനുസൃത ആപ്പായി വേഷം മാറുകയും ഉപയോക്താക്കളുടെ ഡിവൈസുകളിലേക്ക് നുഴഞ്ഞുകയറുകയും ആ ഡിവൈസുകളെ ആകെ അപകടത്തിലാക്കുകയും ചെയ്യുന്ന മാൽവെയറാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ മാൽവെയറിന്റെ പ്രത്യേകത ഇത് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനുപകരം ആളുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ നിയന്ത്രണം നേടുകയാണ് ചെയ്യുന്നത്. നമ്മൾ പോലും അറിയാതെ നമ്മുടെ സോഷ്യൽമീഡിയ അക്കൌണ്ടുകൾ നിയന്ത്രിക്കാൻ ഈ മാൽവെയറുകൾക്ക് സാധിക്കും.

സെക്യൂരിറ്റി റിസർച്ച് സ്ഥാപനമായ ചെക്ക് പോയിന്റ് റിസർച്ച് (സിപിആർ) അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് പുതിയ മാൽവെയറിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ഗൂഗിൾ, സൗണ്ട്ക്ലൗഡ്, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള ഉപയോക്താക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ നിയന്ത്രണം നേടാൻ കഴിവുള്ള മാൽവെയറാണ് ഇത്. 'ഇലക്ട്രോൺ ബോട്ട്' എന്നാണ് പുതിയ മാൽവെയർ അറിയപ്പെടുന്നത്. ഇത് ഏറെ അപകടകാരിയാണെന്ന് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു. മൈക്രോസോഫ്റ്റിന്റെ ഒഫീഷ്യൽ സ്റ്റോർ വഴി സജീവമായി വിതരണം ചെയ്യുന്ന പുതിയ മാൽവെയർ ഇതിനകം 5,000 മെഷീനുകളെ ബാധിച്ചിട്ടുണ്ടെന്നും സുരക്ഷാ ഗവേഷണ സ്ഥാപനം അതിന്റെ റിപ്പോർട്ടിൽ പറഞ്ഞു.

ഫേസ്ബുക്ക്, ഗൂഗിൾ, സൗണ്ട് ക്ലൗഡ് എന്നിവ അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നത് പോലുള്ള അറ്റാക്ക് കമാൻഡുകലാണ് മാൽവെയർ തുടർച്ചയായി നടപ്പിലാക്കുന്നത്. ഈ മാൽവെയറിന് പുതിയ അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്യാനും ലോഗിൻ ചെയ്യാനും മറ്റുള്ളവരുടെ പോസ്റ്റുകൾ "ലൈക്ക്" ചെയ്യാനും കഴിയുമെന്നും ചെക്ക് പോയിന്റ് റിസർച്ച് അതിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ അക്കൌണ്ടുകൾ നിയന്ത്രിക്കാൻ പോലും സാധിക്കുന്നുവെന്നത് ഈ മാൽവെയറിന്റെ അപകട സാധ്യത വെളിപ്പെടുത്തുന്നു.

എന്താണ് ഇലക്ട്രോൺ ബോട്ട് മാൽവെയർ?
ചെക്ക് പോയിന്റ് റിസർച്ച് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ സോഷ്യൽ മീഡിയ പ്രമോഷനും ക്ലിക്ക് ഫ്രോഡിനും ഉപയോഗിക്കുന്ന ഒരു മോഡുലാർ എസ്ഇയോ പോയിസണിങ് മാൽവെയറാണ് ഇലക്ട്രോൺ ബോട്ട്. ഇത് പ്രധാനമായും മൈക്രോസോഫ്റ്റ് സ്റ്റോർ വഴിയാണ് ഡിവൈസുകളിൽ എത്തുന്നത്. വിതരണം ചെയ്യപ്പെടുന്നതാകട്ടെ ഡസൻ കണക്കിന് മാൽവെയർ ബാധിച്ച ആപ്പുകൾ വഴിയുമാണ്. ഇത്തരം ആപ്പുകളിൽ കൂടുതലും ഗെയിമുകളാണ്. ഈ ഗെയിമുകൾ ഹാക്കർമാർ നിരന്തരം അപ്‌ലോഡ് ചെയ്യാറുണ്ട്. ഈ മാൽവെയർ കണ്ടെത്തുന്നത് ഒഴിവാക്കാൻ മാൽവെയർ നിയന്ത്രിക്കുന്ന മിക്ക സ്ക്രിപ്റ്റുകളും ഹാക്കർമാരുടെ സെർവറുകളിൽ നിന്ന് റൺ ടൈമിൽ ചലനാത്മകമായി ലോഡുചെയ്യുന്നു. ഏത് സമയത്തും മാൽവെയറിന്റെ പേലോഡ് പരിഷ്കരിക്കാനും ബോട്ടുകളുടെ സ്വഭാവം മാറ്റാനും ഇത് ഹാക്കർമാരെ സഹായിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

ഇലക്ട്രോൺ ബോട്ട് മാൽവെയറിന്റെ പ്രവർത്തനം
മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഒരു മാൽവെയർ ബാധിച്ച ആപ്പിലൂടെ ഇലക്‌ട്രോൺ ബോട്ട് മാൽവെയറിന്റെ വിതരണം നടക്കുന്നത്. മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത ഗെയിം ഒരു ഉപയോക്താവ് ഉപയോഗിക്കാൻ ആരംഭിക്കുമ്പോൾ ഹാക്കർമാരുടെ സെർവറിൽ നിന്ന് ബാഗ്രൌണ്ടിൽ ഒരു ജാവസ്ക്രിപ്റ്റ് ഡ്രോപ്പർ ലോഡുചെയ്യുന്നു. ഇത് മാൽവെയർ ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും സ്റ്റാർട്ടപ്പ് ഫോൾഡറിൽ സ്ഥിരത നേടുകയും ചെയ്യുന്നു.

അടുത്ത സിസ്റ്റം സ്റ്റാർട്ടപ്പിലൂടെ മാൽവെയർ പ്രവർത്തനം ആരംഭിക്കും. ഇത് ആരംഭിച്ചാൽ സി&സി ഡൊമെയ്‌ൻ ഇലക്‌ട്രോൺ ബോട്ടുമായി ഒരു കണക്ഷൻ സ്ഥാപിക്കുകയും ഉപയോക്താക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. ഈ മാൽവെറിൽ നിന്നും നിങ്ങളുടെ സിസ്റ്റം സുരക്ഷിതമായിരിക്കുമെന്നുവെന്ന് ഉറപ്പാക്കുക.


Click it and Unblock the Notifications








