ബിഎസ്‌എൻഎൽ 4ജി: വിദേശ കമ്പനികളുടെ നെറ്റ്‌വർക്ക് കോർ ഉപകരണങ്ങൾ വേണ്ടെന്ന് സർക്കാർ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബിഎസ്‌എൻഎൽ) ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ ആരംഭിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ബിഎസ്എൻഎല്ലിന് 4ജി സ്പ്കെട്രം അനുവദിച്ചു എങ്കിലും പ്രധാന നെറ്റ്‌വർക്ക് ഉപകരണങ്ങൾ വിദേശ കമ്പനികളിൽ നിന്ന് വാങ്ങുന്നതിനെതിരെ എതിർപ്പ് ഉയർന്നതുകൊണ്ട് 4ജി ടെണ്ടർ റദ്ദാക്കേണ്ടിവന്നു. ഇന്ത്യൻ വെണ്ടർമാരിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാൻ ബിഎസ്‌എൻഎല്ലിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. കമ്മ്യൂണിക്കേഷൻ മന്ത്രാലയം (എംഒസി) വിദേശ കമ്പനികളായ എറിക്സൺ, നോക്കിയ, സാംസങ് എന്നിവയിൽ നിന്ന് കോർ നെറ്റ്‌വർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള അഭ്യർത്ഥന നിരസിച്ചു.

ബിഎസ്‌എൻഎൽ 4ജിക്ക് ഇനിയും കാത്തിരിക്കണം
ഇന്ത്യൻ കമ്പനികളുടെ പ്രൊഡക്ടുകൾക്ക് വിശ്വാസ്യത പോരെന്ന് ചൂണ്ടിക്കാട്ടി വിദേശ വെണ്ടർമാരുടെ ഡിവൈസുകൾ വാങ്ങാൻ ബിഎസ്എൻഎൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതാണ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം നിരസിച്ചത്. ഇതിനകം മറ്റ് കമ്പനികൾ ഉപയോഗിച്ച് തെളിയിക്കപ്പെട്ട നെറ്റ്‌വർക്ക് ഉപകരണങ്ങൾ ബിഎസ്‌എൻഎല്ലിന് ആവശ്യമായിരുന്നു. നോക്കിയ, എറിക്സൺ, സാംസങ് എന്നിവയുടെ പ്രൊഡക്ടുകളാണ് ഇത്തരത്തിൽ ഉള്ളത്. ഇവ വാങ്ങാൻ അനുമതി തേടിയാണ് ബിഎസ്എൻഎൽ സർക്കാരിനെ സമീപിച്ചത്.

ഇക്കണമിക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തിരക്കുള്ള ശക്തനായ ഒരു കാബിനറ്റ് മന്ത്രിയാണ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം നൽകിയ നിർദേശം നിരസിച്ചത്. നേരത്തെ മന്ത്രാലയം നെറ്റ്വർക്ക് കോർ ഉപകരണങ്ങൾ നൽകി പരിചയമുള്ള വിദേശ കമ്പനിയെ 4ജി വികസിപ്പിക്കാനുള്ള പദ്ധതിയെ സപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യൻ കമ്പനികൾക്ക് നെറ്റ്‌വർക്കിനായി പ്രൂഫ് ഓഫ് കൺസെപ്റ്റ് (പിഒസി) ക്രിയേറ്റ് ചെയ്യാൻ സാധിക്കാത്ത അത്രയും കുറച്ച് കാലം മാത്രമായിരുന്നു ഉള്ളതെന്നായിരുന്നു നേരത്തെ ബിഎസ്എൻഎല്ലിന്റെ വാദം. നാല് മാസം കൊണ്ട് 4ജി നെറ്റ്വർക്കിനായുള്ള ഉപകരണങ്ങൾ പൂർണമായും ഉണ്ടാക്കാൻ ഇന്ത്യൻ കമ്പനികൾ തയാറല്ലെന്ന് ബിഎസ്എൻഎൽ അറിയിച്ചിരുന്നു. 2022ന്റെ രണ്ടാം പകുതി വരെ ഇന്ത്യൻ കമ്പനികൾക്ക് ഇതിന് സാധിക്കില്ലെന്നും ഇത് കാലതാമസം ഉണ്ടാകുമെന്നുമാണ് ബിഎസ്എൻഎൽ അറിയിച്ചത്.

വിലയേറിയ സമയം ലാഭിക്കുന്നതിനായി പിഒസികളെ നാല് പ്രവർത്തന മേഖലകളിൽ ഒന്നിൽ മാത്രം പരിമിതപ്പെടുത്തണമെന്ന് ബിഎസ്‌എൻഎൽ അറിയിച്ചിരുന്നു. 57,000 സൈറ്റുകൾ അപ്ഡേറ്റ് ചെയ്യാനായി ബിഎസ്എൻഎൽ ഇന്ത്യൻ കമ്പനികളോട് പിഒസിക്കായി എക്സ്പ്രഷൻ ഓഫ് ഇൻററസ്റ്റ് (ഇഒഐ) വഴി നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ 4ജി
രാജ്യം 5ജി നെറ്റ്വർക്കിലേക്ക് കടക്കാൻ തയ്യാറാവുന്ന അവസരത്തിലാണ് ബിഎസ്എൻഎൽ 4ജി വികസിപ്പിക്കുന്നത് നീട്ടികൊണ്ടുപോകുന്നത്. കേരളം ഉൾപ്പെടെ ചുരുക്കം ചില സർക്കിളുകളിൽ ബിഎസ്എൻഎൽ നിലവിൽ 4ജി നൽകുന്നുണ്ട്. ഇന്ത്യയിലെ ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച സർക്കിളുകളിലൊന്നാണ് ബിഎസ്എൻഎൽ. കേരളത്തിലെ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ 4ജി ലഭ്യമാണ് എങ്കിലും മറ്റ് സ്ഥലങ്ങളിലേക്ക് പോകുമ്പോൾ 3ജി മാത്രമേ ലഭിക്കുകയുള്ളു. നെറ്റ്വർക്ക് അപ്ഗ്രേഡ് ചെയ്യുന്നതിലൂടെ ബിഎസ്എൻഎൽ വിപണിയിലെ ശക്തമായ കമ്പനിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








