ബിഎസ്എൻഎല്ലിന് ശമ്പളം കൊടുക്കാൻ പണമില്ല, കമ്പനി അടച്ചുപൂട്ടൂമോ?
ഇന്ത്യയിലെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ) വർഷങ്ങളായി സാമ്പത്തി പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഒരിക്കൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കമ്പനിയെ സർക്കാരിന്റെ സാമ്പത്തിക സഹായവും സ്പെക്ട്രം അനുവദിക്കാനുള്ള തീരുമാനവുമാണ് പിടിച്ചു നിർത്തിയത്. എന്നാലിപ്പോൾ ബിഎസ്എൻഎല്ലിന്റെ അവസ്ഥ പരിതാപകരമാണ് എന്നാണ് റിപ്പോർട്ടുകൾ. ടിഎൻഎൻ റിപ്പോർട്ട് അനുസരിച്ച് മെയ് മാസത്തിൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ബിഎസ്എൻഎല്ലിന് സാധിച്ചിട്ടില്ല.

സ്വകാര്യകമ്പനികളെ പിന്നിലാക്കി പഴയ പ്രതാപം വീണ്ടെടുത്ത് ബിഎസ്എൻഎൽ തിരിച്ചുവരും എന്ന പ്രതീക്ഷ പലപ്പോഴും ഉണ്ടായിരുന്നു എങ്കിലും ആ പ്രതീക്ഷയെ ഇല്ലാതാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. 4ജി ലോഞ്ച് ചെയ്യാൻ എടുക്കുന്ന കാലതാമസമാണ് ബിഎസ്എൻഎല്ലിന് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. മറ്റ് ടെലിക്കോം കമ്പനികൾ 4ജിയിൽ നിന്നും 5ജിയിലേക്ക് മാറാൻ ശ്രമിക്കുന്ന ഘട്ടത്തിൽ രാജ്യത്തെ എല്ലായിടത്തും 4ജി എത്തിക്കാൻ സാധിക്കാത്തത് ബിഎസ്എൻഎല്ലിന്റെ വലിയ പോരായ്മ തന്നെയാണ്.

ബിഎസ്എൻഎൽ 4ജി റോൾ ഔട്ട് പ്രക്രിയ കഴിയുന്നത്ര വേഗത്തിലാക്കാനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്. ബിഎസ്‌എൻഎൽ എല്ലാം കൃത്യസമയത്ത് കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്ത് മുഴുവൻ 4ജി നെറ്റ്‌വർക്കുകൾ എത്തിക്കാൻ അടുത്ത വർഷം അവസാനമെങ്കിലും ആവുമെന്നാണ് സൂചനകൾ. ഇത് കമ്പനിയുടെ നില വീണ്ടും പരിതാപകരമാക്കും. വിപണി വിഹിതത്തിന്റെ കാര്യത്തിലും മറ്റും ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് പിന്നിലാണ്.

സ്വകാര്യ കമ്പനികൾ കഴിഞ്ഞ തവണ താരിഫ് നിരക്കുകൾ വർധിപ്പിച്ചപ്പോൾ പഴയ നിരക്കുകൾ അതുപോലെ നിലനിർത്തിയ ബിഎസ്എൻഎൽ ആ മാസത്തിൽ ജിയോയെക്കാൾ കൂടുതൽ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തിരുന്നു. എന്നാൽ പിന്നീടുള്ള മാസങ്ങളിൽ കമ്പനി വീണ്ടും പിന്നിലായി. കമ്പനിക്ക് സാമ്പത്തികമായ പ്രതിസന്ധി മറികടക്കാൻ രാജ്യത്ത് മുഴുവൻ 4ജി നെറ്റ്‌വർക്കുകൾ ലഭ്യമാക്കേണ്ടത് എത്രത്തോളം ആവശ്യമാണെന്ന് ബിഎസ്‌എൻഎൽ ഇതിനകം ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ (ഡിഒടി) അറിയിച്ചിരുന്നു.

നിലവിലുള്ള ജീവനക്കാർക്ക് ശമ്പളം നൽകാൻ ബിഎസ്എൻഎല്ലിന്റെ കൈയ്യിൽ പണമില്ലാത്ത സമയത്ത് വേളന്ററി റിട്ടയർമെന്റ് സ്കീമിന് (വിആർഎസ്) കീഴിൽ ജോലിയിൽ നിന്നും പിരിഞ്ഞുപോയ ജീവനക്കാരെ കൺസൾട്ടന്റായി തിരിച്ചെടുക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നിലവിലുള്ള ആളുകൾക്കും തിരിച്ചെടുക്കുന്ന ആളുകൾക്കും ഒരേ സമയം എങ്ങനെ ജോലി നൽകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇനി ടെലിക്കോം കമ്പനിക്ക് സർക്കാർ പിന്തുണയും 4ജി നെറ്റ്വർക്കും ഇല്ലാതെ അതിജീവിക്കാൻ സാധിക്കില്ല.

5ജി എസ്‌എ നെറ്റ്‌വർക്കുകൾക്കായി ബിഎസ്‌എൻഎല്ലിന് നേരിട്ട് നിക്ഷേപം നടത്താൻ സാധ്യത ഇല്ല. ലളിതമായ അപ്‌ഗ്രേഡുകളിലൂടെ എത്രയും വേഗം 5ജിയിലേക്ക് മാറാൻ കഴിവുള്ള 4ജി നെറ്റ്‌വർക്കുകളുടെ ബേസ് ഇതിന് നിർമ്മിക്കേണ്ടതുണ്ട്. അതേസമയം ബിഎസ്‌എൻഎല്ലിന്റെ പ്ലാനുകളെ സഹായിക്കാനും സാമ്പത്തിക സഹായം നൽകാനും സർക്കാർ മുന്നോട്ട് വരേണ്ടതുണ്ട്. പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ട്രായും നടപടികൾ എടുത്താൽ മാത്രമേ ബിഎസ്എൻഎല്ലിന്റെ നിലവിലെ പ്രതിസന്ധി അവസാനിക്കുകയുള്ളു.


Click it and Unblock the Notifications








