91 ജിബി ഡാറ്റ നൽകുന്ന 1498 രൂപയുടെ പുതിയ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ
ലോക്ക്ഡൌൺ കാലത്ത് തടസ്സമില്ലാതെ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് എല്ലാ ടെലിക്കോം കമ്പനികളും ശ്രദ്ധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച ഡാറ്റ ഓഫറുകളുടെ നിരയിലേക്ക് ബിഎസ്‌എൻഎൽ പുതിയൊരു പ്ലാൻ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്. 1,498 രൂപയുടെ പുതിയ ഡാറ്റാ എസ്ടിവിയാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. ഈ പ്ലാനിലൂടെ ദിവസേനയുള്ള പരിധിയൊന്നും ഇല്ലാതെ 91 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്.

1,498 രൂപ പ്ലാനിലൂടെ ലഭിക്കുന്ന 90 ജിബി അതിവേഗ ഡാറ്റയിൽ ഒരു ദിവസം ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. വാലിഡിറ്റി കാലയളവിനകത്ത് എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാൻ കഴിയും. ഈ ഡാറ്റാ വൗച്ചർ റീചാർജ് ചെയ്ത ദിവസം മുതൽ 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

ബിഎസ്‌എൻഎല്ലിന്റെ മറ്റ് എസ്ടിവികൾ
ബിഎസ്എൻഎല്ലിന്റെ പുതിയ എസ്ടിവിയുടെ 1,498 രൂപ എന്ന വില പല ഉപയോക്താക്കൾക്കും താല്പര്യമില്ലാത്തതായിരിക്കും. അധികം പണം മുടക്കാൻ താല്പര്യമില്ലാത്ത ആളുകൾക്കായി ബിഎസ്‌എൻഎൽ കുറഞ്ഞ നിരക്കിലുള്ള എസ്ടിവികളും നൽകുന്നുണ്ട്. ഈ എസ്ടിവികളിൽ ഏറ്റവും ജനപ്രീയമായ പ്ലാനാണ് 96 രൂപയുടേത്.

96 രൂപയുടെ എസ്ടിവിയിലൂടെ ദിവസേന ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് നിയന്ത്രണങ്ങളില്ലാതെ തന്നെ 11 ജിബി ഡാറ്റ ലഭിക്കും. ഈ വൗച്ചർ 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മറ്റൊരു പ്രധാനപ്പെട്ടതും വില കുറഞ്ഞതുമായ എസ്ടിവി ഡാറ്റ പ്ലാൻ 48 രൂപയുടേതാണ്. ഈ എസ്ടിവിയിലൂടെ ഉപയോക്താക്കൾക്ക് മൊത്തം 5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്.

ഡാറ്റ ആനുകൂല്യത്തിനൊപ്പം അധിക ആനുകൂല്യമായി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷൻ കൂടി ആവശ്യമുള്ളവർക്ക് 98 രൂപ വൗച്ചർ തിരഞ്ഞെടുക്കാം. ഈ വൌച്ചറിലൂടെ 20 ദിവസത്തേക്ക് 2 ജിബി പ്രതിദിന ഡാറ്റയാണ് ലഭിക്കുന്നത്. മൊത്തത്തിൽ 40 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ അധിക ആനുകൂല്യമായി ഇറോസ് നൌ സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്. പ്രതിദിന ഡാറ്റാ ആനുകൂല്യം നൽകുന്ന മറ്റൊരു എസ്ടിവിയാണ് 198 രൂപയുടേത്. 56 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

ഡാറ്റ ആനുകൂല്യം മാത്രം നൽകുന്ന പ്ലാനുകൾക്ക് പുറമെ വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും നൽകുന്ന എസ്ടിവികളുണ്ട്. 247 രൂപ വിലയുള്ള എസ്ടിവിയിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും ലഭിക്കുന്നു. ഇതിനൊപ്പം ദിവസവും 100 എസ്എംഎസും ഈ പ്ലാൻ നൽകുന്നുണ്ട്. ബിഎസ്‌എൻഎല്ലിന്റെ മറ്റ് രണ്ട് പ്ലാനുകളായ 228 രൂപ, 268 രൂപ പ്ലാനുകൾ നിലവിൽ കേരളത്തിൽ ലഭ്യമല്ല. ഇത് തെലങ്കാന, ആന്ധ്ര സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications








