ടെസ്‌ല കാറുരുക്കി 'ഇലോൺ മസ്ക്' ഐഫോണുമായി കാവിയർ
മൊബൈൽ ഫോണുകൾ അത്യാഡംബര മോഡലുകളാക്കി അവതരിപ്പിക്കുന്ന ലക്ഷ്വറി അപ്പാരൽ ബ്രാൻഡാണ് കാവിയർ. ഐഫോണുകളും മറ്റ് പ്രീമിയം മോഡലുകളുമൊക്കെ സ്വർണത്തിലും വജ്രത്തിലും വില കൂടിയ തുകലിലും മാർബിളിലുമൊക്കെ പൊതിഞ്ഞ് അത്യാകർഷകമാക്കുന്നത് ബ്രാൻഡിന്റെ ശീലമാണ്. അടുത്തിടെ ഐഫോണ്‍ 13 പ്രോ മാക്‌സ് ഫോണിന്റെ പിൻകവറിൽ ദിനോസർ പല്ലുകളും ചേർത്ത് ടൈറാനോഫോൺ പുറത്തിറക്കി കാവിയർ ഞെട്ടിച്ചിരുന്നു. ഒന്നര ലക്ഷത്തിലേറെ രൂപ വിലയുള്ള ഫോണിന് നാലിരട്ടി വിലയിട്ടാണ് കമ്പനി ടൈറാനോഫോണ്‍ അവതരിപ്പിച്ചത്. പിന്നാലെയാണ് ടെസ്‌ല മോഡൽ 3 കാർ ഉരുക്കി ഇലോൺ മസ്ക് എഡിഷൻ ഫോൺ കമ്പനി അവതരിപ്പിക്കുന്നത്.

അത്യാഡംബരം മാത്രം ശീലമാക്കിയ കമ്പനി ഇലക്ട്രിക് വാഹനങ്ങളും ബഹിരാകാശ പര്യവേഷണങ്ങളും നിറയുന്ന ഭാവികാലത്തെ പ്രതിനിധീകരിക്കുന്ന മോഡലുകളിലേക്ക് ശ്രദ്ധ ഊന്നുകയാണ്. അങ്ങനെയാണ് ബഹിരാകാശ മേഖലയിലും ഇലക്ട്രിക് വാഹന വിപണിയിലെയും ഏറ്റവും വലിയ പേരുകളിൽ ഒന്നായ ഇലോൺ മസ്കിന്റെ പേരിലും പുതിയ ഫോണുകൾ ഇറക്കുന്നത്. കാവിയറിന്റെ വിഷണറീസ് കളക്ഷന്റെ ഭാഗമായാണ് ഈ ഫോണുകൾ എത്തുന്നതും. ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് ഫോണുകളാണ് ഇങ്ങനെ രൂപ മാറ്റം വരുത്തി അവതരിപ്പിക്കുന്നത്. അതും 27 ലക്ഷത്തിൽ അധികം വില വരുന്ന ടെസ്‌ലയുടെ മോഡൽ 3 കാറുരുക്കി. ടെസ്‌ല ഇലക്ട്രോ എന്ന പേരിലാണ് കമ്പനി പുതിയ ഫോൺ അവതരിപ്പിക്കുന്നതും. ഒപ്പം ഇലോൺ മസ്കിന്റെ അർദ്ധകായ പ്രതിമയും കാവിയർ പുറത്തിറക്കിയിട്ടുണ്ട്.

കാവിയർ ഐഫോൺ 13 പ്രോ (മാക്‌സ്) ടെസ്‌ല ഇലക്‌ട്രോയുടെ ഫ്രെയിം നിർമിച്ചിരിക്കുന്നത് ഹൈ ഇംപാക്റ്റ് ടെറ്റാനിയം കൊണ്ട് ആണ്. സ്വിസ് വാച്ച് കമ്പനികൾ ഉപയോഗിക്കുന്ന കറുത്ത പിവിഡി കോട്ടിങും ഫോണിൽ ഉണ്ട്. വൈറ്റ് കോമ്പോസിറ്റ് ഷോക്ക് റെസിസ്റ്റനറ്സ് മെറ്റിരീയൽ ടെസ്‌ലയുടെ ക്ലാസിക് കളറുകൾ എടുത്ത് കാട്ടുന്നു. അലൂമിനിയം പാനലിൽ ഇലോൺ മസ്കിന്റെ ചിത്രം, ടെസ്‌ല മോട്ടോഴ്സ് ലോഗോ, ഇലക്ട്രിക് കാർ ഔട്ട്ലെൻസ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ടെസ്‌ല കാറിന്റെ ബോഡി പാർട്ടുകൾ ഉരുക്കിയാണ് ഇവ നിർമിച്ചിരിക്കുന്നത്.

കാവിയറിന്റെ മുദ്ര ചെമ്പ് തകിടുകളാൽ നിർമിതമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ചെമ്പ് കോയിൽ മോട്ടോറുകളോടുള്ള ആദരവായാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ലിമിറ്റഡ് എഡിഷൻ ആയെത്തുന്ന ടെസ്‌ല ഇലക്‌ട്രോ ഫോണുകൾ ആകെ 99 എണ്ണം മാത്രമായിരിക്കും പുറത്തിറക്കുക അടിസ്ഥാന വില ആരംഭിക്കുന്നത് 6,760 ഡോളർ മുതലാണ്, എകദേശം 5 ലക്ഷം രൂപയാണ് ഈ ഫോണിനായി ഉപയോക്താക്കൾ ചെലവാക്കേണ്ടത്. ഇത്രയും വില കൊടുത്ത് ഇതൊക്കെ വാങ്ങുമോയെന്ന് ചോദിക്കരുത്. അതിന് സെലിബ്രറ്റി ബ്രാൻഡായ കാവിയറിന്റെ നാൾവഴികൾ തന്നെ മറുപടി നൽകും.

ഒപ്പം ഇലോൺ മസ്‌കിന്റെ പ്രതിമയും പുറത്തിറക്കിയിട്ടുണ്ട്. ഒരു കറുത്ത മാർബിൾ ബേസിൽ ഇരട്ട സ്വർണ്ണം പൂശിയ ഫലകത്തിൽ മസ്കിന്റെ പേരും സീരിയൽ നമ്പരുകളും നൽകിയിരിക്കുന്നു. ഈ പ്രതിമകളും 27 എണ്ണം മാത്രമേ നിർമ്മിക്കുകയുള്ളൂ. പ്രതിമ പൂർണമായും ടെസ്‌ല മോഡൽ 3യുടെ ലോഹ ഭാഗങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ 27 പ്രതിമകളിൽ ഒന്ന് സ്വന്തമാക്കണമെങ്കിൽ, നിങ്ങൾക്ക് ഏകദേശം 3,220 ഡോളർ ചിലവാകും. അതായത് ഏകദേശം 2.4 ലക്ഷം രൂപ!

എലോൺ മസ്കുമായി ബന്ധപ്പെട്ട് നേരത്തെയും കാവിയർ ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. മസ്ക് ഓൺ മാഴ്സ്, കാവിയർ എലോൺ മസ്ക് എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. വിഷണറി സെഗ്മെന്റിൽ ടെക് ലോകത്തെയും മറ്റും അതികായന്മാരുടെ പേരുകളിലും കാവിയർ ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റീവ് ജോബ്സ്, ജാക്ക് മാ എന്നിവർക്കെല്ലാം കാവിയർ പ്രോഡക്ട്സുകളിൽ സ്ഥാനം പിടിക്കാൻ ആയിട്ടുണ്ട്. ലക്ഷ്വറി ബ്രാൻഡ് എന്നിവയ്ക്കപ്പുറം തങ്ങളുടെ മോഡലുകൾ, വളരുന്ന ലോകത്തിന്റെ വിലപിടിപ്പുള്ള പ്രതീകങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കപ്പെടാൻ ആണ് കാവിയർ ആഗ്രഹിക്കുന്നത്.

ടൈറാനോഫോണ്‍
ജുറാസിക് പാർക്ക് സിനിമകളിൽ ഭീതി വിതച്ചിരുന്ന ടി റെക്സ് ദിനോസറുകളെ ഓർമയില്ലേ, ടി റെക്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടൈറാനോസോറസിന്റെ പല്ലിന്റെ ഭാഗങ്ങളുമായാണ് കാവിയർ ടൈറാനോഫോണുകൾ അവതരിപ്പിച്ചത്. എട്ട് കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിൽ അവശിഷ്ടങ്ങൾ ആണിവ. ടെറ കളക്ഷൻസിന്റെ ഭാഗമായാണ് ഈ ലിമിറ്റഡ് എഡിഷന്‍ ഐഫോണ്‍ 13 പ്രോ മാക്‌സ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. ഐഫോണിന്റെ പിന്‍കവറിലാണ് ടി റെക്‌സിന്റെ ഭയപ്പെടുത്തുന്ന ചിത്രവും കോടിക്കണക്കിന് വര്‍ഷം പഴക്കമുള്ള ദിനോസർ പല്ലും ഉള്ളത്.

ഒറ്റ നോട്ടത്തിൽ പേടി തോന്നും വിധമാണ് ടൈറാനോഫോണിലെ ടി റെക്സിന്റെ 3ഡി ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇംപാക്ട് പ്രൊട്ടക്ഷൻ ഉള്ള കോംപോസിറ്റ് ഫൌണ്ടേഷനിലാണ് ഫോണിന്റ നിർമാണം. ടി റെക്സ് ചിത്രം ടൈറ്റാനിയത്തിൽ കറുത്ത പിവിഡി കോട്ടിങ്ങ് നൽകിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ടി റെക്സിന്റെ മഞ്ഞ കണ്ണുകളിൽ യഥാർഥ അംബർ മിശ്രിതം ഉപയോഗിച്ചിരിക്കുന്നു. ദിനോസര്‍ ചിത്രത്തിലെ പല്ലുകളില്‍ ഒന്നിനാണ് എട്ടു കോടിയോളം വര്‍ഷം പഴക്കമുള്ളത്. ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നീ ബേസുകളിൽ ആകെ ഏഴ് ഫോൺ മാത്രമാണ് കാവിയർ പുറത്തിറക്കിയിരിക്കുന്നത്. ഐഫോണ്‍ 13 പ്രോ ടൈറാനോഫോണ്‍ മോഡലിന് ഏതാണ്ട് 6.41 ലക്ഷം രൂപയും പ്രോ മാക്‌സ് മോഡലിന് 6.82 ലക്ഷം രൂപയും വില വരും.

ടൈറാനോഫോണ്‍ ഉൾപ്പെടുന്ന ടെറ സെക്ഷനിൽ രണ്ട് ഫോണുകൾ കൂടി കാവിയർ അവതരിപ്പിച്ചിട്ടുണ്ട്. 1024 വജ്രങ്ങൾ പതിപ്പിച്ച ടെറാഡയമണ്ട് ഫോണുകളാണ് അതിൽ ഒന്ന്. ഐഫോൺ 13 മോഡലുകളുടെ 1 ടിബി സ്റ്റോറേജ് കപ്പാസിറ്റിയെ സൂചിപ്പിക്കാൻ ആണ് 1024 വജ്രങ്ങൾ പതിപ്പിച്ച് ഫോൺ എത്തുന്നത്. ഭീകര ജീവിയുടെ നഖങ്ങൾ ആഴ്ന്നിറങ്ങിയിരിക്കുന്ന ഡിസൈനിൽ എത്തുന്ന മോൺസ്റ്റർഫോൺ ആണ് ടെറ സെഗമെന്റിൽ കാവിയറിന്റെ മറ്റൊരു ഡിവൈസ്. യൂസേഴ്സിന്റെ ഫാന്റസിക്കനുസരിച്ച് നഖപ്പാടുകൾക്ക് പിന്നിലെ ജീവിയെ തിരഞ്ഞെടുക്കാമെന്ന് കമ്പനി പറയുന്നു.

ഇത് ആദ്യമായല്ല കാവിയര്‍ ആപ്പിള്‍ ഐഫോണുകളെ അത്യാഢംബര ഫോണുകളാക്കി അവതരിപ്പിക്കുന്നത്. സെപ്റ്റംബറില്‍ ഐഫോണ്‍ 13 പുറത്തിറങ്ങിയപ്പോൾ തന്നെ ഐഫോണ്‍ 13 പ്രോ മാക്‌സിന്റെ എക്സ്ക്ലൂസീവ് മോഡൽ കാവിയർ പുറത്തിറക്കിയിരുന്നു. ഏകദേശം 35.41 ലക്ഷം രൂപയ്ക്കാണ് ഈ ഫോണുകൾ പുറത്തിറക്കിയത്. ടോട്ടൽ ഗോൾഡ് എന്ന പേരിൽ 18 ക്യാരറ്റ് സ്വർണത്തിൽ പൊതിഞ്ഞാണ് കമ്പനി ഫോണുകൾ അവതരിപ്പിച്ചത്. മറ്റ് നിരവധി മോഡലുകളും കളക്ഷനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സെലിബ്രറ്റി ലോകത്ത് കാവിയർ മോഡലുകൾക്ക് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications