റിലയൻസ് ജിയോ 5 ജിബി എമർജൻസി ഡാറ്റ നൽകുന്നു
റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി 'എമർജൻസി ഡാറ്റ' നൽകുന്നു. റീചാർജ് ചെയ്യാൻ പണമില്ലാതെയോ മറ്റെന്തെങ്കിലും രീതിയിലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് ജിയോയുടെ ഈ നീക്കം. ഓരോ ഉപയോക്താവിനും പരമാവധി 5 ജിബി ഡാറ്റയാണ് ജിയോ എമർജൻസി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ പൂർണ്ണമായും സൌജന്യമല്ല. ഇതൊരു വായ്പ പോലെയാണ് നൽകുന്നത്. റീചാർജ് ചെയ്യാൻ പല ഉപയോക്താക്കളും ബുദ്ധിമുട്ടുന്ന സന്ദർഭത്തിലാണ് ജിയോയുടെ ഈ നീക്കം.

ലോക്ക്ഡൌൺ കാരണം തൊഴിൽ ഇല്ലാത്തതും മറ്റുമായ ആളുകൾക്കാണ് ജിയോ ഡാറ്റ നൽകുന്നത്. ഇതിലൂടെ 5 ജിബി ഡാറ്റ കമ്പനി ഒരുമിച്ച് നൽകില്ല. പകരം ഓരോ ജിബി വീതമാണ് നൽകുന്നത്. കമ്പനിയുടെ ഡാറ്റ കൂപ്പണായ 11 രൂപയുടെ 1 ജിബി ഡാറ്റ പായ്ക്ക് വായ്പയായി എടുത്ത് പിന്നീട് പണം നൽകിയാൽ മതിയാകും. എല്ലാ ഉപയോക്താവിനും കമ്പനിയിൽ നിന്ന് പരമാവധി 5 ജിബി ഡാറ്റ വായ്പയായി എടുക്കാം. ഇതിലൂടെ പരമാവധി 55 രൂപയുടെ പ്ലാനുകളാണ് ജിയോ നൽകുന്നത്.

ജിയോയുടെ പുതിയ എമർജൻസി ഡാറ്റ ഓഫറിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. ഇതിൽ ആദ്യത്തേത് എമർജൻസി ഡാറ്റ ലഭിക്കേണ്ട ആളിന് ഒരു ആക്ടീവ് പായ്ക്ക് ഉണ്ടായിരിക്കണം. ഇത് കൂടാതെ കമ്പനിയിൽ നിന്ന് വായ്പയായി എടുത്ത ഡാറ്റ ഉപയോക്താവിന്റെ ബേസ് പായ്ക്കിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ മാത്രമേ ലഭിക്കുകയുള്ളു. ഈ വാലിഡിറ്റി അവസാനിക്കുന്നതോടെ എമർജൻസി ഡാറ്റയുടെ കാലാവധിയും അവസാനിക്കും. അതുകൊണ്ട് തന്നെ കൂടുതൽ ദിവസം ഉപയോഗിക്കാൻ പദ്ധിയിട്ടാണ് ഈ ഓഫർ തിരഞ്ഞെടുക്കുന്നത് എങ്കിൽ ബേസ് പ്ലാനിന്റെ വാലിഡിറ്റി കൂടി പരിശോധിക്കണം.

1 ജിബി ഡാറ്റയ്ക്ക് 11 രൂപ മാത്രമേ വിലയുള്ളൂവെങ്കിലും നമ്മുടെ രാജ്യത്തെ ചില ആളുകളിൽ പലർക്കും ഈ തുക വലുതാണ്. ആളുകൾ ജോലിയില്ലാതെ കഷ്ടപ്പെടുന്ന സംഭവം ഒറ്റപ്പെട്ടതല്ല. അതുകൊണ്ട് തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഈ ഡാറ്റ ഏറെ ഉപയോഗപ്രദമാകുമെന്ന് ഉറപ്പാണ്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം റീചാർജ് ചെയ്യാൻ കഴിയാത്തതും എന്നാൽ ഡാറ്റയുടെ ആവശ്യം ഉള്ളതുമായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സഹായിക്കാൻ റിലയൻസ് ജിയോയുടെ ഈ പുതിയ ഓഫറിന് സാധിക്കും.

വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയുൾപ്പെടെ മറ്റ് കമ്പനികൾക്കും തിരഞ്ഞെടുക്കാവുന്ന ഒരു മാതൃകയാണ് ജിയോയുടെ ഈ പുതിയ എമർജൻസി ഡാറ്റ. ജിയോ അടുത്തിടെ അഞ്ച് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. വാലിഡിറ്റി കാലയളവ് ഒരുമാസം എന്നത് 28 ദിവസം എന്ന് കണക്ക് കൂട്ടുന്നതിന് പകരം 30 ദിവസമാക്കി കൂട്ടി ദിവസേനയുള്ള നിയന്ത്രണങ്ങൾ ഇല്ലാതെ ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാൻ ആയിരുന്നു ഇവ. നിശ്ചിത ഡാറ്റ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതിന് പിന്നാലെ എയർടെൽ, വിഐ എന്നിവയും സമാന പ്ലാനുകൾ അവതരിപ്പിച്ചിരുന്നു.

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഇന്ന് കാണുന്ന പ്ലാനുകളുടെയും ആനുകൂല്യങ്ങളുടെയും തുടക്കം ജിയോയിൽ നിന്ന് ആണ്. കുറഞ്ഞ വിലയിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകികൊണ്ടാണ് ജിയോ ഇന്ത്യൻ ടെലിക്കോം വിപണിയുടെ തലവര മാറ്റിയത്. പുതിയ എമർജൻസി ഡാറ്റ ഓഫർ ബിസിനസ് എന്നതിനപ്പുറം ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യം കൂടി വച്ചാണ് വരുന്നത്.


Click it and Unblock the Notifications








