കുറഞ്ഞ വിലയ്ക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (ബിഎസ്എൻഎൽ) ഇന്ത്യൻ ടെലിക്കോം വിപണിയിലെ മൂന്നാം സ്ഥാനക്കാരായ വോഡഫോൺ ഐഡിയയും (വിഐ) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കമ്പനികളാണ്. എങ്കിലും ജിയോ, എയർടെൽ എന്നീ മുൻനിര കമ്പനികളോട് മത്സരിക്കാൻ പോന്ന പ്ലാനുകളും ഓഫറുകളും ഈ രണ്ട് ടെലിക്കോം കമ്പനികളും നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന് വളരെ മികച്ച പ്ലാനുകൾ ഉണ്ടെങ്കിലും 4ജി രാജ്യത്ത് എല്ലായിടത്തും ഇല്ല എന്നതൊരു പോരായ്മയാണ്. വിഐയാവട്ടെ ആകർഷകമായ പ്ലാനുകളും ഓഫറുകളുമാണ് നൽകുന്നത്.

സെപ്റ്റംബറിലെ ഓപ്പൺ സിഗ്നലിന്റെ റിപ്പോർട്ടിൽ ഇന്ത്യയിൽ ഏറ്റവും വേഗത്തിലുള്ള ഡൌൺലോഡ്, അപ്ലോഡ് വേഗത നൽകിയ ടെലിക്കോം കമ്പനിയാണ് വിഐ. വിഐയുടെയും ബിഎസ്എൻഎല്ലിന്റെയും വില കുറഞ്ഞ ചില പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇവയെല്ലാം ഒരു മാസമോ അതിൽ കുറവോ വാലിഡിറ്റി നൽകുന്നവയുമാണ്. എന്നാൽ ഈ പ്ലാനുകൾ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ മികച്ചതാണ്. റീചാർജിന് അധികം പണം ചിലവഴിക്കാൻ താല്പര്യമില്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ് ഇവ. ഈ പ്ലാനുകൾ വിശദമായി നോക്കാം.

ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ
ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് നൽകുന്ന വില കുറഞ്ഞതും വാലിഡിറ്റി കുറഞ്ഞതും മറ്റ് ആനുകൂല്യങ്ങൾ കൂടുതലും നൽകുന്ന പ്ലാനുകളിൽ 99 രൂപ പ്ലാൻ, 147 രൂപ പ്ലാൻ, 187 രൂപ പ്ലാൻ എന്നിവയാണ് ഉള്ലത്. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 22 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് കമ്പനിയിൽ നിന്ന് 99 എസ്എംഎസുകളും പേഴ്സണലൈസ്ഡ് റിങ്ബാക്ക് ടോൺ (പിആർബിടി) സേവനവും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. അധികം പണം ചിലവഴിക്കാൻ താല്പര്യം ഇല്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഡാറ്റ ആനുകൂല്യം ലഭിക്കില്ല എന്നതാണ് പ്ലാനിന്റെ പോരായ്മ.

ബിഎസ്എൻഎൽ നൽകുന്ന 147 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ 10 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ ഉപയോഗിക്കാവുന്നത്. ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ വേഗത കുറയുന്നുയ ബിഎസ്എൻഎൽ ട്യൂൺസ്, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. എസ്എംഎസ് ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കില്ല. ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച ഹ്രസ്വകാല പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ് 187 രൂപയുടെ പ്ലാൻ. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് സൗജന്യ പിആർബിടി സേവനങ്ങൾ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ പ്രീപെയ്ഡ് പ്ലാനുകൾ
വോഡഫോൺ ഐഡിയയുടെ ഒരു മാസമോ അതിൽ കുറവോ വാലിഡിറ്റി നൽകുന്ന പ്ലാനുകളിൽ 199 രൂപ പ്ലാൻ, 219 രൂപ പ്ലാൻ, 267 രൂപ പ്ലാൻ, 299 രൂപ പ്ലാൻ എന്നിവയാണ് ഉള്ളത്. 199 രൂപയുടെ പ്ലാനിലൂടെ 24 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 1 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഉപയോക്താക്കൾക്ക് വിഐ മൂവീസ് & ടിവി ബേസിക്ക് സൗജന്യ ആനുകൂല്യവും ഇതിലൂടെ ലഭിക്കുന്നു. വിഐയുടെ 219 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 199 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ 219 രൂപയുടെ പ്ലാനിൽ 4 ദിവസം കൂടി വാലിഡിറ്റി അധികം ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

വിഐയുടെ 267 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് മൊത്തത്തിൽ 25 ജിബി ഡാറ്റയും ലഭിക്കുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളാണ്. വിഐ മൂവീസ് & ടിവി ക്ലാസിക്ക് സൗജന്യ ആക്സസും പ്ലാൻ നൽകുന്നു. കമ്പനിയുടെ 299 രൂപയുടെ പ്ലാൻ 30 ദിവസത്തിൽ താഴെയുള്ള വാലിഡിറ്റിയുള്ള ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ്. ഈ പ്ലാനിനൊപ്പം വരുന്ന ഡബിൾ ഡാറ്റ ആനുകൂല്യം തന്നെയാണ് പ്രധാന ആകർഷണം. 299 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് 4ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 28 ദിവസത്തേക്ക് ലഭിക്കും. 100 എസ്എംഎസുകളും വിഐ മൂവീസ്, ടിവി സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നു.


Click it and Unblock the Notifications








