ബിഎസ്എൻഎൽ പ്ലാനുകളിൽ മാറ്റം; വാലിഡിറ്റി കുറച്ചു, മൂന്ന് പ്ലാനുകൾ പിൻവലിച്ചു
രാജ്യത്തെ പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റം വരുത്തി. രണ്ട് പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി കുറയ്ക്കുകയും മൂന്ന് പ്ലാനുകൾ പിൻവലിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 29 രൂപയുടെയും 47 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയാണ് കമ്പനി കുറച്ചത്. ഇതിനൊപ്പം തന്നെ എല്ലാ ടെലികോം സർക്കിളുകളിലുമുള്ള 7 രൂപ, 9 രൂപ, 192 രൂപ നിരക്കുകളിലുള്ള മൂന്ന് പ്രീപെയ്ഡ് എസ്ടിവികളും കമ്പനി പിൻവലിച്ചു. രാജ്യത്തെ മുൻനിര ടെലിക്കോം ഓപ്പറേറ്റകമാരെല്ലാം അവരുടെ താരിഫ് പ്ലാനുകൾ വർദ്ധിപ്പിച്ചപ്പോൾ വ്യത്യസ്തമായൊരു സമീപനമാണ് ബിഎസ്എൻഎൽ സ്വീകരിക്കുന്നത്.

പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു
ബിഎസ്‌എൻഎല്ലിൽ നിന്നുള്ള 29 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ കമ്പനിയുടെ ഏറ്റവും മികച്ച പ്രതിവാര പ്ലാനുകളിലൊന്നാണ്. എന്നാൽ പ്ലാനിന്‍റെ കാലാവധി ഇപ്പോൾ വെറും അഞ്ച് ദിവസമായി ചുരുക്കിയിരിക്കുകയാണ്. 47 രൂപ പ്ലാൻ നേരത്തെ 9 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത് എങ്കിൽ ഇപ്പോഴത് ഒരാഴ്ച മാത്രം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. താരിഫ് വർദ്ധിപ്പിക്കുന്നതിന് പകരം ബിഎസ്‌എൻഎൽ അതിന്‍റെ പ്ലാനുകളുടെ സാധുത കുറയ്ക്കുകയാണ് ചെയ്യുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചെറിയ രൂപയ്ക്കുള്ള താരിഫ് വൗച്ചറുകളും ബിഎസ്എൻഎൽ ഒഴിവാക്കുന്നു.

ടെലികോം ടോക്കിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ബിഎസ്‌എൻഎൽ അതിന്‍റെ എതിരാളികളോട് കിടപിടിക്കുന്ന പുതിയ പ്ലാനുകൾ കൊണ്ടിവരാനുള്ള ശ്രമത്തിലാണ്. 50 രൂപ വിലയുള്ള കോംബോ പ്ലാനുകൾ വാഗ്ദാനം ചെയ്ത ഇന്ത്യയിലെ രണ്ട് ഓപ്പറേറ്റർമാർ ബിഎസ്‌എൻഎല്ലും റിലയൻസ് ജിയോയും മാത്രമാണ് എന്ന് റിപ്പോർട്ട് പ്രത്യേകം എടുത്ത് പറയുന്നുണ്ട്. അതേസമയം 19 രൂപയ്ക്കും 52 രൂപയും വിലയുള്ള അൺലിമിറ്റഡ് സാച്ചെറ്റ് പായ്ക്കുകൾ ജിയോ നീക്കം ചെയ്തു. ബിഎസ്‌എൻഎൽ അവട്ടെ ആ നിലവാരത്തിലുള്ള രണ്ട് പ്ലാനുകളുടം സാധുത കുറയ്ക്കുകയാണ്. കുറഞ്ഞ വിലയ്ക്കുള്ള കോംബോ പ്ലാനുകൾ കമ്പനി ഇപ്പോഴും നിലനിർത്തുന്നു എന്നതും ശ്രദ്ധേയമാണ്.

29 രൂപ എസ്‌ടിവി പ്ലാനിലൂടെ ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഓഫ്-നെറ്റ്, ഓൺ-നെറ്റ് വോയ്‌സ് കോളിംഗ് ലഭിക്കുന്നു. പക്ഷേ ഒരു ദിവസം പരമാവധി 250 മിനിറ്റ് മാത്രമാണ് ഈ കോളകൾ ഉപയോഗിക്കാൻ സാധിക്കുക. മുഴുവൻ വാലിഡിറ്റി കാലയളവിലുമായി 1 ജിബി ഡാറ്റയും 300 എസ്എംഎസും പ്ലാനിലൂടെ ലഭിക്കും. ഇപ്പോൾ ഈ പ്ലാൻ മുമ്പത്തെ ഏഴു ദിവസത്തെ വാലിഡിറ്റി ചുരുക്കി അഞ്ച് ദിവസത്തെ വാലിഡിറ്റിയോടെ വരുന്നു.

47 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ പ്രതിദിനം 250 മിനിറ്റ് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഏഴ് ദിവസത്തേക്ക് 1 ജിബി ഡാറ്റയും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നേരത്തെ പിആർബിടി ആനുകൂല്യവുമായാണ് പ്ലാൻ വന്നിരുന്നതെങ്കിൽ ഇപ്പോഴത് ലഭ്യമല്ല. രണ്ട് പ്ലാനുകളും എംടിഎൻഎൽ നെറ്റ്‌വർക്കിലേക്ക് സൗജന്യ വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു.

മൂന്ന് പ്രീപെയ്ഡ് എസ്ടിവികൾ പിൻവലിച്ചു
പ്ലാനുകൾ പുതുക്കുന്നതിന്‍റെ ഭാഗമായി ബിഎസ്‌എൻഎൽ മൂന്ന് എസ്ടിവികളെ പ്രീപെയ്ഡ് പോർട്ട്‌ഫോളിയോയിൽ നിന്ന് നീക്കം ചെയ്തു. കമ്പനി നീക്കം ചെയ്ത എസ്ടിവികൾ 7 രൂപ, 9 രൂപ, 192 രൂപ നിരക്കുകളിലുള്ളവയാണ്. 7 രൂപ എസ്ടിവി ഒരു ദിവസത്തേക്ക് 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്തിരുന്ന പ്ലാനായിരുന്നു. ഒമ്പത് രൂപ പ്ലാൻ 250 മിനിറ്റ് കോളുകളും 100 എംബി ഡാറ്റയും 100 എസ്എംഎസുകളും വാഗ്ദാനം ചെയ്ത പ്ലാനാണ്. ഒരു ദിവസമാണ് ഈ പ്ലാനിനുണ്ടായിരുന്ന വാലിഡിറ്റി. 192 രൂപയുടെ പ്ലാൻ അൺലിമിറ്റഡ് കോളിങ്, 3 ജിബി ഡെയ്‌ലി ഡാറ്റ, 100 എസ്എംഎസ്, 28 ദിവസത്തേക്ക് സൗജന്യ പിആർബിടി എന്നിവ വാഗ്ദാനം ചെയ്തിരുന്ന പ്ലാനാണ്.


Click it and Unblock the Notifications








