ആപ്പിൾ മാക്ബുക്ക് പ്രോയുമായി ഇനി വിമാനത്തിൽ കയറാനാകില്ല. വിലക്ക് ഏർപ്പെടുത്തി DGCA
ആപ്പിളിൻറെ മാക്ബുക്ക് പ്രോ ലാപ്ടോപ്പുകളിൽ ചിലതിന് വിമാനങ്ങളിൽ വിലക്ക്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് മാക്ബുക്ക് പ്രോയുടെ പ്രത്യേക മോഡലുകൾക്ക് വിമാനത്തിൽ വിലക്ക് ഏർപ്പെടുത്തിയത്. ബാറ്ററി ഹീറ്റ് കൂടുതലായതിനാൽ തീപിടുത്ത സാധ്യതയുള്ളതുകൊണ്ടാണ് മാക്ബുക്ക് പ്രോയുടെ ചില പ്രത്യേക മോഡലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

നിരോധിച്ചത് പ്രത്യേക കാലത്ത് പുറത്തിറങ്ങിയവ
2015സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയിൽ ആപ്പിൽ വിൽപ്പന നടത്തിയ 15 ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്ടോപ്പുകൾക്കാണ് ഇന്ത്യയിലെ വിമാനങ്ങളിൽ വിലക്ക് ഉള്ളത്. ചെക്ക് ഇന്നിലോ ബാഗേജിലോ ഇത്തരം മാക്ബുക്കുകൾ കൊണ്ടുപോകരുതെന്ന് ഡിജിസിഎ അറിയിച്ചു. അമേരിക്കൻ റഗുലേറ്ററി ബോഡിയായ FAAയും ഈ മോഡലുകൾക്ക് വിമാനങ്ങളിൽ വില്ക്ക് ഏർപ്പെടുത്തിയിരുന്നു.

ഉത്തരവ് സുരക്ഷയെ മുൻനിർത്തി
മാക്ബുക്ക് പ്രോയിലെ 2015സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയിൽ പുറത്തിറങ്ങിയ ലാപ്ടോപ്പുകളുടെ ബാറ്ററി ഓവർഹീറ്റാവാൻ സാധ്യതയുണ്ട്. ഇത് തീപിടുത്ത സാധ്യത ഉണ്ടാക്കുന്നു. ഇത്തരം മാക്ബുക്കുകളുടെ ബാറ്ററി മാറ്റുകയോ അവ ആപ്പിൾ തന്നെ സുരക്ഷിതമാക്കുകയോ ചെയ്യാതെ വിമാനങ്ങളിൽ അനുവദിക്കില്ലെന്നും ജനറൽ ഓഫ് സിവിൽ ഏവിയേഷൻറെ ഉത്തരവിൽ പറയുന്നു.

സുരക്ഷാപ്രശ്നം പുറത്തുവിട്ടത് ആപ്പിൾ തന്നെ
മുൻപ് 2015 മുതൽ രണ്ടുവർഷം പുറത്തിറക്കിയ മാക്ബുക്ക് പ്രോകളുടെ ബാറ്ററി ആപ്പിൾ തിരിച്ചുവിളിച്ചിരുന്നു. പഴയ ജനറേഷൻ 15 ഇഞ്ച് മാക്ബുക്ക് പ്രോകളിൽ ചിലതിൻറെ ബാറ്ററി ഓവർഹീറ്റാകാനും തീപിടിക്കാനും സാധ്യതയുണ്ടെന്നും അവ വിറ്റഴിച്ചത് 2015 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയിലാണെന്നും സീരിയൽ നമ്പറുകളെ മുൻനിർത്തി ആപ്പിൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് അമേരിക്കയിൽ FAA വിമാനങ്ങളിൽ ഇത്തരം മാക്ബുക്ക് പ്രോകൾ കയറ്റാൻ പാടില്ലെന്ന് ഉത്തരവിട്ടത്.

ഉത്തരവിലെ ആശയകുഴപ്പങ്ങൾ
വളരെ കുറച്ച് മാക്ബുക്ക് പ്രോകൾക്ക് മാത്രമാണ് ഈ നിരോധനം ബാധകമായിട്ടുള്ളത്. എന്നാൽ ജനറൽ ഓഫ് സിവിൽ ഏവിയേഷൻറെ ഉത്തരവ് ആശയകുഴപ്പങ്ങൾ ഉണ്ടാക്കുന്നുണ്ട്. സെക്യൂരിറ്റി സ്റ്റാഫ് എങ്ങനെയാണ് ഇത്തരം മാക്ബുക്കുകൾ പ്രത്യേകമായി തിരിച്ചറിയാൻ സാധിക്കുകയെന്നും ഇത് എല്ലാ മാക്ബുക്ക് പ്രോകളെയും വിമാനത്തിൽ കയറ്റുന്നത് തടയാൻ പോലും കാരണമാകുമെന്നും ആക്ഷേപമുണ്ട്.

ഫ്രീയായി ബാറ്ററി മാറാം
പ്രത്യേക കാലയളവിൽ പുറത്തിറക്കിയ 15 ഇഞ്ച് മാക്ബുക്ക് പ്രോകൾക്കുള്ള ആളുകൾക്ക് ആപ്പിൽ വെബ്സൈറ്റിലൂടെ അത് തിരിച്ചറിയാൻ സംവിധാനമുണ്ട്. ഈ കാറ്റഗറിയിൽപ്പെട്ടതാണ് നിങ്ങളുടെ ലാപ്ടോപ് എങ്കിൽ സർവ്വീസ് സെൻററുകളിൽ ചെന്ന് ബാറ്ററി സൌജന്യമായി മാറ്റാമെന്നും ഒന്നോ രണ്ടോ ആഴ്ച്ച മാക്ബുക്ക് പ്രോ സർവ്വീസനായി ഏൽപ്പിക്കണം എന്നുമാത്രമേ ഉള്ളുവെന്നും ആപ്പിൾ അറിയിച്ചു.


Click it and Unblock the Notifications








