സ്വകാര്യ കമ്പനികളെ നേരിടാൻ 2,999 രൂപ, 299 രൂപ വിലയുള്ള പ്ലാനുകളുമായി ബിഎസ്എൻഎൽ
ഇന്ത്യയിലെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ മികച്ച പ്ലാനുകൾ കൊണ്ട് സ്വകാര്യ കമ്പനികളെ നേരിടുന്നു. ജിയോ, എയർടെൽ, വിഐ എന്നിവ താരിഫ് നിരക്കുകൾ വർധിപ്പിച്ചപ്പോൾ താരിഫ് നിരക്ക് ഉയർത്താതെ കൂടുതൽ മികച്ച പ്ലാനുകൾ നൽകി ഉപയോക്താക്കളെ നേടാനുള്ള ശ്രമമാണ് ബിഎസ്എൻഎൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ട് പുതിയ പ്ലാനുകൾ കൂടി ബിഎസ്എൻഎൽ അവതരിപ്പിച്ചു. 2,999 രൂപ, 299 രൂപ വിലയുള്ള പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നാളെ (ഫെബ്രുവരി 1) മുതൽ ഈ പ്ലാനുകൾ ലഭ്യമാകും.

2999 രൂപ വിലയുള്ള ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ പിവി2999 എന്നാണ് അറിയപ്പെടുന്നത്. 365 ദിവസം വരെ വാലിഡിറ്റി നൽകുന്ന പ്ലാനിലൂടെ മാർച്ച് 31 വരെ 90 ദിവസം അധിക വാലിഡിറ്റിയും ലഭിക്കും. പ്രമോഷണൽ ഓഫറിന്റെ ഭാഗമായിട്ടാണ് ഈ അധിക വാലിഡിറ്റി. ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത് ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവുമുള്ള 3 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഉപഭോക്താക്കളുടെ ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും.

2,999 രൂപ പ്ലാനിന്റെ പ്രമോഷണൽ ഓഫറിലൂടെ ഇപ്പോൾ ഉപയോക്താക്കൾക്ക് മൊത്തം 455 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. 299 രൂപ പ്ലാൻ നോക്കിയാൽ ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ലഭിക്കുക. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസുകളും നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്കൾക്ക് ദിവസവുമുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചതിന് ശേഷവും 84 കെബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് ലഭ്യമാണ്.

ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ രണ്ട് പ്ലാനുകളും കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ്. വീട്ടിലിരുന്ന ജോലി ചെയ്യുന്ന ആളുകൾക്കും വീഡിയോ സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങൾക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്കും ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ മതിയാകും. കുറച്ച് തുക മാത്രം ചിലവഴിക്കുന്ന ആളുകൾക്ക് 299 രൂപ പ്ലാൻ തിരഞ്ഞെടുക്കാം എന്നത് പോലെ തന്നെ കൂടുതൽ വാലിഡിറ്റി ആവശ്യമുള്ളവർക്ക് 2999 രൂപ പ്ലാനും തിരഞ്ഞെടുക്കാം.

ബിഎസ്എൻഎൽ 2399 രൂപ പ്ലാനിൽ മാറ്റങ്ങൾ
പുതിയ പ്ലാനുകൾ പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ ബിഎസ്എൻഎൽ ജനപ്രിയ പ്ലാനായ 2399 രൂപ പ്ലാനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ഇതുവരെ 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിച്ചിരുന്നത്. ഈ വാർഷിക പ്ലാനിൽ ഇനി പ്രമേഷണൽ ഓഫറിനറെ ഭാഗമായി 60 ദിവസത്തെ വാലിഡിറ്റി അധികമായി ലഭിക്കും. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുക. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. പ്രമോഷണൽ ഓഫർ ചേരുന്നതോടെ ഈ പ്ലാനിലൂടെ ലഭിക്കുന്ന മൊത്തം വാലിഡിറ്റി 425 ദിവസമാകുന്നു. ഈ പ്ലാനിനൊപ്പം സൗജന്യ ഇറോസ് നൗ സേവനവും ലഭിക്കും.

ബിഎസ്എൻഎൽ 4ജി
ബിഎസ്എൻഎൽ ഇന്ന് ടാറ്റ കൺസൾട്ടൻസി സർവീസസുമായി 4ജിക്കുള്ള പ്രൂഫ് ഓഫ് കൺസെപ്റ്റ് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2021ൽ തന്നെ പൂർത്തിയാക്കേണ്ടതായിരുന്നു. പിഒസി കൃത്യസമയത്ത് പൂർത്തിയാക്കാനും 2022 സെപ്തംബറോടെ വാണിജ്യ 4ജി നെറ്റ്‌വർക്കുകൾ ആരംഭിക്കാനുമുള്ള ശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. റിപ്പോർട്ടുകൾ അനുസരിച്ച്, ബിഎസ്എൻഎൽ 2022 ഏപ്രിലിൽ 4ജി ഡിവൈസുകൾക്കായി ഓർഡർ നൽകും. വൈകാതെ തന്നെ രാജ്യത്ത് എല്ലാ സർക്കിളുകളിലും 4ജി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








