ബിഎസ്എൻഎൽ 4ജി സേവനം കേരളത്തിലേക്കും
ഇന്ത്യയിൽ 5 ജി സ്പെക്ട്രം ലേലത്തിനായുള്ള ഒരുക്കത്തിലാണ് ടെലിക്കോം വകുപ്പ്. അതേ സമയം പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) രാജ്യത്ത് കൂടുതൽ 4 ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കേരളത്തിലും കൊൽക്കത്തയിലും 4 ജി സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കേരളത്തിൽ 4 ജി സേവനങ്ങൾക്കായി 3700 ടവറുകൾ സ്ഥാപിക്കാൻ ബിഎസ്‌എൻഎൽ ഒരുങ്ങുന്നുണ്ടെന്നും സർക്കിളിലെ 3 ജി സേവനങ്ങൾ നിർത്തലാക്കാനുള്ള സാധ്യതയുണ്ടെന്നും ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് അനുസരിച്ച് കമ്പനി അതിന്റെ 3 ജി സ്പെക്ട്രത്തിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട് (സ്പെക്ട്രം റീ-ഡിപ്ലോയ്മെന്റ്) ഇതിലൂടെ ഉപയോക്താക്കൾക്ക് 4 ജി സേവനങ്ങൾ ലഭിക്കും. അടുത്ത ആറുമാസത്തിനുള്ളിൽ കമ്പനി 4 ജി സേവനങ്ങൾ കൊണ്ടുവരുമെന്ന് ബിഎസ്എൻഎൽ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

നാലാം തലമുറ (4 ജി) സേവനങ്ങൾ ആറുമാസത്തിനുള്ളിൽ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായും ടെൻഡർ ഉൾപ്പെടെയുള്ള കാര്യങ്ങൾ പബ്ലിക്ക് ഡൊമൈനിൽ ഉൾപ്പെടുത്താൻ ഒരു മാസമോ അതിലധികമോ സമയമെടുക്കുമെന്നും ബിഎസ്‌എൻഎൽ ഇതുവരെ 8,000 4 ജി സൈറ്റുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും ബിഎസ്‌എൻഎൽ ചെയർമാൻ പ്രവീൺ കുമാർ പൂർവാർ വ്യക്തമാക്കിയതായി ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ബിഎസ്‌എൻഎല്ലിന് ലാഭകരമായ സർക്കിളുകളിലൊന്നാണ് കേരളം എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കമ്പനിക്ക് 10 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള സർക്കിളാണ് കേരളം. അതുകൊണ്ടാണ് കമ്പനി 4 ജി സേവനങ്ങൾ കേരളത്തിൽ കൊണ്ടുവരുന്നത്. 4ജി കൊണ്ടുവരുന്നതിലൂടെ കേരളത്തിൽ നിന്ന് വരുമാനം ഇനിയും വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. സംസ്ഥാനത്ത് 3700 ടവറുകൾ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മൊത്തത്തിൽ 6000 4ജി ടവറുകൾ ബിഎസ്‌എൻഎൽ രാജ്യത്തുടനീളം സ്ഥാപിക്കും.

ബിഎസ്എൻഎൽ 4 ജി സേവനങ്ങൾ കൊൽക്കത്തയിൽ ആരംഭിച്ചു. എസ്‌പ്ലാനേഡ്, സെക്കന്റ് ബ്രിഡ്ജ് , ബരാബസാർ തുടങ്ങിയ പ്രദേശങ്ങളിൽ ബിഎസ്‌എൻഎൽ 4 ജി സേവനങ്ങൾ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൊൽക്കത്തയിലെ ഉപയോക്താക്കൾക്ക് 17 Mbps വേഗത ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2 ജി, 3 ജി ഉപയോക്താക്കൾക്ക് കമ്പനി 4 ജി സിം സൗജന്യമായി നൽകുന്നുണ്ട്. ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും തമ്മിലുള്ള ലയനത്തിന് സർക്കാർ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്.

കേരളത്തിൽ 4ജി സേവനം ആരംഭിക്കുന്നതോടുകൂടി സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ സാമ്പത്തികമായി കൂടുതൽ ശക്തിപ്പെടുമെന്ന് ഉറപ്പാണ്. ഇന്ത്യയിലെ തന്നെ കമ്പനിയുടെ മികച്ച ഉപയോക്താക്കൾ കേരളത്തിലാണ് ഉള്ളത്. കേരളത്തിലെ എല്ലായിടത്തും 3ജി, 2ജി നെറ്റ്വർക്ക് ലഭ്യമാക്കുന്ന കമ്പനിയാണ് ബിഎസ്എൻഎൽ. അതുകൊണ്ട് തന്നെയാണ് കമ്പനിയുടെ ശക്തികേന്ദ്രമായി സംസ്ഥാനം മാറിയതും. മറ്റ് സ്വകാര്യ കമ്പനികളോട് മത്സരിക്കുന്ന പ്ലാനുകളും സേവനങ്ങളുമായി ബിഎസ്എൻഎൽ പുതുമകളോടെ വരുമ്പോൾ സംസ്ഥാനത്തെ ടെലിക്കോം ഉപയോക്താക്കൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്.


Click it and Unblock the Notifications








