കൃഷി ആവശ്യങ്ങൾക്കും ഡ്രോൺ, 'ഡ്രോൺ ശക്തി'യിലൂടെ കിസാൻ ഡ്രോൺ പദ്ധതിയുമായി സർക്കാർ
ഡ്രോണുകളെ എന്തിന് ഉപയോഗിക്കാം എന്ന ചോദ്യം ഇന്ന് അപ്രസക്തമാണ്. ഇന്ന് പല കാര്യങ്ങൾക്കും ഡ്രോണുകൾ ഉപയോഗിക്കാം. സൈനിക ആവശ്യങ്ങൾ തൊട്ട് കല്യാണ വീഡിയോകൾ വരെ ഷൂട്ട് ചെയ്യാൻ ഡ്രോൺ എന്ന വിഭാഗത്തിൽ വരുന്ന റിമോട്ടിൽ നിയന്ത്രിക്കാവുന്ന പറക്കുന്ന ഡിവൈസുകൾ ഉപയോഗിക്കാറുണ്ട്. ഇനി ഡ്രോണുകൾ കാർഷിക ആവശ്യങ്ങൾക്കും ഉപയോഗിച്ച് തുടങ്ങും. ഇന്ത്യയിൽ കാർഷിക ആവശ്യങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കാനുള്ള പദ്ധതികളിലാണ് കേന്ദ്രസർക്കാർ. ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം വിശദീകരിച്ചത്.

‘ഡ്രോൺ ശക്തി' പദ്ധതികൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുവെന്നും കർഷകരും സ്റ്റാർട്ടപ്പുകളും നേരിടുന്ന ചില പ്രധാന പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ഡ്രോണുകളെ ഉപയോഗിക്കാമെന്നും ഇതിൽ പറയുന്നു. കർഷകർക്ക് സഹായം നൽകുന്നതിനുള്ള വേഗതയുള്ളതും ഫലപ്രദവുമായ മാർഗമായി ഡ്രോണുകൾ ഉപയോഗിക്കാം. വിളകൾ വിലയിരുത്തുന്നതിനും കീടനാശിനികൾ തളിക്കുന്നതിനും പോഷകങ്ങൾ തളിക്കുന്നതിനും ഡ്രോണുകൾ ഉപയോഗിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. വിള വിലയിരുത്തൽ, ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യൽ, കീടനാശിനികൾ തളിക്കൽ, പോഷകങ്ങൾ എന്നിവയ്ക്കായി കിസാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി സീതാരാമൻ പറഞ്ഞു.

സ്റ്റാർട്ടപ്പുകൾക്കും ഡ്രോണുകൾ ഉപയോഗിക്കാൻ സാധിക്കും.ചെറുകിട കമ്പനികൾക്ക് ഇപ്പോൾ കൂടുതൽ കാര്യക്ഷമമായി ഡ്രോണുകൾ ഉപയോഗിക്കാൻ കഴിയുമെന്നും ഒരു ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം കുറയ്ക്കാനും ഇത് സഹായിക്കുമെന്നും ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി വ്യക്തമാക്കി. നൈപുണ്യ വികസനത്തിന് ഡ്രോൺ-അസ്-എ-സർവീസ് (ഡിആർഎഎഎസ്) 'ഡ്രോൺ ശക്തി' എന്നിവയിലൂടെ വിവിധ ആപ്പുകളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ഡ്രോണുകൾ പോലുള്ള സാങ്കേതിക വിദ്യകൾക്ക് സുസ്ഥിര വികസനം കൈവരിക്കാനും പല നിലകളിൽ രാജ്യത്തെ നവീകരിക്കാൻ കഴിയുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി. സൺറൈസ് ഓപ്പച്യൂണിറ്റീസ് വിഭാഗത്തിന് കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജിയോസ്‌പേഷ്യൽ സിസ്റ്റങ്ങളും ഡ്രോണുകളും, സെമികണ്ടക്ടറും അതിന്റെ ഇക്കോ സിസ്റ്റവും, സ്പേസ് ഇക്കണോമി, ജീനോമിക്‌സ്, ഫാർമസ്യൂട്ടിക്കൽസ്, ഗ്രീൻ എനർജി, ക്ലീൻ മൊബിലിറ്റി സിസ്റ്റം എന്നിവയ്ക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് സഹായകമാകുമെന്ന് ബജറ്റിൽ പരാമർശിച്ചു.

യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകാനും ഇന്ത്യൻ വ്യവസായത്തെ കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ സാങ്കേതികവിദ്യകൾക്ക് സാധിക്കുമെന്നാണ് ബജറ്റിലൂടെ ധനമന്ത്രി വ്യക്തമാക്കിയത്. "യൂണിയൻ ബജറ്റും ബഹുമാനപ്പെട്ട ധനമന്ത്രി പ്രഖ്യാപിച്ച സംരംഭങ്ങളും ഇന്ത്യയിലെ ഡ്രോൺ വ്യവസായത്തിന്റെ വളർച്ചയ്ക്ക് പ്രചോദനം നൽകുന്നതാണെന്നും ഡ്രോൺ ശക്തി എന്ന പദ്ധതി അവതരിപ്പിച്ചത് സ്വാഗതാർഹമായ നീക്കമാണ് എന്നും സ്കൈലാർക്ക് ഡ്രോണിന്റെ സിഇഒയും സഹസ്ഥാപകനുമായ മുഗിലൻ തിരു രാമസാമി പറഞ്ഞതായി ബിജിആർ റിപ്പോർട്ട് ചെയ്തു. ഡ്രോൺ ശക്തിയിലൂടെ രാജ്യത്ത് യുഎവികൾ വേഗത്തിൽ സ്വീകരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈവിധ്യമാർന്ന ആപ്പുകളിലൂടെയും ഡ്രോണുകൾ വഴിയും യുഎവികളുടെ സംയോജനത്തിലൂടെ ഡിജിറ്റൽ ഇന്ത്യയും വിവിധ മേഖലകളുടെ ഡിജിറ്റലൈസേഷനും സർക്കാർ പ്രോത്സാഹിപ്പിക്കുന്നത് സന്തോഷകരമാണ് എന്നും മുഗിലൻ തിരു രാമസാമി വ്യക്തമാക്കി. കൃഷി, ധാതുക്കൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രകൃതിവിഭവങ്ങളുള്ള ഇന്ത്യ ഡിജിറ്റലാകുന്നതിന് കൂടുതൽ മുന്നേറാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022-23 ലെ ബജറ്റിന്റെ ഭാഗമായി കാർഷിക മേഖലയിൽ 'കിസാൻ ഡ്രോണുകളുടെ' ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനം പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനുമായി കർഷകരുമായി സഹകരിക്കാൻ ഡ്രോൺ വ്യവസായത്തെ സഹായിക്കും.

ഇന്ത്യയുടെ കാർഷിക മേഖലയുടെ ഭാവി ഇത് സുരക്ഷിതമാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കാർഷിക മേഖലയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നു എന്നത് വളരെ പ്രയോജനമുള്ള കാര്യമാകും എന്ന് ഉറപ്പാണ്. ഇത്തരം സാങ്കേതികവിദ്യകളെ കൃത്യമായി ഉപയോഗിച്ചാൽ കാർഷി മേഖല അടക്കമുള്ളവയിൽ രാജ്യത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കും. ഡ്രോണുകൾ ഉപയോഗിച്ചുകൊണ്ടുള്ള കീടനാശിനി പ്രയോഗവും മറ്റും ഇന്ന് പലയിടത്തും ചെയ്യുന്ന കാര്യമാണ്. സർക്കാർ സഹായത്തോടെ ഇന്ത്യയിലെ കാർഷിക മേഖലയിൽ ഇത്തരം സംരഭങ്ങൾ ഉണ്ടാകുന്നുവെന്നത് ഏറെ പ്രതീക്ഷ നൽകുന്നു.


Click it and Unblock the Notifications