സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക; കുട്ടികൾ നിങ്ങളിൽ നിന്ന് എന്നെന്നേക്കുമായി അകന്നേക്കാം
സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും അറിയാവുന്ന കാര്യമാണ് സ്മാർട്ട് ഫോണുകൾക്ക് ധാരാളം മോശം വശങ്ങൾ ഉണ്ടെന്നത്. നിരവധി നല്ല വശങ്ങളും സൗകര്യങ്ങളും സ്മാർട്ട് ഫോണുകൾ വാഗ്ദാനം ചെയ്യുമ്പോഴും അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം നമ്മളെ വലിയ രീതിയിൽ മടിയന്മാരാക്കും. മാത്രമല്ല മാനസീകമായി പല പ്രശ്നങ്ങളിലേക്കും ഇവ നമ്മളെ തള്ളിവിടും.
ഇത്തരത്തിൽ ഞെട്ടിക്കുന്ന പുതിയ ഒരു റിപ്പോർട്ട് ആണ് പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സ്മാർട്ട് ഫോണുകളുടെ അമിതമായ ഉപയോഗം കൂടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും എന്നാണ് വിവോയുടെ സ്വിച്ച് ഓഫ് എന്ന റിസർച്ചിന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. പ്രധാനമായും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം വഷളാകാൻ സ്മാർട്ട് ഫോണുകൾ കാരണമായേക്കാം എന്നാണ് ഇതിൽ പറയുന്നത്.

സൈബർ മീഡിയ റിസർച്ചുമായി സഹകരിച്ചാണ് വിവോ തങ്ങളുടെ സ്വിച്ച് ഓഫ് എന്ന റിസർച്ചിന്റെ അഞ്ചാം ഭാഗം പൂർത്തിയാക്കിയിരിക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മാതാപിതാക്കളിൽ 70 ശതമാനം ആളുകളും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ സമയം ചിലവഴിക്കുന്നവർ ആണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. 60 ശതമാനം ആളുകൾ മാത്രമാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ. കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗവും ഈ റിപ്പോർട്ടിൽ ചർച്ചയാകുന്നുണ്ട്.
ഏകദേശം 12 വയസ് ആകുമ്പോൾ തന്നെ കുട്ടികൾ സ്മാർട്ട് ഫോണിന്റെ ഉപയോഗം ആരംഭിക്കുന്നതാണ്. ദിവസേന ശരാശരി 6.5 മണിക്കൂർ വരെ കുട്ടികൾ ഇത്തരത്തിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതായിരിക്കും. പ്രധാനമായും ഗെയിമിങ് പോലുള്ള കാര്യങ്ങളിലാണ് ഈ പ്രായത്തിൽ കൂട്ടികൾ സ്മാർട്ട് ഫോണിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാതാപിതാക്കൾ ഇവരുടെ പക്കൽ നിന്ന് ഫോൺ പിടിച്ചു വാങ്ങിയാൽ ഇത് കുട്ടികളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഇവർ പറയുന്നു.

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിൽ 90 ശതമാനം ആളുകളും വീട്ടിലെത്തിയാൽ ഫോണിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുന്നവരായിരിക്കും. മറ്റ് വിനോദങ്ങൾ ഇവർ അകറ്റി നിർത്തുന്നു എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല 94 ശതമാനം മാതാപിതാക്കളും കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നവർ ആയിരിക്കും. ആയതിനാൽ തന്നെ 91 ശതമാനം മാതാപിതാക്കളും കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും വിവോയുടെ സ്വിച്ച് ഓഫ് റിപ്പോർട്ട് അവകാശപ്പെടുന്നു.
കുട്ടികളുടെ പക്കൽ നിന്ന് ഫോൺ പിടിച്ചു വാങ്ങുന്നത് കുട്ടികളിൽ മാനസിക വിഷമം ഉണ്ടാക്കുന്നു. മറ്റ് ചിലരാകട്ടെ രാത്രികളിൽ കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നതിന് തയ്യാറാകാതെ സ്മാർട്ട് ഫോണുകളിൽ മുഴുകുന്നു. ഈ രണ്ട് പ്രവർത്തികളും കുട്ടികളിൽ മാനസിക പ്രശ്നം ഉണ്ടാക്കാനും സാവധാനം കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം വഷളാക്കാനും കാരണമാക്കുന്നു. വളരെ ചുരുക്കം വീടുകളിൽ മാത്രമാണ് എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
ശരാശരി മാതാപിതാക്കൾ ദിവസേന 7 മണിക്കൂറോളം സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ കുട്ടികൾ ഉപയോഗിക്കുന്നത് ശരാശരി ഒരു മണിക്കൂറോളമാണ് എന്നാണ് ഈ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. രണ്ട് മണിക്കൂറോളം മാതാപിതാക്കൾ കുട്ടികളോടൊത്ത് ഇരിക്കുമ്പോഴും ഇതിൽ 75 ശതമാനം ആളുകളും സ്മാർട്ട് ഫോൺ ഉപയോഗിച്ചുകൊണ്ട് ഇരിക്കുകയായിരിക്കും എന്നും ഈ പഠനത്തിന്റെ ഫലമായി കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മിലുള്ള ബന്ധത്തിനെ ഇത് കാര്യമായി ബാധിക്കും എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ത്യയിലെ 1,500ഓളം നഗരങ്ങളിലായാണ് വിവോ ഈ പഠനം നടത്തിയത്. അതേ സമയം ഇത്തരം സംഭവങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സ്മാർട്ട് ഫോൺ ഉപയോക്താക്കൾ വിവോ ഡിസംബർ 20 ന് നടത്തുന്ന സ്വിച്ച് ഓഫ് ഡേയിൽ പങ്കെടുക്കണമെന്ന് വിവോ ഇന്ത്യ കോർപ്പറേറ്റ് സ്ട്രാറ്റജി ഹെഡ് ഗീതാജ് ചന്നാന പറഞ്ഞു. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ഉപയോക്താക്കൾ ബോധവാന്മാരാകണമെന്നും പരിഹാരങ്ങൾ നിർദേശിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








