തിരുവനന്തപുരത്ത് ഉദിച്ച ചന്ദ്രനെ കണ്ടത് ഒരുലക്ഷത്തോളം ആളുകൾ; അടുത്തത് ഭൂമിയോ? സയൻസ് ഫെസ്റ്റിവൽ വിശേഷങ്ങളറിയാം
ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ സ്ഥാപിച്ച കൃത്രിമ ചന്ദ്രനെ ഇതുവരെ കാണാനെത്തിയവരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബർ 5ന് വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിൽ ഇവിടെ കൃത്രിമ ചന്ദ്രനെ സ്ഥാപിച്ചത്.
ആദ്യ ദിവസം തന്നെ 50,000-ത്തിൽ അധികം ആളുകൾ മ്യൂസിയം ഓഫ് ദി മൂൺ എന്ന കൃത്രിമ ചന്ദ്രനെ കാണാനെത്തി എന്നാണ് ഇതിന്റെ ശിൽപി ആയ ലൂക്ക് ജെറം എക്സ് പോസ്റ്റ് വഴി അറിയിച്ചിരിക്കുന്നത്. കാണികളിൽ വളരെ അത്ഭുതവും ആകാംഷയും നിറയ്ക്കുന്ന തരത്തിലാണ് ഇദ്ദേഹം മ്യൂസിയം ഓഫ് ദി മൂൺ തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തായി ഇദ്ദേഹം ഇത് പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായി ആണ് ഇത് എത്തുന്നത്.

വളരെ മികച്ച പ്രതികരണം ആണ് ഈ കൃത്രിമ ചന്ദ്രന് ലഭിക്കുന്നത്. നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങളാണ് ഇതിന്റെ പ്രതലത്തിൽ സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ യഥാർത്ഥ ചന്ദ്രന്റെ അതേ രൂപം തന്നെയാണ് ഇതിനുള്ളത്. വളരെ അടുത്ത് നിന്ന് ഈ മ്യൂസിയം ഓഫ് ദി മൂൺ കാണാനുള്ള അവസരം ആണ് ഇപ്പോൾ തിരുവനന്തപുരത്ത് ഉള്ളത്.
ഓരോ സെന്റീമീറ്ററും 5 കിലോമീറ്റർ ചന്ദ്രോപരിതലത്തെ പ്രതിനിധാനം ചെയ്യുന്ന 7 മീറ്റർ വ്യാസമുള്ള ചന്ദ്രനെയാണ് മ്യൂസിയം ഓഫ് ദി മൂണിന്റെ ഭാഗമായി ലൂക്ക് ജെറം നിർമ്മിച്ചിരിക്കുന്നത്. അതേ സമയം ജനുവരിയിൽ ആണ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആർട് സയൻസും ചേർന്ന് നടത്തുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ആരംഭിക്കുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര പ്രദർശനമായിരിക്കും ഇത് എന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

രാത്രികാല വാനനിരീക്ഷണം, വിദ്യാർഥികൾക്കായി സയൻസ് കോൺഗ്രസ്, ശിൽപശാലകൾ തുടങ്ങി നിവധി പരിപാടികളാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് മികച്ച എക്സ്പീരിയൻസ് നൽകാനാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഏകദേശം പത്ത് കോടിയോളം രൂപയാണ് ഈ ഫെസ്റ്റിവൽ നടത്താനായി വേണ്ടി വരുന്ന തുക. ഇതിൽ നാല് കോടി രൂപ സർക്കാർ ആണ് വഹിക്കുന്നത്. ബാക്കി പണം സ്പോണ്‍സര്‍ഷിപ്പിലൂടെയും ടിക്കറ്റിലൂടെയും കണ്ടെത്താനാണ് സംഘാടകരുടെ ശ്രമം.
ഈ ഫെസ്റ്റിവൽ കഴിഞ്ഞാലും ഇതിൽ പ്രദർശിപ്പിച്ച പല വസ്തുക്കളും സ്ഥിരമായി മ്യൂസിയത്തില്‍ സൂക്ഷിക്കാനും സംഘാടകർ പദ്ധതിയിടുന്നുണ്ട്. അതേ സമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല തരത്തിലുള്ള കൃത്രിമ ഗ്രഹങ്ങൾ നിർമ്മിച്ച് പ്രശസ്തനായ വ്യക്തിയാണ് ബ്രിട്ടീഷുകാരനായ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറം. ബഹിരാകാശത്തുനിന്നു ഭൂമിയെ നോക്കുന്ന തരത്തിലുള്ള അനുഭവും കാഴ്ചക്കാരിൽ ഉണ്ടാക്കുന്ന ഗയയിൽ ലൂക്കിന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്നായിരുന്നു.
ദോഹയിലെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു പരുപാടിക്കിടെ ആയിരുന്നു ലൂക്ക് ഇത് നിർമ്മിച്ചത്. ഭൂമിയുടെ 7 മീറ്റർ (23 അടി) വ്യാസമുള്ള മാത്രക ആയിരുന്നു ഇദ്ദേഹം ഇവിടെ തയ്യാറാക്കിയത്. ഇതിന് ശേഷം ലണ്ടൻ, പാരീസ്, ഹോങ്കോംഗ്, മെൽബൺ തുടങ്ങിയ നഗരങ്ങളും ഇദ്ദേഹം ഈ കലാസൃഷ്ടി വീണ്ടും അവതരിപ്പിച്ചു. ക്രത്രിമ ചന്ദ്രനെ പോലെ ക്രത്രിമ ചൊവ്വയുടെ മാത്രകയും ലൂക്ക് നിർമ്മിച്ചിട്ടുണ്ട്. യൂറോപ്പിന്റെ പല ഭാഗത്തായിട്ടായിരുന്നു ലൂക്കിന്റെ മാർസ് പ്രദർശനം.
ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഭൂമിയുടെ രൂപം നിർമ്മിക്കുന്നതിലും വിദഗ്ദനാണ് ലൂക്ക് ജെറം. ഫ്ലോടിങ് ഏർത്ത് എന്നാണ് ഇത് അറിയപ്പെടുന്നത്. യുകെയിലെ വിഗാനിലെ പെന്നിംഗ്ടൺ ഫ്ലാഷിൽ ആയിരുന്നു ഇത് ആദ്യമായി പ്രദർശിപ്പിച്ചത്. ആദ്യ ദിവസം തന്നെ 30,000ഓളം ആളുകൾ ആണ് ഈ ഫ്ലോറ്റിങ് എർത്ത് കാണാനെത്തിയത്. അതേ സമയം ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അടുത്ത പരിപാടികൾ എന്തെല്ലമാണെന്ന് അറിയാനുള്ള ആകാംഷയിലാണ് നിലവിൽ തലസ്ഥാന നിവാസികൾ.


Click it and Unblock the Notifications








