ബിഎസ്‌എൻഎൽ പ്ലാനുകളുടെ വാലിഡിറ്റി മെയ് 31 വരെ നീട്ടി, സൌജന്യ കോളിങും ഓഫറും നൽകുന്നു
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്‌എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് സൌജന്യ വാലിഡിറ്റി നൽകുന്നു. ഏപ്രിൽ 1നോ അതിനുശേഷമോ കാലാവധി അവസാനിച്ചിട്ടും റീചാർജ് ചെയ്യാത്ത ആളുകൾക്കാണ് വാലിഡിറ്റി നൽകുന്നത്. കോവിഡ് 19, ടൌട്ടെ ചുഴലിക്കാറ്റ് എന്നിവ ഇന്ത്യയിലെ ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കിയ അവസരത്തലാണ് ബിഎസ്എൻഎല്ലിന്റെ ഈ തീരുമാനം. 2021 മെയ് 31 വരെ സൌജന്യ വാലിഡിറ്റി ലഭിക്കും. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വാലിഡിറ്റി കൂടുതലായി നൽകുന്നതിനൊപ്പം കോളുകൾ വിളിക്കാൻ 100 മിനിറ്റ് സൌജന്യ ടോക്ക് ടൈമും കമ്പനി നൽകും.

പല സ്ഥലങ്ങളിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ ഇൻകമിംഗ് കോളുകൾ തുടർന്നും ലഭിക്കാൻ വാലിഡിറ്റി നീട്ടി നൽകുന്നത് സഹായകമാവും. ഇത് കൂടാതെ ആവശ്യത്തിന് ഔട്ട്ഗോയിങ് കോളുകൾ വിളിക്കാൻ 100 മിനിറ്റ് സൌജന്യ കോളിങ് നൽകുന്ന ഓഫറും സഹായിക്കും. മൂന്ന് പ്ലാൻ വൌച്ചറുകൾക്കൊപ്പമാണ് സൌജന്യമായി അധിക വാലിഡിറ്റിയും 100 മിനുറ്റ് കോളിങും ബിഎസ്എൻഎൽ നൽകുന്നത്. ഈ പ്ലാനുകൾ പരിശോധിക്കാം.

107 രൂപ, 197 രൂപ, 397 രൂപ വിലയുള്ള പ്ലാൻ വൗച്ചറുകൾക്കൊപ്പമാണ് സൌജന്യ വാലിഡിറ്റി 100 മിനിറ്റ് കോളിങ് എന്നിവ നൽകുന്നത്. 107 രൂപ പ്ലാൻ വൗച്ചർ 100 മിനുറ്റ് കോളിങ് 100 ദിവസത്തെ വാലിഡിറ്റി, 3 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. ഈ പ്ലാൻ ആദ്യത്തെ 60 ദിവസത്തേക്ക് ബിഎസ്‌എൻഎൽ ട്യൂണുകളും നൽകുന്നു. പ്ലാൻ വൗച്ചർ 197 അൺലിമിറ്റഡ് കോളുകൾക്കൊപ്പം 180 ദിവസത്തെ വാലിഡിറ്റിയും 100 എസ്എംഎസുകളും നൽകുന്നു. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 2 ജിബി പ്രതിദിന ഡാറ്റയും നൽകുന്നുണ്ട്. 18 ദിവസത്തേക്ക് ബിഎസ്‌എൻഎൽ ട്യൂൺസ്, സിംഗ് മ്യൂസിക് എന്നിവയിലേക്ക് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

397 രൂപയുടെ പ്ലാൻ വൗച്ചർ 365 ദിവസത്തെ വാലിഡിറ്റിയും 2 ജിബി പ്രതിദിന ഡാറ്റയും ദിവസവും 100 എസ്എംഎസും ഉപയോക്താക്കൾക്ക് നൽകുന്നവയാണ്. 60 ദിവസത്തേക്ക് ബിഎസ്‌എൻഎൽ ട്യൂണുകളും ലോക്ദുൻ കണ്ടന്റിലേക്ക് ആക്സസും ഈ പ്ലാൻ നൽകുന്നു. ഉപയോക്താക്കൾ മൈബിഎസ്‌എൻഎൽ ആപ്പിൽ നിന്ന് റീചാർജ് ചെയ്യുമ്പോൾ കൂടുതൽ ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്. ഈ റീചാർജുകൾ ഓൺലൈനായി പൂർത്തിയാക്കി ഇ-വാലറ്റുകൾ വഴി പണമടയ്ക്കണമെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രവീൺ കുമാർ പൂർവാർ അറിയിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ ബിഎസ്‌എൻഎൽ അതിന്റെ വരിക്കാരെ സേവിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്നും അവരുടെ അക്കൗണ്ടുകൾ റീചാർജ് ചെയ്യുന്നതിനായി ഡിജിറ്റലായ വഴികൾ തിരഞ്ഞെടുക്കാൻ വരിക്കാരോട് അഭ്യർത്ഥിക്കുന്നതായും ബിഎസ്എൻഎൽ അറിയിച്ചു. റീചാർജിനായി ലഭ്യമായ ഓപ്ഷനുകളിൽ മൈബിഎസ്‌എൻഎൽ മൊബൈൽ അപ്ലിക്കേഷൻ, ബിഎസ്‌എൻഎൽ വെബ്‌സൈറ്റ്, മറ്റ് ജനപ്രിയ വാലറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ബിഎസ്‌എൻഎൽ വരിക്കാർ അവരുടെ ചങ്ങാതിമാരുടെയും കുടുംബത്തിൻറെയും ബിഎസ്‌എൻഎൽ പ്രീപെയ്ഡ് മൊബൈൽ റീചാർജ് ചെയ്താൽ മൈബിഎസ്‌എൻഎൽ ആപ്പിൽ നാല് ശതമാനം കിഴിവ് ലഭിക്കും.

എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ താഴ്ന്ന വരുമാനമുള്ള വരിക്കാർക്കായി ഓഫറുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഎസ്എൻഎല്ലും ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ 49 രൂപ പ്രീപെയ്ഡ് പ്ലാൻ കുറഞ്ഞ വരുമാനമുള്ള ആളുകൾക്ക് സൌജന്യമായി നൽകുന്നുണ്ട്. 79 രൂപ റീചാർജ് ചെയ്യുന്ന ആളുകൾക്ക് ഇരട്ടി ആനുകൂല്യവും ലഭിക്കും. ജിയോഫോൺ അതിന്റെ ഉപയോക്താക്കൾക്ക് 300 മിനിറ്റ് സൗജന്യ കോളിങാണ് നൽകുന്നത്.


Click it and Unblock the Notifications








