ബിഎസ്‌എൻഎൽ 1,999 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ പുതുക്കി, ഡാറ്റ ആനുകൂല്യം കുറച്ചു
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്‌എൻഎൽ പിവി 1,999 എന്ന വാർഷിക പ്ലാൻ പുതുക്കി. 2020 ഡിസംബർ അവസാനം ഈ പ്ലാനുകൾക്കൊപ്പം നൽകുന്ന ഒടിടി സബ്സ്ക്രിപ്ഷനുകളിൽ ടെലിക്കോം കമ്പനി മാറ്റങ്ങൾ വരുത്തിയിരുന്നു. ഇപ്പോഴിതാ ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റാ ആനുകൂല്യൾ കുറച്ചിരിക്കുകയാണ് കമ്പനി. നേരത്തെ ബിഎസ്‌എൻഎല്ലിന്റെ 1999 രൂപ പ്ലാൻ ദിവസവും 3 ജിബി ഡാറ്റ ആനുകൂല്യമാണ് ഉപയോക്താക്കൾക്ക് നൽകിയിരുന്നത്. ഇനി മുതൽ ഇത് ദിവസവും 2 ജിബിയായി കുറയും.

ഫെബ്രുവരി 1 മുതലാണ് 1,999 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ആനുകൂല്യങ്ങളിൽ കമ്പനി മാറ്റങ്ങൾ വരുത്തുന്നത്. നിലവിൽ പ്ലാൻ റീചാർജ് ചെയ്തിരിക്കുന്ന ആളുകൾക്ക് ദിവസവും 3 ജിബി ഡാറ്റ ആനുകൂല്യം തന്നെ തുടർന്നും ലഭിക്കും. ബിഎസ്എൻഎൽ പിവി 2,399 എന്ന പ്ലാനാണ് ഇപ്പോൾ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ഒരേയൊരു വാർഷിക പ്ലാൻ. എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ മാറ്റം പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 1,999 രൂപ പ്ലാനിൽ വരുന്ന മൂന്നാമത്തെ മാറ്റമാണ് ഇത്. പിവി 1,999 നിലവിൽ 21 ദിവസത്തെ അധിക വാലിഡിറ്റി നൽകുന്നുണ്ട്. ഈ ഓഫർ 2021 ജനുവരി 31ന് അവസാനിക്കും.

ബിഎസ്‌എൻഎൽ 1,999 രൂപ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎൽ 1,999 രൂപ പ്ലാനിൽ വരുത്തിയ മാറ്റങ്ങൾ പ്രധാനമായും ഡാറ്റയുടെ കാര്യത്തിലാണ് ഉള്ളത്. മുകളിൽ സൂചിപ്പിച്ചത് പോലെ നേരത്തെ ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. ഇപ്പോൾ ഇത് ദിവസവും 2 ജിബി ഡാറ്റ മാത്രമേ നൽകുന്നുള്ളു. പ്ലാനിന്റെ വാലിഡിറ്റിയുടെ കാര്യത്തിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് ലോക്കൽ / എസ്ടിഡി കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. മുഴുവൻ വാലിഡിറ്റി കാലയളവിലേക്കും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു.

1,999 രൂപ പ്ലാൻ വൗച്ചർ റീചാർജ് ചെയ്യുന്ന ബിഎസ്‌എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്ലാനിന്റെ മുഴുവൻ വാലിഡിറ്റി കാലയളവായ 365 ദിവസത്തേക്കും ഒടിടി പ്ലാറ്റ്ഫോമായ ഇറോസ് നൌവിൽ നിന്ന് അൺലിമിറ്റഡ് കണ്ടന്റിലേക്ക് ആക്സസ് ലഭിക്കും. ഉപയോക്താക്കൾക്ക് 60 ദിവസത്തെ ലോകദുൻ കണ്ടന്റും ഈ പ്ലാനലൂടെ ലഭിക്കും. ലഭിക്കും. 2020 ഡിസംബറിൽ വരുത്തിയ മാറ്റത്തിന് മുമ്പ് 1,999 രൂപ പ്ലാൻ 365 ദിവസത്തെ ലോകദുൻ കണ്ടന്റും 60 ദിവസത്തെ ഇറോസ് നൗ കണ്ടന്റും നൽകിയിരുന്നു.

365 ദിവസത്തേക്ക് അൺലിമിറ്റഡ് സോങ് ചേഞ്ചിങ് ഓപ്ഷനോടൊപ്പം സൌജന്യ പിആർബിടി ആനുകൂല്യവും പിവി 1999 നൽകുന്നുണ്ട്. 1,999 രൂപയിൽ ഒന്നിലധികം റീചാർജ് സൗകര്യം പിൻവലിക്കുമെന്ന് ബിഎസ്‌എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 1 മുതലാണ് ഇത് നടപ്പാവുക. 1,999 രൂപ വാർഷിക പ്ലാൻ നിലവിൽ ജനുവരി 31 വരെ 21 ദിവസത്തെ അധിക വാലിഡിറ്റി നൽകുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 1,999 രൂപ റീചാർജ് ചെയ്യുന്നവർക്ക് മൊത്തം 386 ദിവസത്തെ വാലിഡിറ്റി ലഭിക്കും.

ഫെബ്രുവരി 1 മുതൽ 1,999 രൂപ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് 365 ദിവസത്തെ വാലിഡിറ്റി മാത്രമേ ലഭിക്കുകയുള്ളു. ദിവസവും 3 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാൻ ആവശ്യമുള്ള ബിഎസ്‌എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 72-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നിലവിൽ 72 ദിവസത്തെ അധിക വാലിഡിറ്റി കൂടി നൽകുന്ന 2,399 രൂപ വാർഷിക പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.


Click it and Unblock the Notifications








