ഡൌൺലോഡ് വേഗതയുടെ കാര്യത്തിൽ ജിയോ തന്നെ മുന്നിൽ, അപ്ലോഡിൽ വിഐ
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്ത് വിട്ട ഏപ്രിൽ മാസത്തിലെ ഇന്റർനെറ്റ് വേഗതയുടെ പട്ടികയിൽ റിലയൻസ് ജിയോ ഒന്നാം സ്ഥാനത്ത്. ഡൌൺലോഡ് വേഗതയുടെ കാര്യത്തിലാണ് ജിയോ മറ്റ് ടെലിക്കോം കമ്പനികളെ പിന്നിലാക്കിയിരിക്കുന്നത്. അപ്ലോഡ് വേഗതയുടെ കാര്യത്തിൽ വോഡഫോൺ ഐഡിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. ജിയോ വിപണി വിഹിതത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തുള്ള ടെലിക്കോം കമ്പനിയാണ്. വിഐ വിപണി വിഹിതത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തിലാണ്.

മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്ന വേഗതയുമായി താരതമ്യപ്പെടുത്തുമ്പോൾ ജിയോ ഉപയോക്താക്കൾക്ക് വലിയ മാർജിനിലുള്ള വേഗതയിൽ നെറ്റ്‌വർക്ക് നൽകാൻ സാധിച്ചിട്ടുണ്ട്. വോഡഫോൺ, ഐഡിയ എന്നിവ ലയിച്ച് വിഐ ആയി മാറിയിട്ടുണ്ടെങ്കിലും ട്രായ് റിപ്പോർട്ട് ഇപ്പോഴും വോഡാഫോൺ, ഐഡിയ എന്നിവ പ്രത്യേകമായിട്ടാണ് കണക്കാകുന്നത്. പിടിഐ റിപ്പോർട്ട് അനുസരിച്ച്, ഏപ്രിലിൽ ജിയോ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് നൽകിയ അതിന് പിന്നിൽ വോഡഫോൺ, ഐഡിയ എന്നിവയും പിന്നിൽ ഭാരതി എയർടെല്ലുമാണ്.

വോഡഫോൺ ഐഡിയ, ജിയോ, എയർടെൽ എന്നിവയുടെ ഡൌൺ ലോഡ് വേഗത പരിശോധിച്ചാൽ, 20.1 എംബിപിഎസ് ആണ് റിലയൻസ് ജിയോ നൽകുന്ന വേഗത. 7 എംബിപിഎസ് വേഗതയുമായി വോഡഫോൺ രണ്ടാം സ്ഥാനത്തും 5.8 എംബിപിഎസ് വേഗതയുമായി ഐഡിയ മൂന്നാം സ്ഥാനത്തുമാണ്. 5 എംബിപിഎസ് വേഗതയുള്ള എയർടെല്ലാണ് സ്വകാര്യ ടെലിക്കം കമ്പനികളിൽ ഏറ്റവും പിറകിൽ. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ) നൽകുന്ന വേഗതയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.

അപ്‌ലോഡിംഗ് വേഗതയുടെ കാര്യത്തിൽ വോഡഫോൺ മറ്റ് ഓപ്പറേറ്റർമാരെക്കാൾ വളരെ മുന്നിലാണ്. ഇതിന് പിന്നിലായി ഐഡിയയും ജിയോയും ഉണ്ട്. എയർടെൽ ഈ പട്ടികയിലും പിന്നിലാണ്. വോഡഫോൺ ഉപയോക്താക്കൾക്ക് അപ്‌ലോഡ് വേഗത 6.7 എംബിപിഎസും ഐഡിയ ഉപയോക്താക്കൾക്ക് 6.1 എംബിപിഎസ് ആണ് ലഭിച്ചത്. ഇവ തമ്മിൽ വലിയ വ്യത്യാസമില്ല. റിലയൻസ് ജിയോ 4.2 എംബിപിഎസ് അപ്‌ലോഡ് വേഗതയാണ് നൽകുന്നത്. എയർടെൽ 5 എംബിപിഎസ് വേഗതയാണ് നൽകിയത്.

ഡൌൺലോഡുചെയ്യുന്നതിനും അപ്‌ലോഡുചെയ്യുന്നതിനുമുള്ള വേഗത ഉപയോക്താവിൻറെ മൊത്തത്തിലുള്ള ഇൻറർനെറ്റ് അനുഭവത്തിൽ വ്യത്യസ്ത പങ്കു വഹിക്കുന്നു. വോഡഫോൺ ഐഡിയയുടെ ശൃംഖല ഓക്ല റിപ്പോർട്ട് അനുസരിച്ച് ഏറ്റവും വേഗതയേറിയ നെറ്റ്വർക്കാണ്. ട്രായ് റിപ്പോർട്ടുകൾ ജിയോയ്ക്ക് ലഭിച്ചിരിക്കുന്ന അധിക സ്പെക്ട്രത്തിന്റെ നേട്ടമാണ് സൂചിപ്പിക്കുന്നത്. ജിയോ ഉപയോക്താക്കൾക്ക് വേഗത്തിൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും അപ്ലോഡ് വേഗത കുറവാണ് എന്നത് ശ്രദ്ധേയമാണ്.

ഗുണനിലവാരമുള്ള നെറ്റ്‌വർക്കിന് പ്രശംസ നേടിയ ഭാരതി എയർടെൽ ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ ഡൗൺലോഡ്, അപ്‌ലോഡ് വേഗത നൽകുന്നുവെന്നത് വിചിത്രമാണ്. കടുത്ത മത്സരം നടക്കുന്ന ടെലിക്കോം വിപണിയിൽ ഈ കമ്പനികൾ തങ്ങളുടെ നെറ്റ്വർക്കുകൾ നവീകരിക്കുകയും ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകാൻ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. 5ജിക്കായുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന ടെലിക്കോം കമ്പനികൾ തങ്ങളുടെ 4ജി ശൃങ്കല ശക്തമാക്കേണ്ടതുണ്ട് എന്ന സൂചനയാണ് ട്രായ് പുറത്ത് വിട്ട റിപ്പോർട്ടിൽ നിന്നും ലഭിക്കുന്നത്.


Click it and Unblock the Notifications








