ഏപ്രിലിലും നേട്ടം കൊയ്ത് ജിയോ, വിഐയ്ക്ക് 18 ലക്ഷം വരിക്കാരെ നഷ്ടമായി
ഏപ്രിൽ മാസത്തിലെ ഇന്ത്യൻ ടെലിക്കോം വിപണിയുടെ കണക്കുകൾ ട്രായ് പുറത്ത് വിട്ടു. ഓരോ കമ്പനികളും തങ്ങളുടെ നെറ്റ്വർക്കിൽ കൂട്ടിച്ചേർത്ത വരിക്കാരുടെ എണ്ണം, നഷ്ടപ്പെട്ട വരിക്കാരുടെ എണ്ണം എന്നിവയെല്ലാം ഈ കണക്കിൽ നൽകിയിട്ടുണ്ട്. റിലയൻസ് ജിയോ അതിന്റെ കുതിപ്പ് തുടരുകയാണെന്ന് ട്രായ് റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്. ജിയോ 4.8 ദശലക്ഷം വയർലെസ് ഉപയോക്താക്കളെയാണ് തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തിരിക്കുന്നത്. ജിയോക്ക് തന്നെയാണ് ആക്ടീവ് അല്ലാത്ത ഉപയോക്താക്കളും കൂടുതൽ 92.5 ദശലക്ഷം ആണ് ഇത്.

ജിയോയുടെ വരിക്കാരുടെ എണ്ണത്തിന്റെ 21.63 ശതമാനവും ആക്ടീവ് അല്ലാത്ത വരിക്കാരാണ് എന്നാണ് ട്രായ് ഡാറ്റ പറയുന്നത്. ഇന്ത്യയിലെ ടെലിഫോൺ വരിക്കാരുടെ എണ്ണം മാർച്ച് അവസാനത്തോടെ 1,201.20 ദശലക്ഷം ഉണ്ടായിരുന്നതിൽ നിന്ന് ഏപ്രിൽ എത്തുമ്പോഴേക്കും 1,203.47 ദശലക്ഷമായി ഉയർന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ പ്രതിമാസ വളർച്ചാ നിരക്ക് 0.19 ശതമാനമാണ്. വോഡാഫോൺ ഐഡിയയ്ക്ക് കനത്ത തിരിച്ചടിയാണ് ഏപ്രിൽ മാസത്തിൽ ഉണ്ടായിരിക്കുന്നത്.

വിഐയ്ക്ക് ഏപ്രിൽ മാസത്തിൽ 1.8 ദശലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് വിഐയുടെ ഏറ്റവും വലിയ ഇടിവാണ് ഇത്. ബിഎസ്എൻഎല്ലിന് 1.3 ദശലക്ഷം (13,02,776) വരിക്കാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഏപ്രിലിൽ എയർടെൽ 0.5 ദശലക്ഷം ഉപയോക്താക്കളെ കൂടുതലായി ചേർത്തു. ഏറ്റവും കൂടുതൽ ആക്ടീവ് ഉപയോക്താക്കൾ ഉള്ളത് എയർടെല്ലിനാണ്. മൊത്തം വരിക്കാരിൽ 98.31 ശതമാനം ആളുകളും ആക്ടീവ് വരിക്കാരാണ്. വിഐയ്ക്ക് 89.87 ശതമാനം ഉപയോക്താക്കളും ആക്ടീവ് ആണ്.

വയർലൈൻ വിഭാഗത്തിലും ജിയോ പരമാവധി കണക്ഷനുകൾ ചേർത്തിട്ടുണ്ട്. 194,800 പുതിയ കണക്ഷനുകളാണ് ജിയോ നൽകിയിട്ടുള്ളത്. എയർടെൽ 59,305 വരിക്കാരെ പുതുതായി ചേർച്ചു. മൊത്തം വയർലൈൻ വരിക്കാർ 2021 മാർച്ച് അവസാനം 20.24 ദശലക്ഷമായിരുന്നു. ഏപ്രിൽ അവസാനത്തോടെ ഇത് 20.36 ദശലക്ഷമായി ഉയർന്നു. വയർലൈൻ വരിക്കാരുടെ എണ്ണത്തിൽ 0.12 ദശലക്ഷത്തിന്റെ വർധനവാണ് ഉണ്ടായിരക്കുന്നത്. പ്രതിമാസ വളർച്ചാ നിരക്ക് 0.60 ശതമാനമാണ്. ഏറ്റവും കൂടുതൽ പുതിയ വയർലെസ് വരിക്കാർ ആസാമിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്.

മുംബൈയിൽ വയർലെസ് വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും വലിയ ഇടിവ് ഉണ്ടായി. ഏപ്രിലിൽ 9.67 ദശലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി അഭ്യർത്ഥനകൾ സമർപ്പിച്ചുവെന്നും ട്രായ് പുറത്ത് വിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. ടെലികോം കമ്പനികളുടെ വിപണി വിഹിതം പരിശോധിച്ചാൽ, വയർലെസ് വിഭാഗത്തിൽ ജിയോയുടെ വിപണി വിഹിതം 36.15 ശതമാനമായി ഉയർന്നു. എയർടെല്ലിന് 29.83 ശതമാനവും വിഐക്ക് 23.83 ശതമാനവും വിപണി വിഹിതമാണ് ഉള്ളത്.

പൊതുമേഖലാ ടെലിക്കോം കമ്പനികളായ ബിഎസ്‌എൻഎൽ എംടിഎൻഎൽ എന്നിവയുടെ മൊത്തം വിപണി വിഹിതം 10.20 ശതമാനം മാത്രമാണ്. ഏപ്രിൽ 30 വരെയുള്ള കണക്കുകൾ പ്രകാരം സ്വകാര്യ കമ്പനികൾക്ക് മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിന്റെ 89.80 ശതമാനവും ഉണ്ട്. ബിഎസ്എൻഎൽ 4ജി ലഭ്യമാക്കാത്തതും മറ്റും കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട് എന്നാണ് സൂചനകൾ.


Click it and Unblock the Notifications








