കുറഞ്ഞ വിലയിൽ 108 എംപി ക്യാമറയുമായി ഹോണർ; എക്സ്50 ഐ പ്ലസ് ചൈനയിലെത്തി, ഇന്ത്യയിൽ ഉടൻ പ്രതീക്ഷിക്കാം
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഹോണറിന്റെ പുതിയ ഫോണായ ഹോണർ എക്സ്50 ഐ പ്ലസ് പുറത്തിറക്കി. നിലവിൽ ചൈനീസ് മാർക്കറ്റിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഫോൺ ഇന്ത്യൻ മാർക്കറ്റിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഫോണിന്റെ പ്രധാന ആകർഷണം.
ഒരു ഇടവേളയ്ക്ക് ശേഷം അടുത്തിടെ ഹോണർ തങ്ങളുടെ മറ്റൊരു മോഡലായ ഹോണർ 90 ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ആയതിനാൽ തന്നെ പുതിയ എക്സ്50 ഐ പ്ലസും ഇന്ത്യയിൽ ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മികച്ച ഫോണുകൾ മാർക്കറ്റിൽ എത്തിക്കുന്നതിൽ കേമനാണ് ഹോണർ. ഇതിനോടകം തന്നെ ഇന്ത്യയിൽ നിരവധി ഫോണുകൾ ഹോണർ അവതരിപ്പിച്ചിരുന്നു. അതേ സമയം പുതിയ ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

6.7-ഇഞ്ച് AMOLED ഫുൾ-എച്ച്‌ഡി+ (2,412 x 1,080 പിക്‌സൽ) ഡിസ്‌പ്ലേയുമായാണ് ഹോണർ എക്സ്50 ഐ പ്ലസ് എത്തിയിരിക്കുന്നത്. ഈ സ്ക്രീൻ 90Hz പുതുക്കൽ നിരക്കും 2,000 nits തെളിച്ചവും അവകാശപ്പെടുന്നുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2വിലാണ് ഹോണർ എക്സ്50 ഐ പ്ലസ് പ്രവർത്തിക്കുന്നത്. MediaTek Dimensity 6080 SoC ചിപ്പാണ് ഫോണിനായി ഹോണർ തയ്യാറാക്കിയിരിക്കുന്നത്. 256 ജിബി, 512 ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്.
ഫോണിന്റെ പ്രധാന ആകർഷണമായ ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ആദ്യം സൂചിപ്പിച്ചത് പോലെ 108 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് എക്സ്50 ഐ പ്ലസിന് ഉള്ളത്. മാത്രമല്ല 2-മെഗാപിക്സലിൽ ഒരു സെക്കന്ററി ക്യാമറയും ഫോണിന്റെ പിൻവശത്ത് ഇടം പിടിച്ചിട്ടുണ്ട്. ക്യാമറയെ വലയം വെയ്ക്കുന്ന പോലെയാണ് ഫ്ലാഷ് ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 8 മെഗാപിക്സൽ ആണ്.

ഫോണിന്റെ പഞ്ച് ഹോളിനാണ് ഫ്രണ്ട് ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. 35W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയാണ് ഫോണിന് ഊർജം നൽകുന്നത്. ഫോണിന്റെ സുരക്ഷാ ഫീച്ചറിന്റെ ഭാഗമായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഹോണർ നൽകിയിട്ടുണ്ട്. വെറും 166 ഗ്രാം ഭാരം മാത്രമാണ് ഈ ഫോണിന് ഉള്ളത്. ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് ചൈനയിൽ നൽകേണ്ട വില 1,599 യുവാൻ ആണ്.
അതായത് ഇന്ത്യൻ മാർക്കറ്റിലെ 18,600 രൂപ. അതേ സമയം 12 ജിബി റാം 512 ജിബി സ്റ്റോറേജ് പതിപ്പിന് 1,799 യുവാനും നൽകേണ്ടി വന്നേക്കും. ഇന്ത്യൻ മാർക്കറ്റിലെ 20,900 രൂപ. ഇത്രയും കുറഞ്ഞ വിലയിൽ മികച്ച ക്യാമറ നൽകുന്ന സ്മാർട്ട് ഫോണുകൾ പൊതുവെ കുറവാണ്. മികച്ച ക്യാമറ ഫീച്ചറുകള്ള വില കുറഞ്ഞ ഫോൺ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നെങ്കിൽ ഹോണർ എക്സ്50 ഐ പ്ലസ് നിങ്ങൾക്ക് മികച്ച ഓപ്ഷൻ ആയിരിക്കും.
അതേ സമയം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഹോണർ 90ലൂടെ ഇന്ത്യൻ മാർക്കറ്റിൽ ഹോണർ വീണ്ടും എത്തിയത്. 200 എംപി ആയിരുന്നു ഹോണർ 90യുടെ പ്രൈമറി ക്യാമറ. ഈ ഫോണിന്റെ സെൽഫി ക്യാമറ 50 എംപി ആയിരുന്നു എന്നതും എടുത്ത് പറയേണ്ട മറ്റൊരു സവിഷശേഷതയാണ്. 1.5K റെസല്യൂഷനും 1600 നിറ്റ് പീക്ക് തെളിച്ചവും നൽകുന്ന ക്വാഡ് കർവ്ഡ് സ്‌ക്രീനും ഫോണിൽ ഇടം പിടിച്ചിരുന്നു.
ഇന്ത്യൻ മാർക്കറ്റിൽ മികച്ച പ്രതികരണം ആയിരുന്നു ഹോണർ 90ന് ലഭിച്ചത്. ഇതിനോടകം തന്നെ നിരവധി ഉപഭോക്താക്കൾ ഈ ഫോൺ സ്വന്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങൾ ഹോണറിന്റെ വിവധ മോഡലുകൾ ഇന്ത്യൻ മാർക്കറ്റിൽ വിൽപനയ്ക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൽ എത്താത്ത നിരവധി മോഡലുകൾ ഹോണർ ചൈനീസ് വിപണിയിൽ മാത്രമായി വിൽക്കുന്നുണ്ട്.


Click it and Unblock the Notifications








