കേരളത്തിൽ ജിയോ 4ജി വേഗത വർധിപ്പിക്കുന്നു, ടവറുകളുടെ എണ്ണവും കൂടും
ഇന്ത്യയുടെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ കേരളത്തിൽ 4ജി വിപുലീകരിക്കുന്നു. ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി സേവനങ്ങൾ നൽകുന്നതിനായാണ് ഈ നീക്കം. ഈ വർഷം സംസ്ഥാനത്ത് 4ജി പവർ 15 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ ടയർ -2 നഗരങ്ങളിലും ഗ്രാമങ്ങളിലും 4ജി സേവനങ്ങളുടെ ആവശ്യം വൻതോതിൽ ഉയർന്നിട്ടുണ്ട്. 12,000ൽ അധികം 4ജി നെറ്റ്‌വർക്ക് സൈറ്റുകളുള്ള കേരളത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്കാണ് ജിയോയുടേത്.

കേരളത്തിൽ ഒരു കോടിയിലധികം ജിയോ ഉപയോക്താക്കളുണ്ടെന്നും അതുകൊണ്ട് തന്നെ മികച്ച സേവനം ലഭ്യമാക്കുന്നതിനായി കൂടുതൽ ടവറുകൾ സ്ഥാപിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മികച്ച കണക്റ്റിവിറ്റിയുടെ ആവശ്യവും ഉപയോക്താക്കളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ കൂടുതൽ മികച്ച 4ജി നെറ്റ്വർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ 4ജി നെറ്റ്വർക്ക് 15 ശതമാനം വിപുലീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ധാരാളം അളുകൾ വീടുകളിലിരുന്ന് ജോലി ചെയ്യുന്ന കാലത്ത് കൂടുതൽ മികച്ച നെറ്റ്വർക്ക് ആവശ്യമാണ്. മികച്ച ഫൈബർ നെറ്റ്വർക്കുകൾ ലഭ്യമല്ലാത്ത കേരളത്തിലെ സ്ഥലങ്ങളിലെല്ലാം ജിയോഫൈയും മൊബൈൽ നെറ്റ്വർക്കും ഉപയോഗിച്ച് ജോലി ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരത്തിൽ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതിനാൽ തന്നെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഇന്റർനെറ്റ് സ്പീഡിൽ പ്രശ്നങ്ങൾ ഇല്ലാതെ നോക്കാനാണ് ജിയോ ശ്രമിക്കുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് 2020 ഏപ്രിൽ മുതൽ ഡാറ്റാ ഉപഭോഗം 35% വർദ്ധിച്ചിട്ടുണ്ട്. ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് കുറവാണ്. ജോലി ചെയ്യുന്നതിന് പുറമേ ആളുകൾ വിനോദത്തിനായി ഓവർ-ദി-ടോപ്പ് (OTT) കണ്ടന്റുകൾ സ്ട്രീം ചെയ്യാനും ഓൺലൈൻ ഗെയിമുകൾ കളിക്കാനുമായി മൊബൈൽ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നു. ഇതിനായി കുറഞ്ഞ ലേറ്റൻസി ഉള്ള മികച്ച 4ജി നെറ്റ്‌വർക്ക് ആവശ്യമാണ്.

കേരളത്തിലെ കണക്റ്റിവിറ്റി വ്യാപ്തി വർധിപ്പിക്കുന്നതിനായി ജിയോ ഇതിനകം തന്നെ 30 ഓളം ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം കാരണം ലോക്ക്ഡൌൺ പ്രഖ്യാപിച്ച സമയത്ത് ആളുകളെ കണക്ട് ചെയ്യുന്നതിനും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും സഹായമാകാനും ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ വർഷം നെറ്റ്വർക്കുകൾ അപ്ഗ്രേഡ് ചെയ്താൽ കേരളത്തിലെ ജിയോ ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച 4ജി സേവനങ്ങൾ ലഭിക്കും.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന കേരളത്തിലെ ആളുകൾക്ക് ആശ്രയിക്കാൻ സാധിക്കുന്ന മികച്ച ഫൈബർ ബ്രോഡ്ബാന്റ് സേവങ്ങൾ കുറവാണ്. പ്രധാന നഗരങ്ങളിൽ ഇത്തരം സേവനങ്ങൾ ഉണ്ടെങ്കിലും ഗ്രാമങ്ങളിലും മറ്റും ബ്രോഡ്ബാന്റ് സേവനങ്ങൾ ശക്തമല്ല. ഈ അവസരത്തിൽ ജിയോ തങ്ങളുടെ 4ജി നെറ്റ്വർക്ക് പരിഷ്കരിക്കുന്നത് ആളുകൾക്ക് ഏറെ സഹായം ചെയ്യും. കൂടുതൽ വേഗതയിലും സ്ഥിരതയിലും 4ജി ഡാറ്റ ഉപയോഗിക്കാൻ സാധിച്ചാൽ തന്നെ സ്ട്രീമിങ്, ഗെയിമിങ്, വർക്ക് ഫ്രം ഹോം എന്നിവയെല്ലാം തടസമില്ലാതെ നടക്കും.


Click it and Unblock the Notifications