അടിമുടി മാറ്റവുമായി ബിഎസ്എൻഎൽ, പുതുക്കിയത് 14 പ്രീപെയ്ഡ് പ്ലാനുകൾ
ടെലിക്കോം വിപണിയിലെ കടുത്ത മത്സരങ്ങൾക്കിടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തുന്നു. 14 പ്ലാനുകളാണ് ബിഎസ്എൻഎൽ പരിഷ്കരിച്ചത്. പ്ലാനിൽ വരുത്തിയ മാറ്റങ്ങൾ എല്ലാ സർക്കിളുകളിലും ബാധകമായിരിക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. 14 പ്ലാനുകളുടെയും അടിസ്ഥാന താരിഫ് പരിഷ്കരിച്ച ബിഎസ്എൻഎൽ വോയിസ് കോളുകൾ, ഡാറ്റ ചാർജുകൾ, എസ്എംഎസ് ചാർജുകൾ എന്നിവയ്ക്കൊപ്പം റോമിങ് ചാർജുകളും പുതുക്കിയിട്ടുണ്ട്. കടുത്ത പ്രതിസന്ധിയിലുള്ള ടെലിക്കോം കമ്പനിക്ക് ഈ പരിഷ്കാരം ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചു
ബിഎസ്എൻഎൽ പരിഷ്കരിച്ച പ്രീപെയ്ഡ് മൊബൈൽ പ്ലാനുകളിൽ പ്ലാൻ വൗച്ചറുകളായ 152 രൂപ, 199 രൂപ, 197 രൂപ, 399 രൂപ, 397 രൂപ, 485 രൂപ, 666 രൂപ, 699 രൂപ, 999 രൂപ, 997 രൂപ, 1499 രൂപ, 1999 രൂപ, 2399 രൂപ, എഫ്ആർസി 249 എന്നിവ ഉൾപ്പെടുന്നു. ഈ 14 പ്ലാനുകളിൽ 997 രൂപയുടെ വൌച്ചർ നിലവിൽ ഒരു മിനിറ്റ് അടിസ്ഥാനമാക്കിയുള്ള താരിഫിലാണ് ഉള്ളത്. ഇത് ഇനി മുതൽ ഒരു സെക്കൻഡിൽ അടിസ്ഥാനമാക്കിയുള്ള താരിഫ് ആയി മാറും. മറ്റ് പ്ലാനുകൾ ഒരു മിനിറ്റ് നിരക്കിലുള്ള താരിഫിൽ ലഭ്യമാകും. ഈ പ്ലാനുകളുടെ വാലിഡിറ്റി, സൌജന്യ ആനുകൂല്യങ്ങൾ എന്നിവയിൽ മാറ്റങ്ങൾ ഒന്നും ഇല്ലെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്.

മേൽപ്പറഞ്ഞ എല്ലാ പ്ലാനുകളുടെയും താരിഫ് മാത്രമേ മാറ്റിയിട്ടുള്ളു. അത് അടിസ്ഥാന താരിഫിന് ബാധകമാണ്. ഇവ കൂടാതെ ഷോർട്ട് കോഡുകളിലേക്ക് ഔട്ട്ഗോയിംഗ് എസ്എംഎസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ റീചാർജ് വ്യവസ്ഥയും ബിഎസ്എൻഎൽ പരിഷ്കരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പുതിയതും നിലവിലുള്ളതുമായ എല്ലാ പ്രീപെയ്ഡ് മൊബൈൽ വരിക്കാർക്കും ഈ മാറ്റങ്ങൾ ബാധകമായിരിക്കുമെന്നും ടെലിക്കോം കമ്പനി അറിയിച്ചു. ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത് കേരള ടെലിക്കോം ആണ്. ഇനി മുതൽ 147 രൂപയ്ക്കും അതിന് മുകളിലുമുള്ള പ്രീപെയ്ഡ് വൌച്ചറുകൾ റീചാർജ് ചെയ്താൽ മാത്രമേ ഷോർട്ട് കോഡുകൾക്ക് ഔട്ട്ഗോയിങ് എസ്എംഎസ് സേവനം ലഭിക്കുകയുള്ളു.

ബിഎസ്എൻഎൽ പ്രമോഷണൽ പ്ലാനുകൾ വരുന്നു
ബിഎസ്എൻഎൽ തങ്ങളുടെ പുതിയ പ്രൊമോഷണൽ പ്ലാനുകൾ 2021 സെപ്റ്റംബർ 6 മുതൽ ആരംഭിക്കും, ഗ്രേസ് പിരീഡിലെ വരിക്കാരെ അവരുടെ നമ്പറുകൾ റീചാർജ് ചെയ്ത് നെറ്റ്വർക്ക് ആക്ടീവ് ആയി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഈ പ്ലാനുകൾ അവതരിപ്പിക്കുന്നത്. പടിഞ്ഞാറൻ, വടക്കൻ മേഖലകളിലെ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത്തരത്തിൽ സൌജന്യമായി ഇൻകമിംഗ് എസ്എംഎസ് സൗകര്യം നൽകും. വരിക്കാരെ ആക്ടീവ് ആയി നിലനിർത്തുക, റീചാർജ് ചെയ്യാൻ പ്രേരിപ്പിക്കുക എന്നിവയാണ് ഈ പ്രമോഷണൽ പ്ലാനുകൾ നൽകുന്നതിന് പിന്നിലെ ലക്ഷ്യങ്ങൾ.

വാലിഡിറ്റി അവസാനിച്ച് കഴിഞ്ഞാൽ റീചാർജ് ചെയ്യാത്ത ആളുകൾക്ക് എസ്എംഎസ് ലഭിക്കുന്നതിനുള്ള സൗകര്യം ബിഎസ്എൻഎൽ നിർത്തും. സൗത്ത്, ഈസ്റ്റ് സോണുകളിലെ ഉപയോക്താക്കൾക്കും ഇത് ബാധകമായിരിക്കും. നോർത്ത്, വെസ്റ്റ് സോൺ ഉപയോക്താക്കൾക്ക് പ്രമോഷണൽ അടിസ്ഥാനത്തിൽ 60 ദിവസത്തെ ഗ്രേസ് പിരീഡിലേക്ക് ഇൻകമിങ് എസ്എംഎസ് സൗകര്യം ആസ്വദിക്കാനാകും. റീചാർജ് ചെയ്യാനും ആക്ടീവ് ഉപഭോക്താക്കളാകാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കും.

വില കുറഞ്ഞ പ്ലാൻ നീക്കം ചെയ്ത് ലാഭമുണ്ടാക്കാൻ പദ്ധതി
ബിഎസ്എൻഎൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തങ്ങളുടെ വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനായ 99 രൂപ വിലയുള്ള പ്ലാൻ നീക്കം ചെയ്തതായി അറിയിച്ചിരുന്നു. പരോക്ഷമായി താരിഫ് വർധന നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരമൊരു നടപടി. 99 രൂപ വിലയുള്ള ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാൻ തിരഞ്ഞെടുത്തിരുന്ന നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇത്തരം ആളുകളെ കൂടുതൽ വിലയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം. പ്ലാൻ 99 തിരഞ്ഞെടുത്തിരുന്ന ആളുകൾക്ക് ഇനി മുതൽ 199 രൂപയുടെയോ അതിനെക്കാൾ വില കൂടിയതോ ആയ പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടി വരും.


Click it and Unblock the Notifications