ചൈനയിൽ നിന്ന് കയറ്റി അയച്ച 7 മില്യൺ ഡോളർ വിലയുള്ള വ്യാജ എയർപോഡുകൾ പിടിച്ചെടുത്തു
ആപ്പിളിന്റെ എയർപോഡുകൾക്ക് സമാനമായ 36,000 വയർലെസ് ഹെഡ്‌ഫോണുകൾ യുണൈറ്റഡ് സ്റ്റേറ്റ്സ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) പിടിച്ചെടുത്തു. ചൈനയിൽ നിന്നാണ് ഈ വ്യാജ എയർപോഡുകൾ വന്നത് എന്നാണ് റിപ്പോർട്ടുകൾ. എയർപോഡുകളുടെ യഥാർത്ഥ വിലയ്ക്ക് വിൽക്കാനാണെങ്കിൽ ഇവയ്ക്ക് 7 മില്യൺ ഡോളർ വില വരും. ചൈനയിൽ നിന്ന് സിൻസിനാറ്റിയിലേക്ക് കൊണ്ടുവന്ന മൂന്ന് ഷിപ്പ്മെന്റുകൾ പരിശോധിച്ച സിബിപിയാണ് ഹെഡ്ഫോണുകൾ കണ്ടെത്തിയത്.

സൂക്ഷ്മപരിശോധനയിലൂടെ ഷിപ്പ്മെന്റിലുള്ള എയർപോഡുകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ആപ്പിൾ എയർപോഡിന്റെ സമാനമായ ഡിസൈനിലാണ് വ്യാജ ഡിവൈസുകൾ കണ്ടെത്തിയത് എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇവ യഥാർത്ഥ എയർപോഡുകളാണെങ്കിൽ ദശലക്ഷം ഡോളർ മൂല്യം വരുമെന്ന് അറിയിക്കുന്നതിനൊപ്പം തന്നെ ഈ വ്യാജ എയർപോഡുകൾക്ക് 5,280 ഡോളർ മാത്രമാണ് വില വരികയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൂന്ന് കാർഗോകൾക്കുമായി ആകെ 15,840 ഡോളറാണ് വില വരുന്നത്.

വൺപ്ലസ് ഇയർഫോണുകൾ വ്യാജ എയർപോഡുകളാണെന്ന് കരുതി പിടിച്ചെടുത്ത സംഭവം നേരത്തെ ഉണ്ടായതിനാൽ തന്നെ സിബിപി ജാഗ്രത പാലിച്ചിരുന്നു. ഇത്തവണ സാധനങ്ങൾ പിടിച്ചെടുക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ ഇറക്കുമതി വിദഗ്ധരുമായി കൂടിയാലോചിച്ചു. സിബിപി വ്യാപാരമുദ്രയും കോപ്പിറൈറ്റ് കോഡുകളും ലംഘിച്ചാണ് വ്യാജ എയർപോഡുകൾ വിപണിയിലെത്തിച്ചത് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൈനയിൽ നിന്നുള്ള ഹെഡ്‌ഫോണുകളിൽ ആപ്പിൾ ലോഗോയോ പേരോ ഇല്ലെങ്കിലും ഡിസൈൻ സമാനമാണ്. ഈ ഡിസൈനിന്റെ കോപ്പിറൈറ്റ് ആപ്പിളിന് മാത്രമാണ്.

വ്യാജ എയർപോഡുകളെ എങ്ങനെ തിരിച്ചറിയാം
ആപ്പിളിന്റെ എയർപോഡുകളുടെ ആകൃതിയും ഡിസൈൻ സവിശേഷതകളും അതുപോലെ തുടരുന്നവയാണ് വ്യാജ എയർപോഡുകൾ. 2016 ൽ എയർപോഡുകൾ ലോഞ്ച് ചെയ്ത് മുതൽ ഇതുവരെ ചാരനിറത്തിലുള്ള ഓപ്ഷൻ പുറത്തിറക്കിയിട്ടില്ല. എന്നാൽ വ്യാജ എയർപോഡുകളിൽ പലതും ചാര നിറത്തിലാണ് ഉള്ളത്. എയർപോഡുകളുടെ വെളുത്ത നിറം മാറ്റാൻ ഉപയോക്താക്കളെ സഹായിക്കുന്ന തേർഡ് പാർട്ടി കസ്റ്റമൈസിങ് ഉണ്ട്. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ 2016 സെപ്റ്റംബർ 7 നാണ് എയർപോഡുകൾ ലോഞ്ച് ചെയ്തത്.

വിലകുറച്ചാണ് വിൽക്കുന്നത് എങ്കിലും പല ഉപയോക്താക്കളെയും വ്യാജ എയർപോഡുകൾ കബളിപ്പിക്കുന്നു എന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ ഈ വ്യാജ ഡിവൈസുകളെ തടയുക എന്നത് അത്യാവശ്യമാണ്. നിങ്ങൾക്ക് ലഭിക്കുന്നത് ഒറിജിനൽ ആപ്പിൾ എയർപോഡുകൾ ആണെന്ന് സ്ഥിരീകരിക്കുന്നതിന്, സീരിയൽ നമ്പർ, ലൈറ്റ്നിങ് പോർട്ട്, ലൈറ്റ്-അപ്പ് ഇൻഡിക്കേറ്റർ എന്നിവ പരിശോധിക്കുക. പിടിച്ചെടുത്ത വ്യാജ ഹെഡ്‌ഫോണുകൾ കളറിന്റെ കാര്യത്തിൽ സമാനമല്ലെങ്കിലും മറ്റ് ഡിസൈൻ സവിശേഷതകൾ സമാനമാണ്.

നിങ്ങൾ ഒരു ഗാഡ്ജറ്റ് വാങ്ങുമ്പേൾ അവ ഒറിജിനൽ ആണോ എന്ന് ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്. ഓരോ ഡിവൈസുകളുടെയും സവിശേഷതകൾ കൃത്യമായി അറിയണം. അവയെ കുറിച്ച് കൃത്യമായി പഠിച്ച ശേഷം മാത്രം വാങ്ങുക. മുൻനിര ബ്രാന്റുകളുടെ ഡിവൈസുകൾക്ക് സമാനമായ വ്യാജ പതിപ്പുകൾ ധാരാളമായി വിപണിയിലെത്തുന്ന അവസരത്തിൽ കരുതൽ വേണം. ഓരോ ഡിവൈസിന്റെയും ഒറിജിനലുകളും വ്യാജനും മനസിലാക്കാൻ ഇന്റർനെറ്റിൽ നിന്നും ഒറിജിനൽ ഡിവൈസിന്റെ സവിശേഷതകളും വിശദാംശങ്ങളും പരിശോധിച്ചാൽ മതിയാകും.


Click it and Unblock the Notifications








