ഗൂഗിൾ അസിസ്റ്റന്റ് ഇനി എല്ലാ വെബ്പേജുകളും വായിച്ച് കേൾപ്പിക്കും
ഗൂഗിൾ അതിന്റെ പേഴ്‌സണൽ അസിസ്റ്റന്റായ ഗൂഗിൾ അസിസ്റ്റന്റിന് ഒരു പുതിയ സവിശേഷത വെളിപ്പെടുത്തി. പുതിയ സവിശേഷത വെബ് ബ്രൌസറിൽ നിന്ന് നേരിട്ട് വെബ് ലേഖനങ്ങൾ ഉറക്കെ വായിക്കാൻ അസിസ്റ്റന്റിനെ സഹായിക്കുന്നു. വെബ്പേജുകൾ ഇനി നമ്മൾ തന്നെ വായിക്കണമെന്നില്ല. മറ്റെന്തെങ്കിലും ചെയ്തുകൊണ്ടിരിക്കെ അസിസ്റ്റ് വെബ്പേജുകൾ വായിച്ച് കേൾപ്പിക്കും.

ഉപയോക്താക്കൾ "ഹേ ഗൂഗിൾ, റീഡ് ഇറ്റ്" എന്നോ "ഹേ ഗൂഗിൾ, റീഡ് ദിസ് പേജ്" എന്നോ പറഞ്ഞാൽ തുറന്ന് വച്ച വെബ്പേജിലെ ഉള്ളടക്കം ഗൂഗിൾ അസിസ്റ്റന്റ് ഉടൻ തന്നെ ഉറക്കെ വായിച്ച് തുടങ്ങും. കൂടാതെ ബ്രൌസർ സ്വപ്രേരിതമായി പേജ് സ്ക്രോൾ ചെയ്യുകയും വാക്കുകൾ ഉച്ചത്തിൽ വായിക്കുമ്പോൾ സ്ക്രീനിൽ അവ ഹൈലൈറ്റ് ചെയ്യുകയും ചെയ്യും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ സവിശേഷത ലഭ്യമാണ്.

ഉപയോക്താക്കൾക്ക് ഗൂഗിൾ അസിസ്റ്റന്റിന്റെ വായനയുടെ ശബ്ദം ഇഷ്ടമായില്ലെങ്കിൽ അവ മാറ്റം വരുത്താനുള്ള ഓപ്ഷനും ലഭിക്കും. ഒന്നിലധികം ശബ്ദങ്ങൾ ഇതിൽ ലഭ്യമാണ്. ഇതിനൊപ്പം വായനയുടെ വേഗതയും ഉപയോക്താവിന് നിയന്ത്രിക്കാൻ സാധിക്കും. വേഗത്തിൽ വായിച്ച് കേൾക്കേണ്ട ആളുകൾക്ക് വേഗത വർദ്ധിപ്പിക്കുകയും പതുക്കെ വായിച്ച് കേൾക്കേണ്ടവർക്ക് വേഗത കുറയ്ക്കാനും സാധിക്കും.

പേജുകൾ ആവിഷ്‌കൃതവും സ്വാഭാവികവുമായ ശബ്‌ദങ്ങളിൽ ഗൂഗിൾ അസിസ്റ്റന്റിന് വായിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉപയോക്താവ് സാധാരണയായി ഉറക്കെ വായിക്കുമ്പോൾ ഉപയോഗിക്കുന്ന അതേ രീതിയും താളവും ഉപയോഗിച്ച് തന്നെയായിരിക്കും ഗൂഗിൾ അസിസ്റ്റന്റ് ഉപയോക്താക്കൾക്ക് പേജ് വായിച്ച് കേൾപ്പിക്കുകയെന്ന് കമ്പനി അറിയിച്ചു.

ഓറിജിനൽ കണ്ടന്റ് ഉപയോക്താവിന്റെ മാതൃഭാഷയിലല്ലെങ്കിൽ 42 ഭാഷകളിൽ ഉച്ചത്തിൽ വായിക്കാൻ ഗൂഗിൾ അസിസ്റ്റന്റിന് നിങ്ങളുടെ ബ്രൌസറിനെ ട്രിഗർ ചെയ്യാൻ കഴിയുമെന്ന് കമ്പനി വെളിപ്പെടുത്തി. ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കാൻ ഉപയോക്താവിന് ട്രാൻസലേഷൻ മെനു ഉപയോഗിക്കാം. ഇതിലൂടെ എല്ലാ പേജുകളും ഓട്ടോമാറ്റിക്കായി വിവർത്തനം ചെയ്യപ്പെടുകയും ആ ഭാഷയിൽ വായിക്കുകയും ചെയ്യും.

ആൻഡ്രോയിഡ് ടിവിയിലെ ഗൂഗിൾ അസിസ്റ്റന്റ് ഇപ്പോൾ ഹിന്ദി ഭാഷ സപ്പോർട്ട് ചെയ്യുന്നുവെന്ന് കമ്പനി മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ആൻഡ്രോയിഡ് ടിവി ഉപയോക്താക്കൾക്ക് ഹിന്ദിയിൽ ഗൂഗിൾ അസിസ്റ്റന്റുമായി ആശയവിനിമയം നടത്താൻ കഴിയും. നേരത്തെ സ്മാർട്ട്‌ഫോണുകളിലും സ്മാർട്ട് സ്പീക്കറിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഗൂഗിൾ അസിസ്റ്റന്റ് ഇപ്പോൾ കുറച്ച് കാലമായി ഹിന്ദി ഭാഷയിൽ ലഭ്യമാണ്.

പ്രധാന സവിശേഷതകൾ
ഹൈലൈറ്റ്
ഗൂഗിൾ അസിസ്റ്റന്റ് വായിക്കുന്ന വാചകം ഹൈലൈറ്റ് ചെയ്യുകയും പേജ് വായിക്കുമ്പോൾ ഓട്ടോമാറ്റിക്കായി സ്ക്രോൾ ചെയ്യുകയും ഇതുവഴി ടെക്സ്റ്റ് വായിച്ച് എവിടെ വരെ എത്തിയെന്ന് എത്തിയെന്നത് ട്രാക്കുചെയ്യാൻ സഹായിക്കുകയും ചെയ്യും. ഗൂഗിൾ നേരത്തെ തന്നെ ഈ സവിശേഷത കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു

വേഗത
ഡീഫോൾട്ട് ആയിരിക്കുന്ന വായനയുടെ വേഗത ഉപയോക്താക്കൾക്ക് ആവശ്യത്തിനനുസരിച്ച് മാറ്റാൻ സാധിക്കും. ഉപയോക്താക്കൾ പല വിധം ആളുകളാണ്. ചിലർക്ക് സമയകുറവ് കാരണം വേഗത്തിൽ വായിച്ച് കേൾക്കാൻ താല്പര്യമുണ്ടാകും. മറ്റ് ചിലർക്ക് ഇത് സാവധാനം കേൾക്കുന്നതായിരിക്കും താല്പര്യം. വേഗത നിയന്ത്രിക്കാനുള്ള സംവിധാനം എല്ലാവർക്കും സഹായകമാവും.

ട്രാൻസലേഷൻ
ഗൂഗിൾ അസിസ്റ്റന്റ് വായിക്കാൻ സഹായിക്കുന്ന സംവിധാനത്തോടൊപ്പം കൊണ്ടുവന്ന മറ്റൊരു സവിശേഷത ട്രാൻസലേഷൻ ആണ്. ഇതിലൂടെ വെബ്പേജുകൾ ഉപയോക്താക്കൾക്ക് വിവർത്തനം ചെയ്ത് ലഭിക്കുന്നു. നിങ്ങളുടെ ഭാഷയിൽ അല്ലാത്തൊരു ടെക്സ്റ്റ് ആണ് ഉള്ളതെങ്കിൽ അതിൽ ട്രാൻസലേഷൻ സവിധാനം കൊടുത്താൽ ആവശ്യമുള്ള ഭാഷയിലേക്ക് ഓട്ടോമാറ്റിക്കായി ട്രാൻസിലേറ്റ് ചെയ്ത് വായിക്കുന്നു.

പേജുകൾ ഒഴിവാക്കാം
നിങ്ങൾ ഗൂഗിൾ അസിസ്റ്റന്റ് വച്ച് മറ്റ് ആളുകൾ ഉള്ള സ്ഥലത്ത് നിന്നും ടെക്സ്റ്റ് വായിച്ച് കേൾക്കുകയാണെങ്കിൽ ചില അവസരങ്ങളിൽ പ്രത്യേക പേജുകൾ മറ്റാരും കേൾക്കേണ്ടതില്ല എന്ന് വരും. ഇത്തരം അവസരങ്ങളിൽ ആ പേജുകൾ ഒഴിവാക്കാനുള്ള സംവിധാനം ഗൂഗിൾ നൽകുന്നുണ്ട്. സാധാരണ നിലയിലും നിങ്ങൾക്ക് ആവശ്യമില്ലാത്ത പേജുകൾ വായിച്ച് കേൾക്കുന്നതിൽ നിന്ന് ഈ സംവിധാനം ഉപയോഗിച്ച് നിങ്ങൾക്ക് അവ ഒഴിവാക്കാൻ സാധിക്കും.


Click it and Unblock the Notifications








