ചന്ദ്രയാൻ 3; റോക്കറ്റിന്റെ ഭാഗങ്ങൾ തിരിച്ച് ഭൂമിയിലെത്തി, ആശങ്ക വേണ്ടെന്ന് ഇസ്രോ
രാജ്യത്തിന്റെയും ഇസ്രോയുടെയും അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലോഞ്ച് വെഹിക്കിളിന്റെ ചില ഭാഗങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 2.42ഓടെ ഇവ ഭൂമിയുടെ ഗുരുത്വാകർഷണ പരുധിയിൽ പ്രവേശിച്ചതായി ഇസ്രോ അറിയിച്ചു. LVM3 M4 ലോഞ്ച് വെഹിക്കിളിലെ പേടകത്തിൽ നിന്ന് വേർപ്പെട്ട ഭാഗങ്ങളാണ് ഭൗമാന്തരീക്ഷത്തിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്.
എന്നാൽ ഇന്ത്യയ്ക്ക് മുകളിൽ അല്ലാ ഇത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വടക്കൻ പസഫിക് സമുദ്രത്തിന് മുകളിലാണ് ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് ഇസ്രോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ലോഞ്ച് വെഹിക്കിളിന്റെ ഭാഗങ്ങൾ പസഫിക് സമുദ്രത്തിൽ പതിക്കും എന്നാണ് ഇസ്രോയുടെ പ്രതീക്ഷ. ആൾത്താമസം ഉള്ള സ്ഥലങ്ങളിലോ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലോ ഇത് പതിക്കില്ല എന്ന് ഇസ്രോ അറിയിച്ചു. ലോഞ്ച് ചെയ്ത് 124 ദിവസം കഴിഞ്ഞതിന് ശേഷമാണ് ഇവ ഭൂമിയിലേക്ക് തിരിച്ചെത്തിയത്.

നിലവിൽ ഇസ്രോയുടെ നിയന്ത്രണത്തിലാണ് ലോഞ്ച് വെഹിക്കിളിന്റെ അവശിഷ്ടങ്ങൾ തിരിച്ചിറക്കുന്നത്. ഇന്റര്‍- ഏജന്‍സി സ്‌പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നിയമ പ്രകാരം ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ 25 വര്‍ഷം മാത്രമേ വിക്ഷേപണ വാഹനങ്ങളുടെ അവശിഷ്ടം ഉണ്ടാകാൻ പാടുള്ളു. ഈ നിയമം പാലിച്ചുകൊണ്ടാണ് ഇസ്രോ ഇതിന്റെ അവശിഷ്ടങ്ങൾ തിരിച്ച് ഭൂമിയിലേക്ക് എത്തിച്ചത്. ബഹിരാകാശത്ത് നടക്കുന്ന സ്ഫോടനങ്ങൾ കുറയ്ക്കാനാണ് ഇത്തരം ലോഞ്ച് വെഹിക്കിളുകളുടെ അവശിഷ്ടം തിരിച്ചെടുക്കുന്നത്.
അപകടസാധ്യത കുറയ്‌ക്കുന്നതിനായി ചന്ദ്രയാൻ-3ന്റെ ശേഷിക്കുന്ന പ്രൊപ്പല്ലന്റും ഊർജ്ജ സ്രോതസ്സുകളും പ്രവർത്തന രഹിതമാക്കിയിരുന്നു. ഇതിലൂടെ ഇന്ത്യയുടെ പ്രതിബന്ധത അന്താരാഷ്ട്ര സമൂഹത്തിനും മാതൃക ആയിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് 23ന് വൈകിട്ട് 6.04ന് ആയിരുന്നു ചന്ദ്രയാൻ 3ന്റെ ഭാഗമായ ലാൻഡർ ചന്ദ്രനിൽ ഇസ്രോ ഇറക്കിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക് ലഭിച്ചു.

യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാന്റിങ് നടത്തിയ രാജ്യം എന്ന ബഹുമതിയും ഇന്ത്യയെ തേടി എത്തി. ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ഇന്ത്യയ്ക്കും ഇസ്രോയ്ക്കും സാധിച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായ വിഷയം ആയിരുന്നു ഈ വിജയം. ദൗത്യത്തിൽ ആശംസ അറിയിച്ച് യുഎസും നാസയും രംഗത്ത് വന്നിരുന്നു. അടുത്ത ദൗത്യത്തിൽ ഇസ്രോയും നാസയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അതേ സമയം 41 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഈ ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറക്കാൻ സാധിച്ചത്. ചന്ദ്രയാൻ 2 ദൗത്യത്തിന് സംഭവിച്ച അപാകതകൾ എല്ലാം പരിഹരിച്ചുകൊണ്ട് ആയിരുന്നു ഇസ്രോ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കിയത്. ഈ വർഷം ജൂലായ് 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നു ചന്ദ്രിയാൻ 3 ഇസ്രോ വിക്ഷേപിച്ചത്.
പിന്നീട് ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് വിജയകരമായി വേർപെടുത്താനും ഇസ്രോയ്ക്ക് സാധിച്ചു. നാല് ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 5ന് പേടകം ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിച്ചു. പിന്നീട് ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂളിനെ സ്വതന്ത്രമാക്കി. ഇതിന് ശേഷമാണ് ഇത് വിവിധ ഘട്ടമായി ലാന്ററിനെ ഇസ്രോ ചന്ദ്രനിലിറക്കിയത്. അതേ സമയം ചന്ദ്രയാൻ വിജയത്തിന്റെ പിന്നാലെ നിരവധി ദൗത്യങ്ങളും ഇസ്രോ പ്രഖ്യാപിച്ചു.
ഇസ്രോയുടെ ആദ്യ സൂര്യ ദൗത്യമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആദിത്യ എൽ 1എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഇപ്പോൾ പുരോഗമിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. ഇതിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഇതിന് പിന്നാലെ ശുക്ര ദൗത്യവും, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതികളും ഇസ്രോ തയ്യാറാക്കിക്കൊണ്ട് ഇരിക്കുകയാണ്. 2015ഓടെ ഇന്ത്യക്കായി ബഹിരാകാശ നിലയം സ്ഥാപിക്കാനും ഇസ്രോ ലക്ഷ്യമിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


Click it and Unblock the Notifications








