വാട്സ്ആപ്പ് പ്രൈവസി പോളിസി പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടി, താക്കീതുമായി ഐടി മന്ത്രാലയം
ഈ വർഷത്തിന്റെ തുടക്കം മുതൽ വാട്‌സ്ആപ്പ് ഇന്ത്യയിൽ വലിയ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് പുതിയ സ്വകാര്യത നയവുമായി ബന്ധപ്പെട്ടതാണ് ഈ വിവാദങ്ങൾ. മെയ് 15 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സ്വകാര്യതാ നയം അംഗീകരിക്കാൻ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പോപ്പ്-അപ്പ് നോട്ടിഫിക്കേഷനുകൾ അയയ്ക്കുന്നുണ്ട്. ഈ നയത്തിനെതിരെ പല രാജ്യങ്ങളിലെയും സർക്കാരുകൾ രംഗത്ത് എത്തിയിരുന്നു. കേന്ദ്ര ഐടി മന്ത്രാലയം ഇത് നടപ്പാക്കരുത് എന്ന് വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

ജനുവരിയിലാണ് വാട്സ്ആപ്പ് പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചത് അത് ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റയും മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ഷെയർ ചെയ്യുന്ന ഡാറ്റയും പ്രധാനമായും എടുത്തുകാണിക്കുന്നു. അന്നുമുതൽ കേന്ദ്ര സർക്കാർ ഈ പുതിയ നയത്തിന് എതിരായിരുന്നു. ഈ പുതിയ പ്രൈവസി പോളിസി പിൻവലിക്കണമെന്ന് വാട്സ്ആപ്പിന് ഐടി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇപ്പോഴിതാ പുതിയ പ്രൈവസി പോളിസി പിൻവലിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വീണ്ടും കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ മറുപടി നൽകാൻ വാട്സ്ആപ്പിന് ഏഴു ദിവസത്തെ സമയം നൽകി. പ്രൈവസി പോളിസി പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടി തന്നെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഐടി മന്ത്രാലയത്തിന്റെ പുതിയ പ്രസ്താവന.

ഐടി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞത് സ്വകാര്യതാ നയത്തിലെ മാറ്റങ്ങളും ഈ മാറ്റങ്ങൾ അവതരിപ്പിക്കുന്ന രീതിയും ഡാറ്റ സ്വകാര്യത, ഡാറ്റാ സുരക്ഷ, ഇന്ത്യൻ ഉപയോക്താക്കൾക്കുള്ള ഉപയോക്തൃ തിരഞ്ഞെടുപ്പ് എന്നിവയെ ദുർബലപ്പെടുത്തുന്നു എന്നാണ്. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾക്കും താൽപ്പര്യങ്ങൾക്കും എതിരാണ് ഇത് എന്നും ഐടി മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.

ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാനുള്ള പരമാധികാര ഉത്തരവാദിത്തം ഞങ്ങൾക്ക് ഉണ്ട് എന്നും നിയമപ്രകാരം ലഭ്യമായ വിവിധ ഓപ്ഷനുകൾ സർക്കാർ പരിഗണിക്കുമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാട്‌സ്ആപ്പ് പുതിയ നയം പിൻവലിച്ചില്ലെങ്കിൽ സർക്കാർ എന്ത് നടപടിയാണ് എടുക്കുക എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കേന്ദ്ര സർക്കാരുമായി ചർച്ചകൾ തുടരുകയാണെന്നും പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് രാജ്യത്തെ ഉപയോക്താവിന്റെ പേഴ്സണൽ മെസേജുകളുടെ സ്വകാര്യതയെ ബാധിക്കില്ലെന്നും വാട്‌സ്ആപ്പ് പറഞ്ഞു. ഈ അപ്‌ഡേറ്റ് കാരണം മെയ് 15ന് അക്കൗണ്ടുകളൊന്നും ഇല്ലാതാക്കിയിട്ടില്ലെന്നും ഇന്ത്യയിൽ ആർക്കും വാട്സ്ആപ്പിന്റെ പ്രവർത്തനം നഷ്‌ടപ്പെട്ടില്ല എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച്ചകളിലും പുതിയ പ്രൈവസി പോളിസി അംഗീകരിക്കാനുള്ള ഓർമ്മപ്പെടുത്തലുകൾ തുടരുമെന്നും വാട്സ്ആപ്പ് വക്താവ് അറിയിച്ചു.

ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ നോട്ടീസിൽ യൂറോപ്പിലുള്ളവരെ അപേക്ഷിച്ച് ഇന്ത്യൻ വാട്സ്ആപ്പ് ഉപയോക്താക്കളോട് വിവേചനപരമായ പെരുമാറ്റമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. "പല ഇന്ത്യൻ പൗരന്മാരും ദൈനംദിന ജീവിതത്തിൽ ആശയവിനിമയം നടത്താൻ വാട്സ്ആപ്പിനെ ആശ്രയിക്കുന്നു. അന്യായമായ നിബന്ധനകളും വ്യവസ്ഥകളും ഇന്ത്യൻ ഉപയോക്താക്കളിൽ അടിച്ചേൽപ്പിക്കുന്ന വാട്‌സ്ആപ്പിന്റെ നിലപാട് ശരിയല്ല. പ്രത്യേകിച്ചും യൂറോപ്പിലെ ഉപയോക്താക്കളും ഇന്ത്യൻ ഉപയോക്താക്കളും തമ്മിൽ വിവേചനത്തോടെ കാണുന്നത് തെറ്റാണ് എന്നും ഇത് നിരുത്തരവാദപരവുമാണ് എന്നും നോട്ടീസിൽ പറയുന്നു.

പ്ലാറ്റ്ഫോം എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതാണെന്നും ഒരിക്കലും വ്യക്തിഗതമായ ചാറ്റുകളോ ഉപയോക്താക്കളുടെ വിവരങ്ങളോ കാണാനോ സ്റ്റോർ ചെയ്യാനോ കഴിയില്ലെന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നയം അംഗീകരിച്ചില്ലെങ്കിൽ അക്കൌണ്ടുകൾ ഇല്ലാതാക്കില്ലെങ്കിലും നിരവധി സവിശേഷതകൾ പിൻവലിക്കുമെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചത്. നയം അംഗീകരിക്കാത്ത അക്കൗണ്ടുകൾക്ക് കോളുകൾ വിളിക്കാനോ മെസേജുകൾ അയയ്‌ക്കാനോ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications








