അണിയറയിൽ ഒരുങ്ങുന്നത് അടാറ് ഐറ്റം; ഐഫോൺ 16ലെ ടെട്രാപ്രിസം ക്യാമറയെക്കുറിച്ച് കൂടുതൽ അറിയാം
ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഫോണാണ് ഐഫോൺ 16 സീരീസ് ഫോണുകൾ. ഈ സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 15 സീരീസ് ഫോണുകളുടെ പിൻഗാമികൾ ആയാണ് ഐഫോൺ 16 സീരീസ് ഫോണുകളെ ആപ്പിൾ പുറത്തിറക്കുന്നത്. മാത്രമല്ല ഐഫോൺ 15ൽ നിന്ന് ധാരാളം അപ്ഡേറ്റുകളും പുതിയ ഫോണുകൾക്ക് ഉണ്ടായിരിക്കും.
2024 സെപ്റ്റംബറിൽ ആയിരിക്കും ഐഫോൺ 16 സീരീസ് ഫോണുകൾ പുറത്തിറങ്ങുക. എല്ലാ വർഷവും സെപ്റ്റംബർ മാസങ്ങളിൽ ആണ് ആപ്പിൾ തങ്ങളുടെ പുതിയ ഫോണുകൾ പുറത്തിറക്കുന്നത്. അതേ സമയം അടുത്ത വർഷം പുറത്തിറങ്ങാനുള്ള ഫോണിനെക്കുറിച്ച് ഇപ്പോഴെ റിപ്പോർട്ടുകൾ പുറത്ത് വന്നു തുടങ്ങി. അത്രത്തോളം ജനപ്രിയ ബ്രാൻഡാണ് ആപ്പിൾ. ഐഫോണുകൾ കൈവശം വെയ്ക്കുന്നത് ഒരു പ്രൗഡിയുടെ പ്രതീകമാണെന്ന് കരുതുന്നവരും ധാരാളമുണ്ട്.

MOST READ: പേര് വച്ച് ആളെ തപ്പാം, നമ്പർ വെളിപ്പെടുത്തേണ്ട! വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു
അതേ സമയം ഐഫോൺ 16നെ കുറിച്ച് പുറത്ത് വന്ന ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഐഫോൺ 16ന്റെ പ്രോ മോഡലുകളിൽ ടെട്രാപ്രിസം ക്യാമറ സാങ്കേതികവിദ്യ ഉണ്ടായിരിക്കും എന്നാണ്. ക്യാമറാ ഫീച്ചറുകളിൽ എന്നും കേളികേട്ട ഫോണുകളാണ് ആപ്പിളിന്റെത്. മികച്ച ക്യാമറ ഫീച്ചറുകൾ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നതിൽ ആപ്പിൾ എന്നും മികച്ച് നിൽക്കുന്നു. ഈ പരമ്പര കാത്തുസൂക്ഷിക്കാനാണ് ഐഫോൺ 16ലൂടെയും ആപ്പിൾ ശ്രമിക്കുന്നത്.
പുതിയ ഫോണിൽ ആപ്പിൾ നൽകാൻ ഉദ്ദേശിക്കുന്ന ടെട്രാപ്രിസം ക്യാമറയ്ക്ക് കുറഞ്ഞത് 5x ഒപ്റ്റിക്കൽ സൂമും 25x ഡിജിറ്റൽ സൂം എന്നിവ വാഗ്ദാനം ചെയ്യാൻ സാധിക്കും എന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ് എന്നീ മോഡലുകളായിരിക്കും പുതിയ സീരീസിൽ ഉണ്ടായരിക്കുക. ഇതിൽ പ്രോ മോഡലുകൾക്കാണ് ടെട്രാപ്രിസം ക്യാമറ നൽകാൻ ആപ്പിൾ ആലോചിക്കുന്നത്.

MOST READ: ഈ മൂന്ന് സെറ്റിംഗ്സിൽ മാറ്റം വരുത്തുക നിങ്ങളുടെ സാംസങ് ഫോണിന്റെ ബാറ്ററി ലൈഫ് ഇരട്ടിയാകും
ദി ഇലക് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ആപ്പിളിന്റെ ഭാഗത്ത് നിന്ന് ഈ വാർത്തയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരണം വന്നിട്ടില്ല. അതേ സമയം എൽജിയുമായി സഹകരിച്ചായിരിക്കും ആപ്പിൾ ഈ ക്യാമറകൾ തയ്യാറാക്കുക എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്നതോടെ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കും എന്നും ആപ്പിൾ വിശ്വസിക്കുന്നു. മാക് റൂമേഴ്സ് എന്ന മാധ്യമവും ഇതിന് സമാനമായ ചില റിപ്പോർട്ടുകൾ പങ്കുവെച്ചിട്ടുണ്ട്.
ഐഫോൺ 16 പ്രോ മോഡലുകളിൽ 5x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന ടെട്രാപ്രിസം ലെൻസ് ഉണ്ടായിരിക്കും എന്നായിരുന്നു മാക് റൂമേഴ്സിന്റെ റിപ്പോർട്ട്. പ്രമുഖ ആപ്പിൾ അനലിസ്റ്റ് മിംഗ് ചി കുവോയുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാക് റൂമേഴ്സ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതിന് പുറമെ ഐഫോൺ 16ന്റെ എല്ലാ മോഡലുകളിലും പ്രത്യേക ആക്ഷൻ ബട്ടൺ ഉണ്ടായിരിക്കും എന്നും മാക് റൂമേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
നാല് തവണയോളം പ്രകാശത്തെ പ്രതിഫലിപ്പിച്ച് ഫോക്കൽ ലെങ്ത് വർധിപ്പിച്ച് ഫോട്ടോ എടുക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ടെട്രാപ്രിസം. നിലവിൽ ഐഫോൺ 15 പ്രോ മാക്സിന് മാത്രമേ ഈ പ്രത്യേകതയുള്ളു. ഇതിന് പുറമെ 5x സൂം കാര്യക്ഷമതയുള്ള ടെലിഫോട്ടോ സിസ്റ്റവും ഇതിൽ നൽകിയിട്ടുണ്ട്. ഐഫോൺ പ്രോയിൽ 3x സൂം ഉള്ള 12MP ടെലിഫോട്ടോ ക്യാമറയാണ് ആപ്പിൾ നൽകിയിരിക്കുന്നത്. ഇവയെല്ലാം മികച്ച ചിത്രങ്ങൾ പകർത്താൻ ഉപയോക്താക്കളെ സഹായിക്കുന്നു.
മറ്റുള്ള ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ആപ്പിൾ ഫോണിന്റെ ക്യാമറയുടെ മെഗാപിക്സൽ കുറവായിരിക്കുമെങ്കിലും എടുക്കുന്ന ചിത്രങ്ങൾ മറ്റ് ഫോണുകളെ അപേക്ഷിച്ച് മികച്ചതായിരിക്കും. ഇത്തരത്തിൽ പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉൾക്കൊള്ളിക്കുമ്പോൾ ഇവ ഒന്നുകൂടി മികച്ചതാക്കാൻ സാധിക്കുന്നതായിരിക്കും. ഐഫോൺ 15 സീരീസ് ഫോണുകൾക്ക് മികച്ച പ്രതികരണം ആയിരിന്നു ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചിരുന്നത്. ഇതിലും മികച്ച ഫോണുകൾ ആയിരിക്കും ആപ്പിൾ ഐഫോൺ 16 സീരീസിൽ അവതരിപ്പിക്കാൻ സാധ്യത എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








