കാത്തിരിപ്പിന് വിരാമം; 126 ദിവസത്തെ യാത്രക്കൊടുവിൽ ഇന്ത്യയുടെ ആദിത്യ എൽ-1 നാളെ ലക്ഷ്യസ്ഥാനത്ത്
ഇന്ത്യയുടെയും ഇസ്രോയുടെയും ആദ്യ സൂര്യ ദൗത്യമായ ആദിത്യ എൽ-1 വിജയത്തിലേക്ക് എത്തുന്നു. ഈ ദൗത്യത്തിന്റെ ഭാഗമായ സാറ്റ്ലൈറ്റ് നാളെയോടെ ഹാലോ ഓർബിറ്റിൽ പ്രവേശിക്കും. വൈകിട്ട് നാല് മണിയോടെ ഇത് ലക്ഷ്യസ്ഥാനത്ത് എത്തും എന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതോടെ സൂര്യനെക്കുറിച്ച് പല നിർണ്ണായക വിവരങ്ങളും ശേഖരിക്കാൻ സാധിക്കുന്നതായിരിക്കും.
ആദിത്യ ലാഗ്രാഞ്ച് പോയിന്റ് 1 (L1) എന്നതാണ് ഈ സാറ്റ്ലൈറ്റിന്റെ ലക്ഷ്യസ്ഥാനം. 'ഹാലോ ഓർബിറ്റ്' എന്ന പേരിലും ഇത് അറിപ്പെടുന്നുണ്ട്. മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ തന്നെ സൂര്യനെ വളരെ അടുത്ത് നിന്ന് നിരീക്ഷിക്കാൻ സാധിക്കുന്നതിനാലാണ് ഈ സ്ഥലം തന്നെ ലക്ഷ്യസ്ഥാനമാക്കാൻ ഇസ്രോ തയ്യാറായത്. അഞ്ചോളം ലാഗ്രാഞ്ച് പോയിന്റുകളാണ് ആകെ ഉള്ളത് ഇതിൽ ആദ്യത്തെ ലാഗ്രാഞ്ച് പോയിന്റാണ് ഹാലോ ഓർബിറ്റ്.

ഭൂമിയിൽ നിന്നും ഏകദേശം 1.5 മില്ല്യൺ കിലോമീറ്റർ അകലെയാണ് ഈ ഹാലോ ഓർബിറ്റ് സ്ഥിതി ചെയ്യുന്നത്. 126 ദിവസങ്ങൾ സഞ്ചരിച്ചാണ് ഇസ്രോയുടെ ആദിത്യ എൽ-1 ഇവിടെ എത്തുന്നുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ജവാൻ സ്പൈസ് സെന്ററിൽ നിന്നും ഇസ്രോ ആദിത്യ എൽ-1 വിക്ഷേപിച്ചത്. ഏകദേശം അഞ്ച് വർഷത്തോളം ഈ സാറ്റ്ലൈറ്റ് ലക്ഷ്യസ്ഥാനത്ത് തന്നെ തുടരുമെന്നും ഇക്കാലയളവിൽ പഠനം നടത്തും എന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഏഴോളം പെലോഡുകളാണ് ഈ സാറ്റ്ലൈറ്റിൽ ഇസ്രോ നൽകിയിരിക്കുന്നത്. ഇവ എല്ലാം തന്നെ ഇന്ത്യയിൽ നിർമ്മിച്ചിരിക്കുന്നവയാണ് എന്നതാണ് ശ്രദ്ധേയം. നിലവിൽ ആദിത്യ എൽ-1ലെ രണ്ട് പെലോഡുകൾ ഇതിനോടകം തന്നെ തന്നെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ബാക്കി പെലോഡുകൾ അധികം വൈകാതെ തന്നെ പ്രവർത്തനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപായ SUIT, സോളാർ വിൻഡ് കണികാ പരീക്ഷണത്തിന്റെ (ASPEX) എന്നിവയാണ് പ്രവർത്തനം ആരംഭിച്ച പെലോഡുകൾ.

സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങൾ പകർത്താൻ വേണ്ടിയാണ് SUIT എന്ന പെലോഡ് ഇസ്രോ തയ്യാറാക്കിയിരിക്കുന്നത്. ഇത് പകർത്തിയ സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ ഇസ്രോ തന്നെ പുറത്ത് വിട്ടിരുന്നു. തങ്ങളുടെ ഔദ്യോഗിക എക്സ് പേജ് വഴി ആയിരുന്നു ഇസ്രോ ഈ ചിത്രങ്ങൾ പുറത്ത് വിട്ടത്. 200- 400 നാനോമീറ്റർ തരംഗ ദൈർഘ്യത്തിലാണ് SUIT ഈ ചിത്രങ്ങൾ പകർത്തിയത്.
അതേ സമയം സോളാർ വിൻഡ് അയോൺ സ്പെക്ട്രോമീറ്റർ (SWIS) എന്ന പെലോഡ് സൗരക്കാറ്റിൽ നിന്നുള്ള സിഗ്നലുകൾ തിരിച്ചറിഞ്ഞതായി കഴിഞ്ഞ ഡിസംബർ 2ന് ഇസ്രോ അറിയിച്ചിരുന്നു. സൂര്യനെക്കുറിച്ചും സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും വിശദമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രോ ഈ ദൗത്യം ആരംഭിച്ചിരിക്കുന്നത്. കണികകളുടെ ഒഴുക്ക്, കാന്തിക ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഈ പഠനത്തിലൂടെ ശേഖരിക്കാൻ സാധിക്കുന്നതായിരിക്കും. 1,750 കിലോഗ്രാം ആണ് ആദിത്യ എൽ-1ന്റെ ഭാരം.
ഇസ്രോയുടെ തന്നെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) എന്ന റോക്കറ്റാണ് ആദിത്യ എൽ-1നെ ബഹിരാകാശത്ത് എത്തിച്ചത്. വരുന്ന വർഷങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ഇസ്രോ നോക്കി കാണുന്നത്. ശ്രദ്ധേയമായ നിരവധി ദൗത്യങ്ങളാണ് വരും വർഷങ്ങളിലേക്കായി ഇസ്രോ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു സ്പേയ്സ് സ്റ്റേഷൻ നിർമ്മിക്കുക, ബഹിരാകാശ യാത്രികരെ ബഹിരാകാശത്ത് എത്തിക്കുക എന്നിവയാണ് ഇതിൽ ഏറെ ശ്രദ്ധേയമായ ദൗത്യങ്ങൾ. ഗഗൻയാൻ ദൗത്യത്തിലൂടെയായിരിക്കും ആളുകളെ ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുന്നത്.
ആദ്യ ഘട്ടത്തിൽ വയോമിത്ര എന്ന റോബോട്ടിനെ വച്ച് പരീക്ഷണം നടത്തിയതിന് ശേഷം മാത്രമെ ഈ ലക്ഷ്യത്തിനായി ബഹിരാകാശ യാത്രക്കാരെ തിരഞ്ഞെടുക്കു. അധികം വൈകാതെ തന്നെ ഈ ദൗത്യത്തിന് തുടക്കമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഇതിന് പുറമെ ഒരു ശുക്ര ദൗത്യവും ചന്ദ്രയാൻ 4ന്റെ വിപുലീകരണവും എല്ലാം ഇസ്രോ പദ്ധതിയിട്ടിട്ടുണ്ട്. ചന്ദ്രയാൻ 3ന്റെ വിജയം വലിയ ആത്മവിശ്വാസമാണ് രാജ്യത്തിനും ഇസ്രോയ്ക്കും നൽകുന്നത്.


Click it and Unblock the Notifications








