1 ജിബിപിഎസ് വരെ വേഗത നൽകുന്ന ജിയോ, എയർടെൽ, ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ
കൊവിഡ് കാലം ബ്രോഡ്ബാന്റ് വിപണിയിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ധാരാളം ആളുകൾ ബ്രോഡ്ബാന്റ് കണക്ഷനുകൾ എടുത്ത കാലമാണ് ഇത്. വീട്ടിലിരുന്ന് ജോലി ചെയ്യാനും ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നും സ്ട്രീമിങ് ചെയ്യാനുമെല്ലാം നമ്മൾ ബ്രോഡ്ബാന്റ് ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണി ഇന്ന് മത്സരാധിഷ്ഠിതമായ ഒന്ന് കൂടിയാണ്. ബിഎസ്എൻഎല്ലിന് വലിയ ആധിപത്യമുള്ള വിപണിയിൽ പിടിമുറുക്കാൻ ശ്രമിക്കുകയാണ് ജിയോഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും. ഇവയോട് മത്സരിക്കാൻ മികച്ച ഭാരത് ഫൈബർ പ്ലാനുകൾ ബിഎസ്എൻഎല്ലും നൽകുന്നുണ്ട്.

ഡാറ്റ, ഇന്റർനെറ്റ് വേഗത, ഒടിടി ആനുകൂല്യങ്ങൾ എന്നിങ്ങനെ പ്ലാനുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ധാരാളമാണ്. വേഗതയുള്ള പ്ലാനുകൾക്ക് ആവശ്യക്കാർ ഏറെയാണ് ഈ ഇന്റർനെറ്റ് സേവനദാതാക്കൾ 1 ജിബിപിഎസ് വരെ വേഗതയുള്ള ബ്രോഡ്ബാന്റ് പ്ലാനുകൾ തങ്ങളുടെ ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്നുണ്ട്. ഏറ്റവും കൂടുതൽ വേഗത നൽകുന്ന ജിയോ ഫൈബർ, എയർടെൽ എക്ട്രീം ഫൈബർ ബിഎസ്എൻഎൽ ഭാരത് ഫൈബർ എന്നിവയുടെ മികച്ച ചില പ്ലാനുകൾ നോക്കാം.

ജിയോഫൈബർ പ്ലാനുകൾ
ഏറ്റവും വേഗതയുള്ള ബ്രോഡ്ബാന്റ് പ്ലാനുകളുടെ വിഭാഗത്തിൽ ജിയോ അവതരിപ്പിച്ച 1 ജിബിപിഎസ് വേഗത നൽകുന്ന മികച്ച രണ്ട് പ്ലാനുകൾ ഉണ്ട്. വ്യത്യസ്ത ഡാറ്റ ലിമിറ്റുമായിട്ടാണ് ഈ പ്ലാനുകൾ വരുന്നത്. ഈ വിഭാഗത്തിലെ ജിയോഫൈബറിന്റെ ആദ്യത്തെ പ്ലാൻ പ്രതിമാസം 3,999 രൂപയ്ക്ക് ലഭിക്കുന്ന പ്ലാനാണ്. 30 ദിവസത്തേക്ക് 3.3 ടിബി അഥവാ 3300 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ ഡാറ്റ അവസാനിക്കുന്നത് വരെ 1 ജിബിപിഎസ് ഇന്റർനെറ്റ് വേഗതയും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

ജിയോഫൈബറിന്റെ ഏറ്റവും വേഗതയുള്ള പ്ലാനുകളിൽ അടുത്തത് 1 ജിബിപിഎസ് വേഗത തന്നെ നൽകുന്ന 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കായി 8,499 രൂപ നൽകേണ്ട പ്ലാനാണ്. ഈ പ്ലാനിലൂടെ മൊത്തം 6600 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. കൂടുതൽ ഡാറ്റ വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്. ഈ രണ്ട് പ്ലാനുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 1 ജിബിപിഎസ് അപ്‌ലോഡ് ഡൗൺലോഡ് വേഗതയും നൽകുന്നു.

ജിയോഫൈബറിന്റെ രണ്ട് പ്ലാനുകളും ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്ക് പുറമേ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിലേക്കും മറ്റ് പതിമൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് നൽകുന്നു. ഈ പ്ലാനിനൊപ്പം ലഭിക്കുന്ന ആമസോൺ പ്രൈം വീഡിയോ സബ്ക്രിപ്ഷന് ഒരു വർഷത്തെ കാലാവധിയാണ് ഉള്ളത്. ഈ പ്ലാനുകളുടെ വിലകൾ ജിഎസ്ടി ഒഴികെയുള്ളതാണ്. ജിഎസ്ടി കൂടി ചേർന്ന് മാത്രമേ നിങ്ങൾക്ക് ഇവ ലഭിക്കുകയുള്ളു. റിലയൻസ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ ആക്സസ് ചെയ്യാൻ കഴിയും.

എയർടെൽ എക്സ്ട്രീം പ്ലാൻ
എയർടെല്ലിന് 1 ജിബിപിഎസ് വേഗത നൽകുന്ന അൺലിമിറ്റഡ് ഡാറ്റ പ്ലാനുണ്ട്. ഈ പ്ലാനിനെ ഇൻഫിനിറ്റി പ്ലാൻ എന്നും അറിയപ്പെടുന്നു. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്‌സ്റ്റാർ, വിങ്ക് മ്യൂസിക് എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു. 'ഇൻഫിനിറ്റി' പ്ലാൻ ആക്സസ് ചെയ്യാൻ ഉപയോക്താക്കൾക്ക് എയർടെൽ എക്‌സ്ട്രീം ഫൈബർ കണക്ഷൻ ലഭിക്കും. ഈ പ്ലാൻ ഒരു മാസത്തേക്ക് 3,999 രൂപയ്ക്കാണ് ലഭ്യമാകുന്നത്. 1 ജിബിപിഎസ് അതിവേഗ ഇന്റർനെറ്റ് ഡാറ്റ നൽകുന്ന പ്ലാനിലൂടെ 3500 ജിബി അഥവാ 3.5 ടിബി ഡാറ്റയാണ് ലഭിക്കുന്നത്.

3,999 രൂപ വിലയുള്ള എയർടെൽ എക്സ്ട്രീം ഇൻഫിനിറ്റി പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്ന 3500 ജിബി എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഈ പ്ലാനിന്റെ വേഗത കുറയുന്നു. പ്ലാനിന്റെ വില ജിഎസ്ടി ഒഴികെയുള്ളതാണ്, അതുകൊണ്ട് തന്നെ നിങ്ങൾ ഈ പ്ലാൻ തിരഞ്ഞെടുക്കുകയാണ് എങ്കിൽ അല്പം കൂടുതൽ തുക നൽകേണ്ടി വരും. ഈ പ്ലാൻ ഡൽഹി നഗരത്തിൽ ലഭ്യമാകുന്ന വിലയും സവിശേഷതകളുമായിട്ടാണ് വിശദീകരിച്ചിരിക്കുന്നത്. വിവിധ നഗരങ്ങളിൽ പ്ലാനുകൾക്ക് നേരിയ വ്യത്യാസമുണ്ടാകും. ഈ പ്ലാനിലൂടെ എയർടെല്ലിന്റെ എഫ്‌ടിടിഎച്ച് സാങ്കേതികവിദ്യ ഉപയോഗിച്ച് 60 ഉപകരണങ്ങളെ വരെ കണക്‌റ്റ് ചെയ്യാനും അതിവേഗ ഡൗൺലോഡുകൾ നൽകാനും ഇതിന് സാധിക്കും.

ബിഎസ്എൻഎൽ ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് പ്ലാൻ
ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളിൽ ഒന്നാണെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഇതുവരെ 1 ജിബിപിഎസ് ഡാറ്റ പ്ലാൻ ആരംഭിച്ചിട്ടില്ല. ബിഎസ്എൻഎൽ ഭാരത് ഫൈബർ കണക്ഷനു കീഴിൽ നൽകുന്ന ഏറ്റവും ഉയർന്ന വേഗതയുള്ള പ്ലാൻ 'ഫൈബർ അൾട്രാ' എന്ന പ്ലാനാണ്. ഈ പ്ലാനിന് 1,499 രൂപയാണ് വില. ഒരു മാസത്തെ വാലിഡിറ്റി കാലയളവിലേക്ക് 300 എംബിപിഎസ് ഇന്റർനെറ്റ് വേഗതയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 4000 ജിബി ഡാറ്റ വരെയാണ് ഈ പ്ലാനിലൂടെ അതിവേഗ ഡാറ്റയായി ലഭിക്കുന്നത്. ഇത് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 4 എംബിപിഎസ് വേഗതയാണ് ലഭിക്കുക.

300 എംബിപിഎസ് വേഗത നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ 12 മാസത്തെ വാലിഡിറ്റി കാലയളവിലും ലഭിക്കും. ഇതിനെ 'ഫൈബർ അൾട്രാ ആനുവൽ' എന്നാണ് വിളിക്കുന്നത്. ഈ പ്ലാൻ മുകളിൽ പറഞ്ഞ അതേ ആനുകൂല്യങ്ങൾ നൽകുന്നു. ഇത് കൂടാതെ ഒരു മാസത്തെ അധിക സൗജന്യ സേവനവും ലഭിക്കും. ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കുമ്പോൾ ഈ പ്ലാനിന് 17,988 രൂപയാണ് വില വരുന്നത്. ദീർഘകാല പ്ലാനുകൾക്കായി തിരയുന്ന ഉപയോക്താക്കൾക്ക് 24 മാസത്തെ വാലിഡിറ്റി കാലയളവിലേക്ക് 300 എംബിപിഎസ് വേഗത നൽകുന്ന പ്ലാൻ ആക്സസ് ചെയ്യാൻ സാധിക്കും. ഈ പ്ലാൻ ആക്സസ് ചെയ്താൽ ബിഎസ്എൻഎൽ 24 മാസത്തിനൊപ്പം മൂന്ന് മാസത്തെ സൗജന്യ സേവനവും നൽകുന്നു. ഈ പ്ലാനിന് 35,976 രൂപയാണ് വില. ആനുകൂല്യങ്ങളെല്ലാം സമാനമാണ്.


Click it and Unblock the Notifications








