ഇതാണ് മറ്റ് ടെലിക്കോം കമ്പനികളെ വെല്ലുവിളിക്കുന്ന ബിഎസ്എൻഎൽ 4ജി പ്ലാൻ
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ വിപണി വിഹിതത്തിന്റെ കാര്യത്തിൽ ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് പിന്നിലാണ് എങ്കിലും മികച്ച പ്ലാനുകൾ നൽകുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ട്. ബിഎസ്എൻഎല്ലിന് മികച്ച 30 ദിവസം വാലിഡിറ്റിയുള്ള ഒരു 4ജി പ്രീപെയ്ഡ് പ്ലാൻ ഉണ്ട്. ഈ പ്ലാൻ മറ്റ് ടെലിക്കോം കമ്പനികൾ നൽകന്ന പ്ലാനുകളെക്കാൾ വളരെ മികച്ചതാണ്. മറ്റ് കമ്പനികൾ ഒരു മാസം വാലിഡിറ്റി എന്ന് പറയുമെങ്കിലും 28 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. എന്നാൽ ബിഎസ്എൻഎൽ ഈ പ്ലാനിലൂടെ 30 ദിവസം മുഴുവനും സേവനങ്ങൾ നൽകുന്നു.

ബിഎസ്എൻഎൽ അടുത്തിടെയാണ് 30 ദിവസത്തെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. ഈ പ്ലാൻ ബൾക്ക് ഡാറ്റ ആനുകൂല്യത്തോടെയാണ് വരുന്നത്. ജിയോ സമാനമായ പ്ലാൻ അവതരിപ്പിച്ചതിന് പിന്നാലെയാണ് ബിഎസ്എൻഎല്ലും ഇത്തരമൊരു പ്ലാൻ നൽകുന്നത്. ബിഎസ്എൻഎൽ പ്ലാൻ ജിയോയുടെ പ്ലാനിനെക്കാൾ കൂടുതൽ ഡാറ്റ നൽകുന്നു എന്നതാണ് ശ്രദ്ധേയം. എസ്ടിവി 247 എന്നാണ് ബിഎസ്എൻഎൽ നൽകുന്ന ഈ പ്ലാനിന്റെ പേര്. 247 രൂപയാണ് ഈ പ്ലാനിനായി ഉപയോക്താവ് നൽകേണ്ടി വരുന്നത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

ബിഎസ്എൻഎൽ എസ്ടിവി 247
ബിഎസ്എൻഎൽ 247 രൂപ 4ജി പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ കാലയളവിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 50 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിൽ ദിവസേന നിശ്ചിത ഡാറ്റ എന്ന ലിമിറ്റ് ഇല്ല എന്നതാണ് ശ്രദ്ധേയം. പ്ലാനിലൂടെ ലഭിക്കുന്ന മൊത്തം 50ജിബി ഡാറ്റ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് സർവീസസ് എന്നിവയുടെ അധിക ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ എസ്ടിവി 247 നൽകുന്ന 50 ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാലും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ബ്രൌസിങ് ചെയ്യാം. ഇതിനായി 80 കെബിപിഎസ് വേഗതയാണ് കമ്പനി നൽകുന്നത്. ദിവസേന നിശ്ചിത ലിമിറ്റ് ഇല്ലാതെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുമെന്നതിനാൽ ചില ദിവസങ്ങളിൽ കൂടുതൽ ഡാറ്റ ആവശ്യമായി വരുന്ന വരിക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന പ്ലാനാണ് ഇത്. 30 ദിവസത്തെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ലഭിക്കുന്ന 50 ജിബി ഡാറ്റ എന്നത് ദിവസേന 1.5ജിബി ഡാറ്റ ലഭിക്കുന്നതിന് തുല്യമാണ്.

ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിലൂടെ ലഭിക്കുന്ന 50 ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷവും ഉപയോക്താക്കൾക്ക് അധിക ഡാറ്റ ആവശ്യമെങ്കിൽ 4ജി ഡാറ്റ വൗച്ചറുകൾ റീചാർജ് ചെയ്യാവുന്നതാണ്. സൌജന്യ വോയിസ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നുണ്ട് എന്നതിനാൽ ഇതിനായി പ്രത്യേക റീചാർജുകൾ ചെയ്യേണ്ടി വരില്ല. എസ്എംഎസ് ആനുകൂല്യങ്ങളും 30 ദിവസത്തേക്ക് ലഭിക്കും. ഈ പ്ലാൻ റീചാർജ് ചെയ്താൽ ലഭിക്കുന്ന 50ജിബി ഡാറ്റയിൽ ഉപയോഗിക്കാതെ ബാക്കി വരുന്ന ഡാറ്റ ഉണ്ടെങ്കിൽ അത് വാലിഡിറ്റി അവസാനിക്കുന്നതോടെ തീരും.

മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ
ജിയോയുടെ 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനിനും 247 രൂപ തന്നെയാണ് വില വരുന്നത്. ഈ പ്ലാൻ മൊത്തം 25ജിബി ഡാറ്റ മാത്രമേ നൽകുന്നുള്ളു. കോളിങ്, എസ്എംഎസ് ആനുകൂല്യം ഈ പ്ലാനിലൂടെയും ലഭിക്കും. വിഐയുടെ 30 ദിവസത്തെ പ്ലാനിന് 267 രൂപയാണ് വില. ഈ പ്ലാനും 25ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നു. എയർടെല്ലിന്റെ 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന് 299 രൂപയാണ് വില. ഈ പ്ലാൻ 30ജിബി ഡാറ്റയാണ് നൽകുന്നത്. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനുകൾ എല്ലാം നോക്കുമ്പോൾ മികച്ചത് ബിഎസ്എൻഎൽ പ്ലാൻ തന്നെയാണ്.


Click it and Unblock the Notifications