നിങ്ങളുടെ മോർഫ് ചിത്രങ്ങൾ വരെ പ്രചരിപ്പിക്കും; ഗൂഗിൾ നിരോധിച്ച ഈ 17 ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യുക
ഉപയോക്താക്കളുടെ സുരക്ഷയെ മാനിച്ച് പതിനേഴോളം ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡീലിറ്റ് ചെയ്തു. ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉണ്ടായിരുന്ന ആപ്പുകളാണ് ഇതിൽ പലതും. സ്പൈലോൺ വിഭാഗത്തിൽപെട്ട ആപ്പുകളാണ് ഡിലീറ്റ് ചെയ്യപ്പെട്ടതിൽ അധികവും. ഈ ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങൾ ഈ ആപ്പുകൾ ശേഖരിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇഎസ്ഇറ്റി എന്ന മാൽവെയർ പ്രൊട്ടക്ഷൻ ആൻഡ് ഇന്റർനെറ്റ് സെക്യൂരിറ്റി സ്ഥാപനമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങൾ ഈ ആപ്പുകൾ രേഖരിക്കുന്നു. പിന്നീട് ഉപയോക്താക്കൾ ഈ ആപ്പുകളിൽ നിന്ന് ലോൺ എടുത്തതിന് ശേഷം തവണകൾ മുടക്കിയാൽ ഈ രഹസ്യ വിവരങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളെ ബ്ലാക്മെയിൽ ചെയ്യാൻ ഈ ആപ്പുകൾ ശ്രമിച്ചിരുന്നു എന്നും ഇഎസ്ഇറ്റി പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ ഇത്തരം ആപ്പുകൾക്കെതിരെ സർക്കാർ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. കേരളാ പോലീസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഈ ആപ്പുകൾ ഉപയോഗിക്കുന്നതിനെതിരെ ഉപയോക്താക്കൾക്ക് ജാഗ്രത നിർദേശങ്ങളും നൽകിയിരുന്നു. പലപ്പോഴും ഉയർന്ന പലിശ നിരക്കിൽ ആയിരുന്നു ഇത്തരം ആപ്പുകൾ ലോണുകൾ നൽകിയിരുന്നത്. ആയതിനാൽ തന്നെ പല ഉപയോക്താക്കളും തവണകൾ മുടക്കിയിരുന്നു. ഉപയോക്താക്കളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിന്റെ ആക്സസ് ഇവർ നേരത്തെ തന്നെ നേടിയെടുക്കും.
ഉപയോക്താക്കൾ തവണകൾ മുടക്കുന്നതോടെ ഇവരുടെ കോൺടാക്ട് ലിസ്റ്റിലെ ആളുകൾക്ക് ഇവരെ അപകീർത്തി പെടുത്തുന്ന സന്ദേശങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും അയയ്ച്ചു കൊടുക്കും. ഇത്തരത്തിലുള്ള പരാതികൾ വർധിച്ചു വന്നതോടെയാണ് സർക്കാർ ഉൾപ്പെടെ ഈ ആപ്പുകൾക്കെതിരെ നടപടികൾ സ്വീകരിച്ചത് തുടങ്ങിയത്. ഇന്ത്യയിൽ മാത്രമല്ല നിരവധി രാജ്യങ്ങളിൽ ഇവരുടെ പ്രവർത്തനം ശക്തമാണ്. ഇവർക്കെതിരെ ജാഗ്രത സ്വീകരിക്കണമെന്ന് പല അതോറിറ്റികളും മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട പതിനേഴോളം ആപ്പുകൾ ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചവ ആണ്. 18 ആപ്പുകളാണ് ഇത്തരത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടത് ഇതിൽ 17 എണ്ണവും ഗൂഗിൾ ഇതിനോടകം തന്നെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഒരു ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങിരിക്കുന്നതിനാൽ ഇത് നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല എന്നാണ് ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
മാത്രമല്ല പുതിയ പതിപ്പിൽ ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ഒന്നും ഈ ആപ്പ് ചെയ്യുന്നുമില്ല എന്നും സൂചനയുണ്ട്. അതേ സമയം ഏതൊക്കെ ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാം. എഎ ക്രെഡിറ്റ് (AA Kredit) എന്ന ആപ്പാണ് ഈ ലിസ്റ്റിൽ ആദ്യം ഉള്ളത്. ഇതിന് പുറമെ അമോർ ക്യാഷ് (Amor Cash), ഗുയാബ ക്യാഷ് (GuayabaCash) എന്നിവയാണ് മറ്റ് ആപ്പുകൾ.
ഈസി ക്രെഡിറ്റ് (EasyCredit), ക്യാഷ് വൗ (Cashwow), ക്രെഡിബസ് (CrediBus), ഫ്ലാഷ്ലോൺ (FlashLoan), പ്രെസ്റ്റാമോസ്ക്രെഡിറ്റോ (PréstamosCrédito), പ്രെസ്റ്റാമോസ് ഡി ക്രെഡിറ്റോ യമിക്യാഷ് (Préstamos De Crédito-YumiCash), ഗോ ക്രെഡിറ്റോ (Go Crédito), ഇൻസ്റ്റന്റീനോ പ്രെസ്റ്റാമോ (Instantáneo Préstamo), കാർടെർന ഗ്രാൻഡെ (Cartera grande), റാപിഡോ ക്രെഡിറ്റോ (Rápido Crédito), ഫിനൂപ് ലെൻഡിങ് (Finupp Lending), 4എസ് ക്യാഷ് (4S Cash) എന്നിവയാണ് നിരോധിച്ച മറ്റ് ആപ്പുകൾ.
ട്രൂനൈര (TrueNaira), ഈസി ക്യാഷ് (EasyCash) എന്നീ ആപ്പുകളും ഗൂഗിൾ നിരോധിച്ച ലിസ്റ്റിൽ ഉണ്ട്. ഇതിൽ ഏതെങ്കിലും ആപ്പ് നിങ്ങൾ ഉപയോഗിക്കുകയോ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആകുകയോ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ നിങ്ങൾ ഇത് അൺഇൻസ്റ്റാൾ ചെയ്യണം എന്നും ഗൂഗിൾ അറിയിക്കുന്നു. എപികെ ആപ്പുകൾ ഉപയോഗിക്കുന്നതും പരമാവധി ഒഴിവാക്കണമെന്നും ഈ റിപ്പോർട്ട് നിർദേശിക്കുന്നു.


Click it and Unblock the Notifications








