രാജ്യത്തിന്റെ പേര് ശരിക്കും മാറുമോ? ഇന്ത്യയെന്ന് സെർച്ച് ചെയ്യുമ്പോൾ ഗൂഗിൾ മാപ്പിൽ കാണുന്നത് ഭാരത്
ഇന്ത്യയുടെ ഔദ്യോഗിക പേര് ഭാരത് എന്നാക്കി മാറ്റും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ ഗൂഗിൾ മാപ്പിൽ പുതിയ മാറ്റം. ഇപ്പോൾ മാപ്പിൽ ഇന്ത്യ എന്ന് സെർച്ച് ചെയ്യുമ്പോൾ ഭാരത് എന്നാണ് കാണിക്കുന്നത്. ഗൂഗിൾ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ഇത്തരത്തിൽ മാറ്റം വന്നിരിക്കുന്നത്. ഭാരത് എന്ന് കാണിക്കുന്നതിന് പുറമെ ഇന്ത്യയുടെ ദേശീയ പതാകയുടെ ചിത്രവും കാണാൻ സാധിക്കും.
എന്നാൽ ഗൂഗിൾ മാപ്പിന്റെ ഇംഗ്ലീഷ് പതിപ്പ്, മറ്റ് ഭാഷ പതിപ്പുകളിൽ ഇന്ത്യ എന്ന് തന്നെയാണ് കാണിക്കുന്നത്. ഇവയിൽ ഭാരത് എന്ന് സെർച്ച് ചെയ്താലും സെർച്ച് റിസൾട്ടിൽ ഇന്ത്യ എന്നാണ് കാണാൻ സാധിക്കുക. ഇന്ത്യ, ഭാരത് എന്നത് ദക്ഷിണ ഏഷ്യയിലെ ഒരു രാജ്യമാണെന്നും ഗൂഗിൾ മാപ്പിന്റെ സെർച്ച് റിസൾട്ടിൽ പറയുന്നു. ഹിന്ദി പതിപ്പിൽ ഭാരത് എന്ന് കാണിക്കുന്നതിന്റെ താഴെ ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുതലാണ് ഗൂഗിൾ മാപ്പിലെ ഈ മാറ്റം ശ്രദ്ധയിൽപ്പെട്ടു തുടങ്ങിയത്. അതേ സമയം സംഭവത്തിൽ ഔദ്യോഗിക പ്രതികരണം ഒന്നും തന്നെ ഗൂഗിൾ മാപ്പ് നടത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയുടെ പേര് ഔദ്യോഗികമായി തന്നെ ഭാരത് എന്ന് മാറ്റും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനായി കേന്ദ്ര സർക്കാർ പല കാര്യങ്ങളിലും മാറ്റം വരുത്തുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അടുത്തിടെ ഇന്ത്യൻ റെയിൽവേയുടെ പേരും ഭാരത് എന്നാക്കി മാറ്റിയത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ ശുപാര്‍ശ ഫയലുകളിലാണ് ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് നൽകിയിരിക്കുന്നത്. രാജ്യത്തെ പാഠ്യപദ്ധതികളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്ന് നൽകണമെന്നും രാജ്യത്തെ വിദ്യാഭ്യാസ രംഗം നിയന്ത്രിക്കുന്ന നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രൈനിംഗ് (എൻസിഇആര്‍ടി) അഭിപ്രായപ്പെട്ടിരുന്നു.

MOST READ: ആറ് ഇഞ്ച് ഫോൺ സ്ക്രീനിനെ 100 ഇഞ്ചാക്കി മാറ്റും; ജിയോ ഗ്ലാസിന്റെ പ്രത്യേകതകൾ അറിയാം
ആഴ്ചകൾക്ക് മുമ്പ് രാജ്യത്ത് വെച്ച് നടന്ന ജി 20 ഉച്ചകോടിയിലും ഇതിന് സമാനമായ പ്രവർത്തികൾ നടന്നിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മറ്റ് രാജ്യങ്ങളുടെ രാഷ്ട്രതലവന്മാർക്ക് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമ്മു നൽകിയ വിരുന്നിന് ക്ഷണിച്ച കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിൻന്റ് ഓഫ് ഭാരത് എന്നായിരുന്നു എഴുതിയിരുന്നത്. ഇവിടെ നിന്നാണ് രാജ്യത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് തുടക്കമായത്.
ഇതേ ഉച്ചകോടിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഇരുന്ന കസേരയിൽ പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്നാണ് എഴുതിയിരുന്നത്. രാജ്യത്തിന്റെ ഭരണഘടനപ്രകാരം ഇന്ത്യ, ഭാരത് എന്നീ പേരുകൾക്ക് ഒരുപോലെ പ്രധാന്യം ഉണ്ടെന്നും ആയതിനാൽ ഭാരത് എന്ന് പ്രയോഗിക്കുന്നതിൽ തെറ്റ് ഇല്ല എന്നുമാണ് വിലയിരുത്തൽ. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തി കുറച്ചു നാളുകൾക്ക് ശേഷമാണ് ഭാരത് എന്ന പേര് പല ഔദ്യോഗിക രേഖകളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
ഇതിനെതിരെ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാർട്ടികൾ എല്ലാം തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എന്നിരുന്നാലും വരും ദിവസങ്ങളിൽ കൂടുതൽ രേഖകളിൽ ഭാരത് എന്ന പേര് കേന്ദ്ര സർക്കാർ നൽകും എന്നാണ് വിലയിരുത്തൽ. എന്നാൽ ഇന്ത്യ എന്ന പേര് മാറ്റാൻ സർക്കാരിന് താൽപര്യം ഇല്ലെന്നും ഇന്ത്യക്കൊപ്പം തന്നെ ഭാരത് എന്ന പേര് ഒരുപോലെ ഉപയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നുമായിരുന്നു വിവാദത്തിന് ശേഷം ഉണ്ടായ ചില പ്രതികരണങ്ങളിൽ ഒന്ന്.
അതേ സമയം കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച വിശാല സഖ്യത്തിന്റെ പേര് ഐഎൻഡിഐഎ എന്ന് ആക്കിയതിന് ശേഷമാണ് കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഭാരത് എന്ന പേര് ഉയർത്തി കാണിക്കുന്നത് എന്ന ആക്ഷേപവും ശക്തമാണ്. എന്നാൽ പേര് മാറ്റത്തിൽ അപകടം ഒന്നുമില്ലെന്നും ഇന്ത്യയും ഭാരതും തമ്മിൽ വ്യത്യാസമില്ലെന്നും ആണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചത്.


Click it and Unblock the Notifications








