എയർടെൽ, ജിയോ, വിഐ എന്നിവയുടെ ദിവസവും 2ജിബി ഡാറ്റ നൽകുന്ന വില കുറഞ്ഞ പ്ലാനുകൾ
ടെലികോം കമ്പനികളായ എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വിഐ എന്നിവ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന നിരവധി പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനുകളിലൂടെ ലഭിക്കും. ദിവസവും ഒരു ജിബി ഡാറ്റ എന്നത് ആർക്കും തികയാത്ത കാലമാണ് ഇത്. ഓൺലൈൻ ഗെയിമിങ്, സ്ട്രീമിങ് തുടങ്ങിയ വിനോദ ആവശ്യങ്ങൾക്കോ വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കോ നമ്മൾ മൊബൈൽ ഡാറ്റ ഉപയോഗിക്കാറുണ്ട്.

ആവശ്യങ്ങൾ വർധിക്കുന്നതിനൊപ്പം ലഭിക്കുന്ന ഡാറ്റ തികയാതെ വരുന്ന സന്ദർഭം ഉണ്ടാകാറുണ്ട്. ദിവസവും 3 ജിബി ഡാറ്റ വരെ നൽകുന്ന പ്ലാനുകൾ കമ്പനികൾ നൽകുന്നുണ്ട് എങ്കിലും ഏറെ ആളുകളും തിരഞ്ഞെടുക്കുന്ന പ്ലാനുകൾ ദിവസവും 2ജിബി ഡാറ്റ നൽകുന്നവയാണ്. ഇവ മിക്ക ആളുകളുടെയും ഡാറ്റ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതും എന്നാൽ 3ജിബി പ്ലാനുകളെക്കാൾ വില കുറഞ്ഞവയുമാണ്. ഇതിൽ തന്നെ പല വാലിഡിറ്റി കാലയളവുകളിൽ പ്ലാനുകൾ ലഭ്യമാണ്. ഏറ്റവും വില കുറഞ്ഞ പ്ലാനുകൾ 28 ദിവസം വാലിഡിറ്റിയുള്ളവയാണ് എന്നതിനാൽ ഇത്തരം പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

എയർടെൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 298 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ആകർഷകമായ അധിക ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്. എയർടെൽ എക്സ് സ്ട്രീം സബ്സ്ക്രിപ്ഷൻ, വിങ്ക് മ്യൂസിക്ക് ആക്സസ്, സൗജന്യ ഓൺലൈൻ കോഴ്സുകളിലേക്ക് ആക്സസ്, ഫാസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ്ബാക്ക് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

എയർടെൽ 298 രൂപ പ്ലാൻ മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത ഒരു ആനുകൂല്യം കൂടി നൽകുന്നുണ്ട്. ഇത് ലൈഫ് ഇൻഷൂറൻസ് പരിരക്ഷയാണ്. ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിലേക്കാണ് പ്ലാൻ ആക്സസ് നൽകുന്നത്. എയർടെൽ താങ്ക്സ് ആപ്പിൽ നിന്ന് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ പ്രീപെയ്ഡ് പ്ലാനിൽ 50 രൂപ കിഴിവ് ലഭിക്കും. 2 ജിബി അധിക ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. അതായത് ഈ പ്ലാൻ നിങ്ങൾക്ക് 248 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ജിയോ 249 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ആഭ്യന്തര കോളുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ ജിയോ ആപ്പുകളുടെ സൗജന്യ സബ്സ്ക്രിപ്ഷൻ അധിക ആനുകൂല്യമായി നൽകുന്നു. ദിവസവും 100 സൗജന്യ എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും.

വിഐ 299 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വീക്കെൻഡ് റോൾഓവർ ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ്. ഡബിൾ ഡാറ്റ ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. അതുകൊണ്ട് തന്നെ ദിവസവും 2ജിബി ഡാറ്റയ്ക്കൊപ്പം 2ജിബി ഡാറ്റ അധികമായി ലഭിക്കും. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാതെയുള്ള ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാനുള്ള സംവിധാനവും ഈ പ്ലാനിൽ ഉണ്ട്.

ഈ പ്ലാൻ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്നു. വിഐ മൂവീസ്, ടിവി ആക്‌സസ് എന്നിവയും പ്ലാനിലൂടെ ലഭിക്കുന്നു. കൂടാതെ സൊമാറ്റോയിൽ നിന്നുള്ള ഭക്ഷണ ഓർഡറുകൾക്ക് ദിവസവും 75 രൂപ കിഴിവ് ലഭിക്കും. എംപിഎല്ലിൽ 125 രൂപ ബോണസ് ക്യാഷും ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കും.


Click it and Unblock the Notifications








