സൂക്ഷിക്കുക ഐആർസിടിസി വ്യാജ ആപ്പ് പെരുകുന്നു; ഉപഭോക്താക്തൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വ്യാജ ആപ്പിനെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). പുതിയ ട്വീറ്റിലാണ് ഐആർസിടിസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് യാത്രക്കാർ ട്രെയിൻ യാത്രക്കുള്ള ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഐആർസിടിസിയെ ആണ്.
വ്യാജ ആപ്പ് വലിയ തോതിൽ ആളുകൾ ഡൗൺലോഡ് ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിലൂടെ ഹാക്കർമാരും തട്ടിപ്പുകാരും പെരുകുകയാണ്. 'ഐആർസിടിസി റയിൽ കണക്ട്' എന്നാണ് വ്യാജ മൊബൈൽ ആപ്പിന്റെ പേര്. ഇതിനോട് എല്ലാ ഉപഭോക്താക്കളും ജാഗ്രത പാലിക്കണം എന്നായിരുന്നു ട്വീറ്റിൽ ഐആർസിടിസി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഐആർസിടിസിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

"മുന്നറിയിപ്പ് ചില തട്ടിപ്പുകാർ വലിയ തോതിൽ ഫിഷിംഗ് ലിങ്കുകൾ അയയ്ക്കുകയും യാത്രക്കാരെ വഞ്ചിക്കാനായി 'ഐആർസിടിസി റയിൽ കണക്ട്' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കുന്ന രീതിയിൽ വ്യാപകമായി പെരുകുന്ന ഒരു ക്യാമ്പയിൻ ശ്രദ്ധയിൽ പെട്ടു. ഇത്തരം തട്ടിപ്പുകാരുടെ ഇരകളാകരുത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഐആർസിടിസിയുടെ ഔദ്യോഗിക റെയിൽ കണക്റ്റ് മൊബൈൽ ആപ്പുകൾ മാത്രം ഉപയോഗിക്കുക." എന്നായിരുന്നു ട്വിറ്റിൽ ഐആർസിടിസി പറഞ്ഞിരിക്കുന്നത്.
തട്ടിപ്പുകൾക്ക് ഇരയാകാതെ ഇരിക്കാൻ ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://irctc.co.in-ൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക നമ്പറുകളിൽ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാമെന്നും ട്വീറ്റിൽ ഐആർസിടിസി കൂട്ടിച്ചേർക്കുന്നു. സാമ്പത്തികമായി വഞ്ചിക്കപ്പെടാനോ വ്യക്തിപരമായ വിവിരങ്ങൾ ചോരാനോ ഈ വ്യാജ ആപ്പുകൾ കാരണമായേക്കാം എന്നാണ് വിദഗ്ദർ പറയുന്നത്. ആയതിനാൽ ആപ്പിന്റെ ജെനുവിനിറ്റി പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രമേ ഉപഭോക്താക്കൾ ഇതി ഉപയോഗിക്കാവു.

വ്യാജ ആപ്പുകളുടെ ഭീഷണി നേരിടാൻ ഉപഭോക്താക്കൾ ജാഗ്രത സ്വീകരിക്കുക. വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കുക. ഇൻറർനെറ്റ് ബ്രൗസ് ചെയ്യുമ്പോഴും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. പരിശോധിച്ചുറപ്പിച്ച വിശ്വാസതയുള്ള ഉറവിടങ്ങളിൽ നിന്ന് മാത്രമേ ആപ്പുകൾ ഡൗൺലോഡ് ചെയ്യാവു. നേരത്തെ irctcconnect.apk എന്ന പേരിലും റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി ഒരു വ്യാജ ആപ്പ് തട്ടിപ്പുകാർ പുറത്തിറക്കിയിരുന്നു.
ഇതിനെതിരെയും ഐആർസിടിസി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. വാട്സ്ആപ്പ്, ടെലഗ്രാം പോലെയുള്ള ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്ഫോമുകൾ വഴിയായിരുന്നു ഈ ആപ്ലിക്കേഷൻ വ്യാപകമായി പ്രചരിച്ചിരുന്നത്. യഥാർഥ ഐ.ആർ.സി.ടി.സി ആപ്പിനോടു സാമ്യമുള്ളതിനാൽ നിരവധി ഉപഭോക്താക്കൾ ഈ തട്ടിപ്പിന് ഇരയായിരുന്നു. പ്രധാനമായും ഉപഭോക്താക്കളുടെ ഫോൺ ഹാക്ക് ചെയ്യുക, യുപിഐ നമ്പർ ചോർത്തി പണം തട്ടുക, ഓൺലൈൻ വഴി ബാങ്ക് കാർഡിലൂടെ പണം തട്ടുക എന്നിവയാണ് തട്ടിപ്പുകാർ ലക്ഷ്യം വെക്കുന്നത്.
ഐആർസിടിസി ഒരിക്കലും ഉപഭോക്താക്കളിൽ നിന്ന് പിൻ, ഒടിപി, പാസ്വേഡ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, നെറ്റ് ബാങ്കിംഗ് പാസ്വേഡ് അല്ലെങ്കിൽ യുപിഐ വിശദാംശങ്ങൾ എന്നിവയ്ക്കായി വിളിക്കില്ല. അതേ സമയം ഇന്ത്യൻ റെയിൽവേയിൽ പ്രതിദിനം 14.5 ലക്ഷം റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിൽ 81 ശതമാനവും ഐആർസിടിസി വഴി ബുക്ക് ചെയ്യുന്ന ഇ- ടിക്കറ്റുകളാണ്.
ടിക്കറ്റ് ബുക്ക് ചെയ്യാൻ നേരം ഐആർസിടിസി വെബ്സൈറ്റ് പ്രവർത്തിക്കുന്നില്ലെങ്കിൽ ആമസോൺ, പേടിഎം, മേക്ക് മൈ ട്രിപ്പ്, ഗോഗിബോ തുടങ്ങിയ ആപ്പുകളുടെ സഹായം സ്വീകരിക്കാവുന്നതാണ്. ഇന്നത്തെ ഡിജിറ്റൽ കാലത്ത് പല രീതിയിൽ ആളുകൾ സൈബർ ലോകത്ത് തട്ടിപ്പുകൾക്ക് ഇരയാകാറുണ്ട്. സോഷ്യൽ മീഡിയകൾ വഴിയോ അല്ലാതെ വ്യാജ ആപ്പുകൾ വഴിയോ ആണ് തട്ടിപ്പുകൾ ഏറെയും നടക്കുന്നത്.
ലോക്ഡൗൺ കാലത്താണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തത്. വർക്ക് ഫ്രം ഹോമിന്റെ പേരിൽ നിരവധി പേര് തട്ടിപ്പിനിരയായിരുന്നു. പിന്നീട് വ്യാജ ലിങ്കുകളും ഇമെയിലുകളും ഒക്കെ അയച്ചും തട്ടിപ്പുകാർ ഉപഭോക്താക്കളെ ചൂഷണം ചെയ്തിരുന്നു. ഒരു ദിവസം തന്നെ ഇത്തരത്തിൽ നിരവധി പേര് സൈബർ തട്ടിപ്പുകൾക്ക് ഇരയാകാറുണ്ട്.


Click it and Unblock the Notifications








